ADVERTISEMENT

തിരൂർ ∙ ബിപി അങ്ങാടി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടം 3 മാസത്തിനകം. അതുവരെ സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം ഷിഫ്റ്റ് സംവിധാനത്തിൽ പ്രവർത്തിക്കും. ഇന്നലെ സ്കൂളിൽ വച്ച് എംഎൽഎയും ഹയർസെക്കൻഡറി റീജനൽ ഡപ്യൂട്ടി ഡയറക്ടറും പിടിഎയും അധ്യാപക പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. രാവിലെ 8.25 മുതൽ ഉച്ചയ്ക്ക് 12.45 വരെ ഒരു ഷിഫ്റ്റും ഒരു മണിക്കു തുടങ്ങി വൈകിട്ട് 5.25 മറ്റൊരു ഷിഫ്റ്റുമായാണ് ഇവിടെ ഇനി ക്ലാസുകൾ നടക്കുക. നിലവിൽ രാവിലെ 9 മുതൽ വൈകിട്ട് 4.45 വരെയാണ് പഠനം നടക്കുന്നത്. പുതിയ കെട്ടിടം പൂർത്തിയാകുന്നതു വരെ ഷിഫ്റ്റ് തുടരും. 

3 മാസത്തിനുള്ളിൽ പുതിയ കെട്ടിടം തയാറാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി പഴയ കെട്ടിടം പൊളിച്ചു മാറ്റും. കിഫ്ബിയിൽ നിന്നുള്ള 3.9 കോടി രൂപയും പ്ലാൻ ഫണ്ടിൽ നിന്നുള്ള ഒരു കോടിയും സ്വകാര്യ വ്യക്തി നൽകിയ 50 ലക്ഷം രൂപയും ഇതിനായി ഉപയോഗിക്കും. 20 – 30 എന്ന അളവിൽ 16 ക്ലാസ്മുറികളാണ് ഇവിടെ നിർമിക്കുന്നത്. പുതുതായി അനുവദിച്ച 2 ബാച്ചുകളിലേക്കു വരുന്ന കുട്ടികൾക്കും സൗകര്യമൊരുക്കും. ഇടയ്ക്കു മറ്റു സ്ഥലങ്ങൾ ലഭിച്ചാൽ ഷിഫ്റ്റ് മാറ്റിത്തുടങ്ങും. ഈ രീതിയിൽ പഠനം നടത്തുന്നതിനെ കുറിച്ച് സ്റ്റാഫ് മീറ്റിങ്ങിലും ചർച്ച നടക്കും.  

കെട്ടിടത്തിന്റെ നിർമാണമടക്കം എല്ലാ സംവിധാനങ്ങളും പെട്ടെന്നു ഒരുക്കാനുള്ള സഹായങ്ങൾ ചെയ്തു കൊടുക്കാമെന്ന് ഇന്നലെ രാവിലെ മന്ത്രി വി.ശിവൻകുട്ടി കുറുക്കോളി മൊയ്തീൻ എംഎൽഎയെ അറിയിച്ചു. ക്ലാസ്മുറികളിൽ തിങ്കളാഴ്ചയോടെ പിടിഎ സീലിങ് സ്ഥാപിക്കും. 

സ്കൂളിൽ വിദ്യാർഥികൾക്കു പ്രതിഷേധം നടത്താനുണ്ടായ സാഹചര്യത്തെ കുറിച്ച് റീജനൽ ഡപ്യൂട്ടി ഡയറക്ടർ മന്ത്രിക്കു പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്.വിദ്യാർഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്നാണ് റിപ്പോർട്ടിലുള്ളത്. യോഗത്തിനു ശേഷം ഡപ്യൂട്ടി ഡയറക്ടർ ഹയർസെക്കൻഡറി വിദ്യാർഥികളെ നേരിൽ കണ്ട് വിവരങ്ങൾ അറിയിച്ചു. കുട്ടികൾ അവരുടെ ആവലാതികളും തിരികെ അറിയിച്ചു. എല്ലാത്തിനും ഉടൻ പരിഹാരമെന്ന് അദ്ദേഹം മറുപടി നൽകി.

കെട്ടിടത്തിലേക്കു ചാഞ്ഞ മരങ്ങൾവെട്ടിത്തുടങ്ങി
∙ ബിപി അങ്ങാടി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം കെട്ടിടങ്ങൾക്കു മുകളിലേക്കു ചാഞ്ഞുനിന്നിരുന്ന മരങ്ങൾ വെട്ടിത്തുടങ്ങി. വലിയ ചീനിമരം, മഹാഗണി എന്നിവയടക്കം സ്കൂൾ കെട്ടിടങ്ങൾക്കു മുകളിലേക്കു ചാഞ്ഞു നിൽക്കുന്ന മരങ്ങളാണ് വെട്ടി മാറ്റുന്നത്. ചീനിമരവും മഹാഗണിയും പൂർണമായി വെട്ടിമാറ്റും. ഈ മരങ്ങളിൽ നിന്നുള്ള ഇലകൾ ഓടിനു മുകളിൽ വീണ് ചീഞ്ഞാണ് പുഴുക്കളുണ്ടാകുന്നത്. ഇങ്ങനെയുണ്ടായ പുഴുവാണു വിദ്യാർഥിനിയുടെ ചോറിലേക്കു വീണത്. മരം വെട്ടാൻ ഫോറസ്ട്രി വിഭാഗത്തിന് അപേക്ഷ നൽകിയിരുന്നെങ്കിലും ഫയൽ നീങ്ങാതിരുന്നതോടെ മുറിക്കാനുള്ള അനുവാദം ലഭിച്ചിരുന്നില്ല. 

വിദ്യാർഥിനികൾ സമരത്തിനിറങ്ങിയതോടെ ഇക്കാര്യത്തിൽ വേഗത്തിൽ നടപടി ഉണ്ടാകുകയായിരുന്നു. ജില്ലാ ട്രോമാകെയർ സംഘമാണ് ഇവിടെയെത്തി മരങ്ങൾ മുറിച്ചു നീക്കുന്നത്. മഴ പെയ്ത് വഴുക്കലുള്ളതിനാൽ പൂർണമായി മുറിച്ചു മാറ്റാൻ ഒരാഴ്ചയെങ്കിലും സമയമെടുക്കും. 

സ്കൂളിനു കെട്ടിടം നിർമിക്കാൻ മുൻപു തന്നെ കിഫ്ബിയിൽ നിന്ന് പണം അനുവദിച്ചിരുന്നു. എന്നാൽ സ്കൂൾ നിൽക്കുന്ന സ്ഥലം ചതുപ്പു നിലമായതിനാൽ സാങ്കേതിക കുരുക്കുകൾ ഉണ്ടായതാണ്. ഇത്തരം സാഹചര്യങ്ങളിൽ പിടിഎ കമ്മിറ്റികൾക്ക് വിദ്യാകിരണം കോ ഓർഡിനേറ്ററെ ബന്ധപ്പെടാം. സാങ്കേതിക പ്രശ്നങ്ങൾ വിശകലനം ചെയ്ത് പ്രശ്നങ്ങൾ തീർക്കുകയാണ് കോ ഓർഡിനേറ്റർ ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com