ADVERTISEMENT

മലപ്പുറം ∙ദക്ഷിണേന്ത്യയെ മുക്കിയ മഹാപ്രളയത്തിന് 100 വർഷം പൂർത്തിയാകുമ്പോൾ മലപ്പുറം അരീക്കോട് സ്വദേശിയായ മുണ്ടമ്പറ ഉണ്ണിമമ്മദ് എന്ന കവിയും അദ്ദേഹത്തിന്റെ ‘വെള്ളപ്പൊക്ക’മെന്ന കാവ്യവും വീണ്ടും ചർച്ചകളിൽ നിറയുന്നു. അറബിമലയാള ലിപിയിൽ എഴുതിയ ‘വെള്ളപ്പൊക്കം’ 1924ലെ പ്രളയത്തിന്റെ നേർചിത്രം നൽകുന്ന കൃതിയാണ്. തിരുവിതാംകൂറിലെ അമ്പലപ്പുഴ മുതൽ കർണാടകയിൽ ഉൾപ്പെടുന്ന കുന്ദപുരം വരെയുള്ള പ്രദേശങ്ങളെ പ്രളയം എങ്ങനെ ബാധിച്ചുവെന്നു കൃതിയിൽ വിവരിക്കുന്നു.

മലപ്പുറം ജില്ലയിലും സമീപപ്രദേശങ്ങളിലും ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചു വിശദമായി പറയുന്നുണ്ട്.പല ഏടുകളായി ചിതറിക്കിടന്നിരുന്ന കൃതി ഡോ.അബിൻഷയും കെ.എം.അബ്ദുല്ലയും ചേർന്നു മലയാളത്തിൽ ക്രോഡീകരിച്ച് ഈയിടെ പുസ്തകമാക്കിയിരുന്നു. അരീക്കോട് പഞ്ചായത്ത് ഇതു പ്രസിദ്ധീകരിക്കുകയും ചെയ്തു. തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ ഉൾപ്പെടെ 1924ലെ മഹാപ്രളയത്തെക്കുറിച്ചു വിവരിക്കുന്ന ഒട്ടേറെ സാഹിത്യകൃതികൾ മലയാളത്തിലുണ്ട്.

സാഹിത്യഭംഗി ഒട്ടും ചോരാതെ സംഭവത്തിന്റെ നേർവിവരണം നടത്തുന്ന കാവ്യമായിട്ടും ‘വെള്ളപ്പൊക്കം’ വേണ്ടത്ര ചർച്ച ചെയ്യപ്പെടാത്തതു ദൗർഭാഗ്യകരമാണെന്ന് അബിൻഷ പറഞ്ഞു. 1924 ജൂലൈ 14നു തുടങ്ങി രണ്ടാഴ്ചയോളം നീണ്ടുനിന്ന മഴ ദക്ഷിണേന്ത്യയെയാകെ പ്രളയത്തിൽ മുക്കിയിരുന്നു. കൊല്ലവർഷം 1099ൽ സംഭവിച്ചതിനാൽ 99ലെ വെള്ളപ്പൊക്കമെന്നും അറിയപ്പെടുന്നു. 1865ൽ ജനിച്ച മുണ്ടമ്പറ ഉണ്ണിമമ്മദ് കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു.

മഹാകവി മോയിൻകുട്ടി വൈദ്യരുടെ സമകാലികനായിരുന്ന ഉണ്ണിമമ്മദ് കൊടികേറ്റം, മയിലാടിപ്പാട്ട്, കർബല, ഖജാന പൊളിപ്പാട്ട് തുടങ്ങിയ കാവ്യങ്ങളും രചിച്ചിട്ടുണ്ട്. പ്രളയത്തെ തുടർന്നുണ്ടായ ദുരന്തങ്ങളും നാശനഷ്ടവും നേരിട്ടു റിപ്പോർട്ട് ചെയ്യുന്ന രീതിയിലാണു ‘വെള്ളപ്പൊക്കത്തിന്റെ’ രചന. ഓരോ പ്രദേശത്തെയും വിവരങ്ങൾ നൽകിയയാളുടെ പേരു കാവ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വടക്കൻ മലബാറിലെ പുഴയോര പ്രദേശങ്ങളെക്കുറിച്ചെല്ലാം കവിതയിൽ പരാമർശിക്കുന്നു. കവിയുടെ ജന്മനാടായ അരീക്കോടിനെയും പരിസര പ്രദേശങ്ങളെയും കുറിച്ചു വിശദമായി പ്രതിപാദിക്കുന്നുണ്ട്.

നിലമ്പൂർ, മമ്പാട്, വാക്കാലൂർ, മൈത്ര, വടശ്ശേരി, പുത്തലം, താഴത്തങ്ങാടി, വണ്ടൂർ, ഊർങ്ങാട്ടിരി പ്രദേശങ്ങളെല്ലാം കാവ്യത്തിൽ കടന്നുവരുന്നു. പ്രളയദുരിത ബാധിതർക്കു പല കോണുകളിൽനിന്നു സഹായം ലഭിച്ചതിനെക്കുറിച്ചും പരാമർശമുണ്ട്. ദുരന്തം മറികടക്കാൻ മലയാളികൾ ഒറ്റക്കെട്ടായി കൈകോർത്തതിന്റെ വിവരങ്ങളും കാവ്യത്തിൽ കാണാം.കാവ്യത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാം സംഭവിച്ചതു തന്നെയെന്ന്  ഇതിനെക്കുറിച്ച് നടത്തിയ പഠനത്തിൽ വ്യക്തമായതായി അബിൻഷ പറയുന്നു. വയനാട്ടിൽ ആനയൊലിച്ചു പോയ സംഭവവും ഒരു കുടുംബത്തിലെ 3 പേർ വീടു തകർന്നു മരിച്ചതുമെല്ലാം  ഇതിലുൾപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com