തകരാറിലായ 3 ലക്ഷം രൂപയുടെ ഇലക്‌ട്രിക് ഓട്ടോ 2 മാസത്തിനുള്ളിൽ നന്നാക്കി നൽകാൻ വിധി
Mail This Article
കാളികാവ് ∙ സര്‍ക്കാര്‍ കമ്പനിയോട് 2 വർഷത്തെ നിയമ പോരാട്ടം നടത്തി അനുകൂല വിധി നേടി ഓട്ടോ ഡ്രൈവര്‍. കാളികാവ് ചെങ്കോട്ടിലെ നമ്പന്‍ ഷംസുദ്ദീനാണ് കേരള ഓട്ടമൊബീല്‍സ് ലിമിറ്റഡിനെതിരെ പരാതിയുമായി ജില്ലാ ഉപഭോക്‌തൃ കമ്മിഷനെ സമീപിച്ചത്. 2022ന്റെ തുടക്കത്തില്‍ കേരള ഓട്ടമൊബീൽസ് നിര്‍മിച്ച ഇലക്‌ട്രിക് ഓട്ടോ വാങ്ങിയെങ്കിലും രണ്ടാഴ്ചയ്ക്കകം ബാറ്ററി പ്രശ്‌നം കാരണം ഓടാതെയായി. ഒന്നര മാസം കഴിഞ്ഞ് കമ്പനിയിൽനിന്ന് ജീവനക്കാരെത്തി നന്നാക്കിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും തകരാറിലായി. പിന്നീട് കമ്പനി സര്‍വീസ് നല്‍കിയില്ല.
3,12,000 രൂപ മുടക്കിയാണ് ഓട്ടോ വാങ്ങിയത്. ഒറ്റ ചാര്‍ജിങ്ങില്‍ 100 കിലോമീറ്റർ ഓടിക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. 2 മാസത്തിനുള്ളില്‍ ഓട്ടോ നന്നാക്കി ഓട്ടമൊബീല്‍ കമ്പനിയുടെ സര്‍ട്ടിഫിക്കറ്റ് സഹിതം തിരച്ചേല്‍പിക്കാനാണു വിധി. നിയമ നടപടിയുടെ ചെലവിലേക്ക് 25,000 രൂപയും നഷ്‌ടപരിഹാരമായി ഒരു ലക്ഷം രൂപയും നൽകണം. നന്നാക്കി നൽകാത്തപക്ഷം നഷ്ടപരിഹാരത്തിനൊപ്പം ഓട്ടോയുടെ വിലയായ 3,12,000 രൂപകൂടി നല്‍കണമെന്നും ഉത്തരവുണ്ട്.