ADVERTISEMENT

ഒളമതിൽ (മഞ്ചേരി)∙ മൂന്നാറിലേക്ക് കുടുംബങ്ങളൊന്നിച്ച് നടത്തിയ പെരുന്നാൾ യാത്രയുടെ സന്തോഷം വഴിമാറിയത് തീരാസങ്കടത്തിന്റെ ദുരന്തവാർത്തയിലേക്ക്. മേൽമുറിയിൽ ഓട്ടോയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികളും മകളും മരണത്തിലേക്ക് യാത്രയായത് ഉല്ലാസയാത്ര കഴിഞ്ഞെത്തി 4 മണിക്കൂറിനകം. പെരുന്നാൾ പിറ്റേന്ന് രാത്രി സാജിദയുടെ നാടായ കുമ്മിണിപ്പറമ്പിൽനിന്ന് അവരുടെ ബന്ധുക്കൾക്കൊപ്പമാണ് കുടുംബം മൂന്നാറിലേക്കു പോയത്. ഇന്നലെ പരീക്ഷയുണ്ടായിരുന്നതിനാൽ മൂത്ത മകൾ ഫഹ്മിദ വല്യുമ്മയ്ക്കൊപ്പം ഒളമതിലിലെ വീട്ടിലായിരുന്നു. മറ്റു 3 മക്കളുമുണ്ടായിരുന്നു.

ബുധനാഴ്ച രാത്രി തിരിച്ചെത്തേണ്ടതായിരുന്നെങ്കിലും ഇവർ സഞ്ചരിച്ച വാൻ കേടായതിനെത്തുടർന്ന് യാത്ര ഏറെ വൈകി. പിന്നീട് മറ്റൊരു വാഹനത്തിൽ ഇന്നലെ രാവിലെ 8.30ന് ആണ് സംഘം തിരിച്ചെത്തിയതെന്ന് ബന്ധു കൂടിയായ ജില്ലാ പഞ്ചായത്തംഗം കെ.സലീന പറഞ്ഞു. കുമ്മിണിപ്പറമ്പിലെ വീട്ടിൽനിന്ന് പ്രാതൽ കഴിച്ച ശേഷമാണ് സ്വന്തം ഓട്ടോയിൽ തന്നെ അഷ്റഫും കുടുംബവും മടങ്ങിയത്. ബന്ധുക്കളായ മറ്റു 2 കുട്ടികളെ മുസല്യാരങ്ങാടിയിലെ വീട്ടിലാക്കിയ ശേഷമാണ് ഒളമതിലിലെത്തിയത്. ഫിദയുടെ അഡ്മിഷൻ ശരിയാക്കേണ്ടിയിരുന്നതിനാലാണ് വേഗം തിരിച്ചുപോന്നത്. നാലാം ക്ലാസിൽ പഠിക്കുന്ന മകൾ ഫൈഹയെയും യുകെജി വിദ്യാർഥിയായ മകൻ അഷ്ഫഖിനെയും വീട്ടിലാക്കി.



അപകടത്തിൽ മരിച്ച മുഹമ്മദ് അഷ്റഫ്, ഭാര്യ സാജിദ, മകൾ ഫിദ.
അപകടത്തിൽ മരിച്ച മുഹമ്മദ് അഷ്റഫ്, ഭാര്യ സാജിദ, മകൾ ഫിദ.

തുടർന്ന് ഒളമതിലിലെ അക്ഷയ കേന്ദ്രത്തിൽനിന്ന് അലോട്മെന്റ് സ്ലിപ് പ്രിന്റെടുത്ത ശേഷമാണ് അഷ്റഫും സാജിദയും ഫിദയും മലപ്പുറത്തേക്കു തിരിച്ചത്. ഉല്ലാസയാത്രയുടെയും പ്ലസ് വൺ അഡ്മിഷൻ നേടിയതിന്റെയും സന്തോഷവുമായി തങ്ങളുടെ സ്വന്തം ഓട്ടോയിൽ നടത്തിയ ആ യാത്രയാണ് കണ്ണീരിലൊടുങ്ങിയത്. 

കണ്ണീർക്കാഴ്ചയായി കുഞ്ഞ് അഷ്ഫഖ്
∙ മുറ്റത്ത് പന്തലുകെട്ടി വീടിനകത്തും പുറത്തും നിറയെ ആളുകൾ. അവരെ കാണാനായി വീടിനകത്തുനിന്ന് അഷ്ഫഖ് മുൻവാതിൽക്കലേക്ക് ഓടിവന്നു. കാലു പൊക്കി മുന്നോട്ടും പിന്നോട്ടും ആഞ്ഞു. പിന്നാലെ പെട്ടെന്ന് തിരിച്ചോടി വീണ്ടും കളികളിലേർപ്പെട്ടപ്പോൾ കണ്ടുനിൽക്കുന്നവരുടെയെല്ലാം ഉള്ളു പൊള്ളി.

ഒളമതിലിലെ അക്കരമ്മൽ വീട്ടിലെ ഇളയ മകനായ അഷ്ഫഖിനറിയുമായിരുന്നില്ല, രാവിലെ തന്നെ വീട്ടിലാക്കി പോയ പ്രിയപ്പെട്ട ഉപ്പയും ഉമ്മയും ഫിദ താത്തയും ഇനിയൊരിക്കലും തന്നെ കളിപ്പിക്കാനെത്തില്ലെന്ന്. നാലാം ക്ലാസുകാരി ഫൈഹയും എന്താണ് സംഭവിച്ചതെന്നറിയാതെ കുടുംബക്കാർക്കൊപ്പമുണ്ടായിരുന്നു. എന്നാൽ, അനിയത്തിയുടെ മരണവിവരം മാത്രമറിഞ്ഞ ഫഹ്മിദ അകത്തു തളർന്നുകിടക്കുകയായിരുന്നു. മോങ്ങം അൻവാറുൽ അറബിക് കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ ഫഹ്മിദ ഇന്നലെ ഉച്ചമുതൽ പരീക്ഷാഹാളിലായിരുന്നു. 4 വരെയായിരുന്നു പരീക്ഷ. വൈകിട്ട് മൂന്നിനാണ് 2 ബന്ധുക്കൾ ഫഹ്മിദയെ കൂട്ടാൻ കോളജിലെത്തിയത്. സഹോദരി അപകടത്തിൽപെട്ടെന്നു മാത്രം പറഞ്ഞാണ് പരീക്ഷാഹാളിൽ നിന്നു വീട്ടിലെത്തിച്ചത്.

കുടുംബയാത്രകൾക്കായി വാങ്ങിയ ഓട്ടോയിൽ അന്ത്യയാത്ര
∙ ഗൾഫിലായിരുന്ന അഷ്റഫ് 4 വർഷം മുൻപ് പ്രവാസജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയത് രോഗാവസ്ഥയിലായ പിതാവിന്റെ ചികിത്സയ്ക്കും ശുശ്രൂഷയ്ക്കും വേണ്ടി. പിതാവ് ഗുലാം മൊയ്തീൻ ഹാജി 2 വർഷം മുൻപാണ് മരിച്ചത്. നാട്ടിലെത്തിയ ശേഷം പ്ലമിങ്, വയറിങ് ജോലികളുമായി മുന്നോട്ടുപോകുകയായിരുന്നു. തറവാട് വീടിന് അടുത്തുതന്നെ കുറച്ചു വർഷം മുൻപ് അഷ്റഫ് പണിത പുതിയ വീട്ടിലായിരുന്നു താമസം. പിതാവ് മരിച്ച ശേഷം ഉമ്മ ഫാത്തിമക്കുട്ടിയും അഷ്റഫിനോടൊപ്പമാണ്. ജോലിക്കാവശ്യമായ സാമഗ്രികൾ കൊണ്ടുപോകുന്നതിനും കുടുംബത്തിന്റെ യാത്രകൾക്കും വേണ്ടിയാണ് അഷ്റഫ് സ്വകാര്യ ഓട്ടോ വാങ്ങിയത്. 

മലപ്പുറത്ത് അപകടത്തിൽ മരിച്ച മുഹമ്മദ് അഷ്റഫിന്റെ ഒളമതിലിലെ വീട്.
മലപ്പുറത്ത് അപകടത്തിൽ മരിച്ച മുഹമ്മദ് അഷ്റഫിന്റെ ഒളമതിലിലെ വീട്.

അപകടം മകളെ പ്ലസ് വണ്ണിനു ചേർക്കാൻ മലപ്പുറത്തേക്ക് പോകുമ്പോൾ 
മലപ്പുറം ∙ മകളെ പ്ലസ് വണ്ണിനു ചേർക്കാൻ സ്കൂളിലേക്ക് പോകുന്നതനിടെ മൂന്നംഗ കുടുംബം വാഹനാപകടത്തിൽ മരിച്ചു. പുൽപറ്റ ഒളമതിൽ അക്കരമ്മൽ വീട്ടിൽ മണ്ണിങ്ങച്ചാലിൽ മുഹമ്മദ് അഷ്റഫ് (45), ഭാര്യ സാജിദ കുമ്മിണിപ്പറമ്പ് (37), മകൾ ഫിദ (15) എന്നിവരാണ് മരിച്ചത്.ഇന്നലെ രാവിലെ 11.30ന് മലപ്പുറം മേൽമുറി മുട്ടിപ്പടിയിലാണ് അപകടം. കുടുംബം സഞ്ചരിച്ച സ്വകാര്യ ഓട്ടോറിക്ഷ പെരിന്തൽമണ്ണ ഡിപ്പോയി‍ൽനിന്ന് വള്ളുവമ്പ്രത്തെ സർവീസ് സെന്ററിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

പ്ലസ് വൺ അലോട്മെന്റ് ലഭിച്ചതിനെത്തുടർന്ന് മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ സംഭവം. അപകടസമയത്ത് കനത്ത മഴയുണ്ടായിരുന്നു. അഷ്റഫ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത് എന്നാണു പ്രാഥമിക നിഗമനം. കെഎസ്ആർടിസി ബസിൽ ഡ്രൈവർ ഒഴികെ മറ്റാരും ഉണ്ടായിരുന്നില്ല. അഷ്റഫും ഫിദയും സംഭവ സ്ഥലത്തുതന്നെ മരിച്ചു. സാജിദയെ മച്ചിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മഞ്ചേരി മെ‍ഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

പ്രവാസ ജീവിതം മതിയാക്കി 4 വർഷമായി നാട്ടിൽ ഇലക്ട്രിക്കൽ ജോലി ചെയ്തുവരികയായിരുന്നു അഷ്റഫ്. മറ്റു മക്കൾ: ഫഹ്മിദ, ഫൈഹ, അഷ്ഫഖ്. അഷ്റഫിന്റെ പിതാവ്: പരേതനായ ഗുലാം മൊയ്തീൻ ഹാജി. മാതാവ്: ഫാത്തിമക്കുട്ടി. കുട്ടി ഹസ്സനാണ് സാജിദയുടെ പിതാവ്. മാതാവ്: ആയിഷ.

പോസ്റ്റ്മോർട്ടം  ഇന്നു രാവിലെ പൂർത്തിയാക്കും 
മഞ്ചേരി ∙ അപകടത്തിൽ മരിച്ച 3 പേരുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് രാവിലെ 8നു തുടങ്ങും. രണ്ടര മണിക്കൂറിനകം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്കു മൃതദേഹം വിട്ടുനൽകാനാകും. ഇൻക്വസ്റ്റ് ഇന്നലെ വൈകിട്ട് 8ന് പൂർത്തിയാക്കി. പോസ്റ്റ്മോർട്ടം ഇന്നലെ വൈകിട്ട് നടത്താൻ ഫൊറൻസിക് വിഭാഗം ഡോക്ടർമാർ തയാറായിരുന്നു. മലപ്പുറത്തുനിന്ന് വനിതാ എസ്ഐ ഉൾപ്പെടെയുള്ള പൊലീസ് എത്തി ഇൻക്വസ്റ്റിന് കാലതാമസം ഉണ്ടാകുമെന്ന് അറിഞ്ഞതോടെ പോസ്റ്റ്മോർട്ടം തുടങ്ങുന്നത് സംബന്ധിച്ച് ആശങ്കകൾ ഉയർന്നു. ഇതേ തുടർന്ന് മൃതദേഹം ആശുപത്രിയിലെ ശീതീകരണിയിലേക്ക് മാറ്റി.

വൈകിട്ട് നാലരയോടെയാണ് പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. അപ്പോഴേക്കും പോസ്റ്റ്മോർട്ടം നടത്താൻ തയാറായി നിന്ന ഡോക്ടർമാർ പോയി. പൊലീസ് എത്തിയെങ്കിലും ശീതീകരണ മുറിയുടെ താക്കോൽ ലഭിക്കാൻ കാലതാമസം നേരിട്ടു. ഇന്ന് പൊലീസ് എത്തി മൃതദേഹം പുറത്തെടുത്താൽ ഉടൻ പോസ്റ്റ്മോർട്ടം തുടങ്ങാൻ തയാറാണെന്നു ഫൊറൻസിക് വിഭാഗം മേധാവി ഡോ.ഹിതേഷ് ശങ്കർ പറഞ്ഞു.  മലപ്പുറം ഡിവൈഎസ്പി പി.മനോജ്, എസ്എച്ച്ഒ ജോബി തോമസ്, ഇൻസ്പെക്ടർമാരായ പി.ആർ.ദിനേശ് കുമാർ, കെ.എൻ.മുകുന്ദൻ, കെ.എൻ.അജയൻ, തുളസി, ഗീത, രശ്മി, ഷൈലേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com