ADVERTISEMENT

‌തിരൂർ ∙ ഒരു കാലത്ത് സിനിമ കാണാൻ ദൂരദിക്കുകളിൽ നിന്നുപോലും ആളുകളെത്തിയിരുന്ന തിരൂരിൽ ഇന്ന് സിനിമ കളിക്കുന്നത് ഒരൊറ്റ സ്ക്രീനിൽ മാത്രം. എന്നാൽ ഇതൊരു താൽക്കാലിക പ്രതിസന്ധി മാത്രം. വരും നാളുകളിൽ തിരൂരിൽ വീണ്ടുമുയരും തിരശ്ശീലകൾ. ജില്ലയിലെ ആദ്യ വലിയ എസി തിയറ്ററായ ഖയാം താൽക്കാലികമായി അടച്ചതോടെയാണു തിരൂരിന്റെ സിനിമാചരിത്രം ആദ്യമായി ഒരു സ്ക്രീനിലേക്ക് ഒതുങ്ങുന്നത്.

തൊണ്ണൂറുകളിൽ സൂപ്പർ ഹിറ്റായിരുന്നു ഇവിടെയുള്ള തിയറ്ററുകളും. പിന്നീട് ആ പ്രതാപകാലം മങ്ങി. ഒരു നൂറ്റാണ്ട് മുൻപു തൃക്കണ്ടിയൂരിലെ അമ്പലക്കുളങ്ങരയിലായിരുന്നു ആദ്യ കൊട്ടക വന്നതെന്നു സിനിമാപ്രേമികൾ പറയുന്നു. ഓല കൊണ്ടു കെട്ടിമറച്ച ആ കൂടാരത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ നിറഞ്ഞുകളിച്ചു. പിന്നെയാ വ്യവസായം പടർന്നുപന്തലിച്ചു. നഗരത്തിൽ ഒട്ടേറെ തിയറ്ററുകൾ വന്നു. സെൻട്രൽ, ഐശ്വര്യ, ചിത്രസാഗർ, ഖയാം, വിശ്വാസ്... അങ്ങനെ ഒട്ടേറെ. പിന്നെയും ഏറെ ചെറു തിയറ്ററുകൾ പിറന്നു. മാങ്ങാട്ടിരിയിൽ തുളുത്തി, ഉണ്യാലിൽ കവിത, വാക്കാട്ട് അനീഷ, മംഗലത്ത് സീനത്ത്, വൈലത്തൂരിൽ ദോസ്ത്, പുത്തനത്താണിയിൽ ജാസ്, ആലത്തിയൂരിൽ ഹാജത്ത്, തിരുനാവായയിൽ പ്ലാസ, കുറ്റിപ്പുറത്ത് മീന, താനൂരിൽ ശോഭ, പ്രിയ, ജ്യോതി... ജില്ലയിലെയും അയൽനാടുകളിലെയും സിനിമാപ്രേമികൾ ഈ സ്ക്രീനുകൾക്കു മുന്നിൽ ഇടംപിടിച്ചു. വൈകുന്നേരങ്ങൾ സിനിമയ്ക്കായി അന്നത്തെ യുവാക്കൾ മാറ്റിവച്ചിരുന്നു. എന്നാൽ ഒരു കാലത്തുണ്ടായ പ്രതിസന്ധി തിയറ്ററുകളെയെല്ലാം പൂട്ടിച്ചു.

ഒരു കാലത്ത് ഏവരുമെത്തി സിനിമ കണ്ട നാട്ടിലുള്ളവർ ഇപ്പോൾ സിനിമ കാണാൻ മറ്റിടങ്ങൾ തേടുകയാണ്. നഗരത്തിൽ ആദ്യം പൂട്ടിയത് വിശ്വാസ് തിയറ്ററാണ്. പിന്നെ ചിത്രസാഗറും സെൻട്രലും പൂട്ടി. ഇപ്പോൾ താൽക്കാലികമായെങ്കിലും ഖയാമും പൂട്ടി. ആദ്യം ഐശ്വര്യയും പിന്നീട് അനുഗ്രഹയുമായ തിയറ്ററിൽ മാത്രമാണ് ഇപ്പോൾ സിനിമ ഓടുന്നത്. ഈ തിയറ്റർ മാജിക് ഫ്രെയിംസ് ഏറ്റെടുത്തു നടത്തുകയാണ്. ഖയാമും ഇവർ ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ പണിക്കു ശേഷം പുതിയ സ്ക്രീനുമായി തുറക്കും. നഗരത്തിലെ ഒരു മാളിലും 2 സ്ക്രീനുകൾ തയാറാകുന്നുണ്ട്. താനൂരിലും 2 സ്ക്രീനുകളുമായി ഒരു കെട്ടിടം ഒരുങ്ങുന്നുണ്ട്. സിനിമകൾ നിറഞ്ഞുകളിക്കുന്ന കാലത്തു പുതിയ സ്ക്രീനുകൾ ഒരുങ്ങുന്നത‌ു കാത്തിരിക്കുകയാണു തിരൂരിലെ സിനിമാപ്രേമികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com