ADVERTISEMENT

എടപ്പാൾ ∙ ടൗണിൽ സ്വകാര്യ ബസുകൾ തോന്നുംപടി നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. ടൗണിൽ നിന്ന് നിശ്ചിത അകലത്തിൽ മാത്രം ബസുകൾ നിർത്തി യാത്രക്കാരെ കയറ്റണമെന്ന നിർദേശം കാറ്റിൽ പറത്തിയാണ് 4 റോഡിലും ബസ് നിർത്തി ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്.  പൊലീസ് എയ്ഡ് പോസ്റ്റിന് മുൻവശത്തു ബസ് നിർത്തിയിട്ടാലും പൊലീസ് നടപടിയെടുക്കാറില്ല.

പട്ടാമ്പി റോഡിലും തൃശൂർ റോഡിലും 4 ബസുകൾ വരെ ഒരേസമയം നിർത്തുന്ന അവസ്ഥയുണ്ട്. ഇതോടെ പിന്നാലെ എത്തുന്ന വാഹനങ്ങൾ കടന്നു പോകാൻ കഴിയാതെ കുടുങ്ങും.  ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുരുക്കിൽ അകപ്പെടുന്നത് പതിവുകാഴ്ചയാണ്. ഇതിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി സംഘടനകളും മറ്റും അധികൃതർക്ക് പരാതി നൽകാറുണ്ടെങ്കിലും നടപടിയില്ല. നിയന്ത്രണങ്ങൾ നടപ്പിലാക്കി കുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.

വളാഞ്ചേരി ബസ്‍സ്റ്റാൻഡിൽ ജീവൻ കയ്യിൽപിടിച്ച് കാൽനടയാത്രക്കാർ
വളാഞ്ചേരി ∙ നഗരസഭ ബസ്‍സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്ക് വഴിനടക്കാൻ സുരക്ഷിതത്വമൊരുക്കണമെന്ന ആവശ്യം ശക്തം. ബസുകളുടെ മരണപ്പാച്ചിൽ മൂലം സ്റ്റാൻഡ് യാർഡിലൂടെ നടന്നു പോകുന്നവർ മിക്കപ്പോഴും അപകടത്തിൽപെടാത്തത് ആയുസ്സിന്റെ ബലംകൊണ്ടു മാത്രം. പിന്നോട്ടെടുത്ത ബസ് സ്ത്രീയെ ഇടിച്ചുവീഴ്ത്തിയ സംഭവം ഇന്നുണ്ടായി. ഇതിനു മുൻപും സമാന സംഭവങ്ങളുണ്ടായതായി നഗരവാസികൾ ആരോപിക്കുന്നു.

ശരാശരി 25 ബസുകൾ നിർത്തിയിടാനുള്ള സൗകര്യമേ ബസ് സ്റ്റാൻഡിന് അകത്ത് നിലവിലുള്ളൂ. ഇതിന്റെ എത്രയോ ഇരട്ടി ബസുകളാണ് ദിവസവും സ്റ്റാൻഡിൽ എത്തുന്നത്. സ്റ്റാൻഡിനകത്ത് ബസുകൾ പാർക്ക് ചെയ്യുന്നതിനുള്ള സമയവും അധികൃതർ നിജപ്പെടുത്തിയിരുന്നു. അതും മിക്ക ബസുകളും പാലിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

റോഡിൽനിന്ന് സ്റ്റാൻഡിന് അകത്തേക്ക് ബസുകൾ കയറുന്ന വഴി ഇടുങ്ങിയതാണ്. പുറത്തേക്കുള്ള വഴിയിലൂടെയും ചിലസമയത്ത് ബസുകൾ കയറുന്നുണ്ട്. അപകടസാധ്യതയുണ്ടാക്കുന്നു. പൊലീസ് സഹായകേന്ദ്രം സ്റ്റാൻഡിന് അകത്തുണ്ടെങ്കിലും മിക്കപ്പോഴും അടഞ്ഞു കിടക്കുകയാണ് പതിവ്. പുതിയ സ്റ്റാൻഡ് സ്ഥാപിക്കാൻ നഗരസഭ പദ്ധതി ഒരുക്കിയിരുന്നെങ്കിലും നടപടികൾ നീളുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com