കരിപ്പൂർ വിമാനത്താവള വികസനം: ക്രോസ് റോഡ് അടഞ്ഞാൽ പറക്കലല്ലാതെ ‘വഴിയില്ല’
Mail This Article
കൊണ്ടോട്ടി ∙ കോഴിക്കോട് വിമാനത്താവളത്തിന്റെ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വികസന പ്രവൃത്തിയുടെ ഭാഗമായി മണ്ണിട്ട് ഉയർത്തുന്ന ജോലി ആരംഭിക്കാനിരിക്കേ, വഴി നഷ്ടപ്പെടുമെന്ന ആശങ്കയിൽ പരിസരവാസികൾ. എയർപോർട്ട് അതോറിറ്റിയുടെ കൈവശമുള്ള ഭൂമിയിലൂടെ കടന്നുപോകുന്ന ക്രോസ് റോഡ് ഏതുസമയവും ഇല്ലാതാകും. ഒപ്പം ഏതാനും വീടുകളിലേക്കുള്ള വഴിയും അടയും. സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപുതന്നെ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ട വിഷയമായിട്ടും പകരം റോഡ് ഒരുക്കുന്ന നടപടി നീളുകയാണെന്നു പരിസരവാസികൾ പറഞ്ഞു.റൺവേയുടെ സുരക്ഷാമേഖല ഇരുവശങ്ങളിലും ദീർഘിപ്പിക്കുന്നതിന് ഏറ്റെടുത്ത സ്ഥലത്ത് മണ്ണിട്ട് ഉയർത്തണം. വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കി. മരങ്ങളും മുറിച്ചുമാറ്റി.
സ്ഥലം നിരപ്പാക്കൽ അവസാനഘട്ടത്തിലാണ്. ഇനി മണ്ണിട്ട് ഉയർത്തുന്ന ജോലി ആരംഭിക്കാനിരിക്കുകയാണ്. പ്രവൃത്തി തുടങ്ങിയാൽ വൈകാതെതന്നെ ക്രോസ് റോഡ് ഇല്ലാതാകും.കൊണ്ടോട്ടിയിൽനിന്ന് ചിറയിൽ –തറയിട്ടാൽ റോഡുമായി ചേരുന്ന ക്രോസ് റോഡിലൂടെ ദിവസവും നൂറുകണക്കിനു വാഹനങ്ങളാണു കടന്നുപോകുന്നത്. ഈ റോഡിലൂടെ ഗതാഗതം നിരോധിച്ചതായി എയർപോർട്ട് അതോറിറ്റി ബോർഡ് സ്ഥാപിച്ചിട്ടു മാസങ്ങളായി.ഈ ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപേ നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയ കാര്യമാണ് ഗതാഗത പ്രശ്നം.
ക്രോസ് റോഡ് ഇല്ലാതാകുമ്പോൾ പകരം റോഡിനുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും അതിനുള്ള പ്രാഥമിക നടപടി ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, നടപടികൾക്കു വേഗം പോരെന്നാണ് ആക്ഷേപം. വഴി നഷ്ടമായ വീട്ടുകാരുടെ കാര്യത്തിൽ ഉടൻ നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
പകരം റോഡ്: സർക്കാരിനെ സമീപിക്കുമെന്ന് ടി.വി.ഇബ്രാഹിം
വിഷയം വീണ്ടും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നു ടി.വി.ഇബ്രാഹിം എംഎൽഎ അറിയിച്ചു. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് പകരം റോഡ് നിർമിക്കുമെന്ന് സംസ്ഥാന സർക്കാർ നേരത്തേ അറിയിച്ചതാണ്. മുൻപ് നിയമസഭയിൽ വിഷയം അവതരിപ്പിച്ചപ്പോൾ നടപടി പുരോഗമിക്കുന്നുവെന്ന മറുപടിയാണുലഭിച്ചത്. വഴിയില്ലാതെ പ്രയാസപ്പെടുന്ന വീട്ടുകാരുടെ കാര്യം ഉൾപ്പെടെ ഉടൻ പരിഹരിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങൾ നടത്തും.