ADVERTISEMENT

∙ കോവിഡ് ഭീതിയൊഴിഞ്ഞു, ജില്ലയിൽ പുതിയ ആരോഗ്യ വെല്ലുവിളിയായി നിപ്പയെത്തി. എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സംസ്ഥാന സർക്കാർ നിർമിക്കാമെന്നേറ്റിരുന്ന ഐസലേഷൻ വാർഡുകൾ പക്ഷേ, ഇനിയും പല മണ്ഡലങ്ങളിലും യാഥാർഥ്യമായിട്ടില്ല. പണം വിട്ടുനൽകിയ എംഎൽഎമാരും തദ്ദേശ സ്ഥാപനങ്ങളും പല തവണ ആവശ്യപ്പെട്ടിട്ടും സർക്കാർ അനങ്ങാപ്പാറ നയം തുടരുന്നു. ചിലയിടങ്ങളിൽ പദ്ധതി പാതിവഴിയിൽ നിൽക്കുകയാണ്. പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലങ്ങളിൽ 2 ഐസലേഷൻ വാർഡുകൾ വീതം നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനായി എംഎൽഎമാർ ഫണ്ട് വിട്ടുനൽകണമെന്നായിരുന്നു ആവശ്യം. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ ഐസലേഷൻ വാർഡ് പദ്ധതിയുടെ സ്ഥിതി ഇങ്ങനെയാണ്.

കൊണ്ടോട്ടി
മണ്ഡലത്തിൽ ഓമാനൂർ സാമൂഹികാരോഗ്യകേന്ദ്രവും (സിഎച്ച്സി) ചിറയിൽ പ്രാഥമികാരോഗ്യകേന്ദ്രവുമാണ് (പിഎച്ച്സി) പദ്ധതിക്കായി നിർദേശിച്ചത്. ഇതിനായി 4 കോടി വകയിരുത്തി. ഓമാനൂർ സിഎച്ച്‌സിയിൽ ഐസലേഷൻ വാർഡ് വന്നെങ്കിലും വേണ്ടത്ര ഗുണനിലവാരമില്ലെന്ന പരാതി നിലനിൽക്കുന്നതായി ടി.വി.ഇബ്രാഹിം എംഎൽഎ ചൂണ്ടിക്കാട്ടി. ചിറയിൽ പിഎച്ച്‌സിയിൽ ഇനിയും നിർമാണം തുടങ്ങിയിട്ടില്ല.

വണ്ടൂർ
കരുവാരകുണ്ട് സിഎച്ച്‌സിയിൽ ഒന്നരക്കോടി ചെലവഴിച്ച് ഐസലേഷൻ വാർഡ് നിർമാണം പൂർത്തിയായി. മികച്ച സൗകര്യങ്ങളുണ്ട്. മണ്ഡലത്തിലെ ഏക ഐസലേഷൻ വാർഡാണിത്

മഞ്ചേരി
മെഡിക്കൽ കോളജിൽ സ്ഥാപിക്കാനായിരുന്നു ആദ്യ പദ്ധതി. അവിടെ നിലവിൽ ഐസലേഷൻ വാർഡുള്ളതിനാൽ തൃക്കലങ്ങോട് പഞ്ചായത്തിലെ എളങ്കൂർ പിഎച്ച്‌സിയിലേക്കു മാറ്റാൻ തീരുമാനിച്ചു. തീരുമാനിച്ചതല്ലാതെ ഇതുവരെ ഒന്നും നടന്നിട്ടില്ല.

നിലമ്പൂർ
ചുങ്കത്തറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ മൂന്നു വർഷമായി കൊണ്ടുപിടിച്ച പണി നടക്കുന്നുണ്ട്. 1.82 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കോവിഡ് പോയി നിപ്പ വന്നിട്ടും പക്ഷേ, ഐസലേഷൻ വാർഡ് ഇനിയും പൂർത്തിയായിട്ടില്ല.

തിരൂരങ്ങാടി
നെടുവ സിഎച്ച്സിയിൽ ഒരു കോടി രൂപ ചെലവിൽ ഐസലേഷൻ വാർഡ് നിർമാണം പൂർത്തിയായി.

കോട്ടയ്ക്കൽ
മണ്ഡലത്തിൽ ഇതുവരെ ഐസലേഷൻ വാർഡുകളുടെ നിർമാണം തുടങ്ങിയിട്ടില്ല

വേങ്ങര
കുന്നുംപുറം കുടുംബാരോഗ്യകേന്ദ്രത്തിലും (എഫ്എച്ച്സി) കണ്ണമംഗലം പിഎച്ച്‌സിയിലും വാർഡുകൾ തുടങ്ങാൻ നിർദേശമുണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല

പെരിന്തൽമണ്ണ
ആലിപ്പറമ്പ് പിഎച്ച്‌സിയിൽ ഐസലേഷൻ വാർഡ് നിർമിക്കാൻ തീരുമാനിച്ചു. ഇതിനായി പിഎച്ച്സിയുടെ വളപ്പിലെ മരങ്ങൾ മുറിച്ചുമാറ്റി. ഐസലേഷൻ വാർഡ് ഇപ്പോഴും കടലാസിലുറങ്ങുന്നു

വള്ളിക്കുന്ന്
പെരുവള്ളൂർ എഫ്എച്ച്സിയിൽ ഐസലേഷൻ വാർഡിന്റെ നിർമാണം തുടങ്ങിയെങ്കിലും പൂർത്തിയാക്കാനായിട്ടില്ല.

മങ്കട
മങ്കടയിൽ 50 ലക്ഷം രൂപയാണു അനുവദിച്ചത്. ഇത്, മങ്കട സിഎസ്‌സിയിൽ മുകളിലത്തെ ഹാളിലേക്ക് രോഗികൾക്കു പ്രവേശിക്കുന്നതിന്, പുറമേനിന്നുള്ള സ്റ്റീൽ റാംപ് നിർമിക്കാനും അവിടേക്ക് ആവശ്യമായ കിടക്കകൾ വാങ്ങാനും ഉപയോഗിച്ചു.

ഏറനാട്
എടവണ്ണ സിഎച്ച്സിക്കു സമീപം ഒരു വർഷം മുൻപ് അടിത്തറ നിർമിച്ചു. കമ്പി ഉപയോഗിച്ച് മേൽക്കൂരയുമുണ്ടാക്കി. എന്നാൽ, ഷീറ്റ് മേയാനോ ചുമർ നിർമിക്കാനോ ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനായി കൊണ്ടുവന്ന ഷീറ്റുകളും സാമഗ്രികളും വെയിലും മഴയും കൊണ്ടു നശിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com