ADVERTISEMENT

കാളികാവ് ∙ വീട്ടുമുറ്റത്തെത്തിയ കാട്ടാനക്കൂട്ടത്തിൽനിന്ന് ആദിവാസി വെള്ളൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചോക്കാട് 40 സെന്റ് ഭാഗത്താണ് സംഭവം. ഇന്നലെ പുലർച്ചെയാണ് കാട്ടാനക്കൂട്ടമെത്തിയത്. വീട്ടുമുറ്റത്തുള്ള വാഴയും കമുങ്ങും കാട്ടാനകൾ നശിപ്പിച്ചു. ആദിവാസി വെള്ളന്റെ വീടിന്റെ ഓടിളക്കി താഴെയിടുകയും വാതിലിൽ ആന ചാരി നിൽക്കുകയും ചെയ്തു. ഈ സമയം വെള്ളൻ വീടിനകത്തുണ്ടായിരുന്നു.

ചോക്കാടൻ മലവാരത്തിൽനിന്ന് കൂട്ടത്തോടെ ഇറങ്ങിയ ആനകൾ ആദിവാസികളുടെ വീട്ടുമുറ്റത്ത് ഇറങ്ങുന്നത് നിത്യസംഭവമാണ്. ആദിവാസികൾ താമസിക്കുന്ന പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയിൽനിന്ന് രക്ഷനേടാൻ മതിലും വൈദ്യുതവേലികളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ മതിൽ ചിലയിടങ്ങളിൽ കാട്ടാനകൾ തകർത്തു. വൈദ്യുതവേലിയും ഉപയോഗശൂന്യമായ നിലയിലാണ്.

കാട്ടാനകളുടെ ആക്രമണം ആദിവാസികളുടെ ജീവനു ഭീഷണിയായി മാറിയിരിക്കുകയാണ്. ഇവരുടെ വീടുകൾക്ക് സമീപത്തെ വൈദ്യുതവിളക്കുകളില്‍ ഒന്നുപോലും തെളിയുന്നില്ല. ഇവർ താമസിക്കുന്ന സ്ഥലത്തോടു  ചേർന്നുള്ള വനത്തിൽനിന്നാണ് കാട്ടാനകൾ എത്തുന്നത്. ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ ആദിവാസികൾ താമസിക്കുന്ന സ്ഥലമാണ് 40 സെന്റ് പ്രദേശം. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഇരുനൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പ്രദേശത്ത് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും ആനമതിൽ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com