വിമാനത്താവളം കേന്ദ്രീകരിച്ച് ലഹരിക്കടത്ത്: 3 പേർ പിടിയിൽ
Mail This Article
കരിപ്പൂർ ∙ വിമാനത്താവളം കേന്ദ്രീകരിച്ചു വിദേശത്തേക്കു ലഹരിവസ്തുക്കൾ കടത്തുന്ന രാജ്യാന്തര സംഘത്തിലെ 3 പേർ കരിപ്പൂരിൽ പിടിയിൽ. ഇവരിൽനിന്നു 45 ലക്ഷം രൂപയുടെ ‘തായ് ഗോൾഡ്’ എന്നറിയപ്പെടുന്ന ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തു.കണ്ണൂർ സ്വദേശികളായ പിണറായി മുല്ലപറമ്പത്ത് ചാലിൽ വീട്ടിൽ റമീസ് (27), കണ്ണപുരം അഞ്ചാംപീടിക കോമത്ത് വീട്ടിൽ റിയാസ് (25), വയനാട് അമ്പലവയൽ ആയിരം കൊല്ലി സ്വദേശി പുത്തൻപുരക്കൽ ഡെന്നി (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ വിമാനത്താവള പരിസരത്തെ ലോഡ്ജിൽനിന്നാണു കണ്ണൂർ സ്വദേശികളായ 2 പേർ പിടിയിലായത്. ഇവർ ട്രോളി ബാഗിൽ കഞ്ചാവ് നിറയ്ക്കുന്നതിനിടെയായിരുന്നു പരിശോധന. ഇവരെ ചോദ്യം ചെയ്തതിനെത്തുടർന്നാണു വയനാട് സ്വദേശിയുടെ പങ്ക് വ്യക്തമായത്. തുടർന്നു ഡെന്നിയെ വയനാട്ടിലെ വീട്ടിൽനിന്നാണു പിടികൂടിയത്. 4.8 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽനിന്നു പിടികൂടിയതെന്നു പൊലീസ് അറിയിച്ചു. വീര്യവും വിലയും കൂടിയ വിദേശ ഇനമാണ് ‘തായ് ഗോൾഡ്’.
തായ്‌ലൻഡിൽനിന്ന് ഇവിടെ എത്തിക്കുന്ന കഞ്ചാവ് പിന്നീട് കാരിയർമാർ മുഖേന വിദേശത്തേക്കു കടത്തുന്ന സംഘത്തിലെ കണ്ണികളാണു പിടിയിലായവർ എന്നു പൊലീസ് പറഞ്ഞു.ജില്ലാ പൊലീസ് മേധാവി എസ്.ശശിധരനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു അന്വേഷണം. കൊണ്ടോട്ടി ഡിവൈഎസ്പി എ.എം.സിദ്ദീഖ്, കരിപ്പൂർ ഇൻസ്പെക്ടർ എസ്.രജീഷ് തുടങ്ങിയവരും ഡാൻസാഫ് അംഗങ്ങളും കരിപ്പൂർ പൊലീസും ചേർന്നാണു പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.