കായികരംഗത്തേക്ക് വിദ്യാർഥികൾ കടക്കുന്നത് ഗ്രേസ് മാർക്കിനു വേണ്ടിയല്ല: വിസി
Mail This Article
തേഞ്ഞിപ്പലം ∙ ഗ്രേസ് മാർക്കിൽ താൽപര്യം കാണിച്ചല്ല പല വിദ്യാർഥികളും കായികരംഗത്തേക്ക് ആകൃഷ്ടരാകുന്നതെന്നു കാലിക്കറ്റ് സർവകലാശാലാ വിസി ഡോ. എം.കെ. ജയരാജ്. കാലിക്കറ്റ് വിദ്യാർഥിയായിരിക്കെ ഒളിംപിക്‌സിൽ പങ്കെടുത്ത ശ്രീശങ്കറെ പിന്നീടു കണ്ടപ്പോൾ ഗ്രേസ് മാർക്ക് വേണ്ടെന്നാണ് അറിയിച്ചതെന്നും ആ താരത്തിനു കണക്കിൽ 95% മാർക്ക് ഉണ്ടെന്നും ജില്ലാ ഒളിംപിക് വാരാചരണത്തിനു തുടക്കം കുറിച്ചു സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യവെ വിസി പറഞ്ഞു. രാജ്യങ്ങൾ തമ്മിലും വംശീയമായുമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഒളിംപിക്സ് വലിയൊരളവിൽ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറവും ഒളിംപിക്സും എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ കായികവിഭാഗവും ജില്ലാ ഒളിംപിക്സ് അസോസിയേഷനും ചേർന്നാണു ജില്ലാതല സെമിനാർ നടത്തിയത്. ഒളിംപ്യൻ കെ.ടി.ഇർഫാൻ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് യു.തിലകൻ, പി. ഋഷികേശ് കുമാർ, സിൻഡിക്കറ്റ് അംഗം ഡോ.കാവുമ്പായി ബാലകൃഷ്ണൻ, കായിക ഡയറക്ടർ ഡോ.കെ.പി. മനോജ്, കായികപഠന വകുപ്പ് മേധാവി ഡോ. രാജു, ഡോ.ടി.എം. സുധീർ, കാലിക്കറ്റ് കായികവിഭാഗം മേധാവി ഡോ.വി.പി.സക്കീർ ഹുസൈൻ, മാധ്യമപ്രവർത്തകൻ കമാൽ വരദൂർ, ഡോ.പി. മുഹമ്മദലി പള്ളിയാളി, സജാദ് എന്നിവർ പ്രസംഗിച്ചു. കോളജ് വിദ്യാർഥികൾക്കായി സ്പോർട്സ് ക്വിസ് മത്സരവും ഉണ്ടായിരുന്നു. രാജ്യാന്തര ഒളിംപിക് ദിനമായ 23ന് മലപ്പുറത്ത് ഒളിംപിക് റൺ, കായിക പ്രദർശനം എന്നിവയും നടത്തും.
‘ഭ്രാന്തനിൽ’നിന്ന് ഒളിംപ്യനിലേക്ക്:കെ.ടി.ഇർഫാൻ നടന്ന വഴികൾ
ഒളിംപ്യൻ എന്ന വിശേഷണത്തിന്റെ പവർ വളരെ വലുതെന്ന് ഒളിംപ്യൻ കെ.ടി. ഇർഫാൻ. ‘2012 മാർച്ചിനു മുൻപും കെ.ടി.ഇർഫാൻ ഇവിടെ ജീവിച്ചിരുന്നു. അന്ന് പലരും അറിയാത്ത ഒരാളായിരുന്നു. 2012 മാർച്ചിൽ ഒളിംപിക്സ് യോഗ്യതാ മാർക്ക് മറികടന്നു നാട്ടിൽ തിരിച്ചെത്തിയ ശേഷമാണു കെ.ടി. ഇർഫാൻ എന്ന പേര് പലരും ഉച്ചരിച്ചുതുടങ്ങിയത്.
പേരിനു മുന്നിലെ ഒളിംപ്യൻ എന്ന വിശേഷണത്തിന്റെ പവറാണത്. നടന്നുതുടങ്ങിയ സമയത്ത്, സ്കൂൾ കാലത്തു കളിയാക്കിയ പലരുണ്ടായിരുന്നു. ഇവനെന്താ ഭ്രാന്തുണ്ടോയെന്നു ചോദിച്ചവർ പോലുമുണ്ട്. പ്രത്യേക നടത്തമാണ്. ആളുകൾക്കു പലതും തോന്നാം. അത്തരം നെഗറ്റീവ് വശങ്ങൾ പോസിറ്റിവായി കണക്കിലെടുത്തു പരിശീലനം നടത്തിയാണ് ഒളിംപിക്സ് വരെയെത്തിയത്’.
2007– 2010 കാലത്തു താൻ കാലിക്കറ്റിനു കീഴിലുള്ള കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ ബിഎ ഇക്കണോമിക്സ് വിദ്യാർഥിയായിരുന്നു. ജോലി ലഭിച്ചതിനാൽ മൂന്നാം വർഷ പരീക്ഷ എഴുതാനായില്ല. 2012ൽ അന്നത്തെ വിസി എപ്പോൾ വേണമെങ്കിലും പരീക്ഷ എഴുതാൻ സൗകര്യം ചെയ്യാമെന്നും പഠനകാലത്ത് അർഹതപ്പെട്ട ഗ്രേസ് മാർക്ക് അനുവദിക്കാമെന്നും അറിയിച്ചിരുന്നു. എപ്പോഴെങ്കിലും ഫൈനൽ പരീക്ഷ താൻ എഴുതിയെടുക്കുമെന്നും ഇർഫാൻ പറഞ്ഞു.