എല്ലാ ദിവസവും കേരളം സന്ദർശിക്കുന്ന മാവേലി; ഈ മാവേലിയുടെ നാട് മംഗളൂരു വരെ !
Mail This Article
തിരൂർ∙ മാവേലി നാട്ടിലോടാൻ തുടങ്ങിയിട്ടു കാൽനൂറ്റാണ്ടാകാറായി. തിരുവനന്തപുരം മുതൽ കാസർകോടു വരെ മാത്രമല്ല, മലയാളിയുള്ള മംഗളൂരു വരെയാണ് ഈ മാവേലിയുടെ നാട്. പറഞ്ഞുവരുന്നത് മാവേലിത്തമ്പുരാനെക്കുറിച്ചല്ല, മാവേലി എക്സ്പ്രസ് ട്രെയിനിനെക്കുറിച്ചാണ്. മഹാബലി ചക്രവർത്തിയുടെ ഐതിഹ്യപ്പെരുമ തന്നെയാണ് ഈ ട്രെയിനിനു മാവേലിയെന്ന പേരിടാൻ കാരണം. 2001 നവംബർ 16നാണ് ആദ്യമായി മാവേലി എക്സ്പ്രസ് ഓട്ടം തുടങ്ങിയത്. അന്ന് ആഴ്ചയിലൊരിക്കലായിരുന്നു സർവീസ്. പിന്നെയത് ആഴ്ചയിൽ 3 തവണയായി.
2007 മുതൽ ഈ ട്രെയിൻ എല്ലാദിവസവും കേരളക്കരയാകെ ഓടിത്തുടങ്ങി. മംഗളൂരുവിൽനിന്നു തിരുവനന്തപുരം വരെ പോകുമ്പോൾ 16603 എന്ന നമ്പറിലും തിരിച്ച് 16604 എന്ന നമ്പറിലുമാണു മാവേലിയുടെ ഓട്ടം. മലയാളക്കരയിൽ ഈ വണ്ടിയുടെ സഞ്ചാരം അങ്ങോട്ടുമിങ്ങോട്ടും രാത്രിയാണ്. ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ല താനും എന്നു പറയും പോലെ കാര്യമായ അപകടങ്ങളൊന്നും മാവേലി എക്സ്പ്രസായിട്ട് ആർക്കുമുണ്ടാക്കിയിട്ടില്ല. ആധികൾ വ്യാധികളൊന്നുമില്ലെന്നു പറയുന്ന പോലെ തന്നെയാണ് ഈ ട്രെയിനിന്റെ കാര്യവും. റേക്കുകളുടെ പരിപാലനത്തിന് 2022ൽ മാവേലി എക്സ്പ്രസിനു 3 ഐഎസ്ഒ സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ട്.
ഒക്യുപേഷനൽ ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം, ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം, എൻവയൺമെന്റൽ മാനേജ്മെന്റ് സിസ്റ്റം എന്നിവയ്ക്കാണു സർട്ടിഫിക്കറ്റുകൾ ലഭിച്ചത്. ഈ വർഷം വരെ സർട്ടിഫിക്കറ്റുകൾക്കു സാധുതയുണ്ട്. എല്ലാ കോച്ചുകളിലും എൽഇഡി ലൈറ്റുകളും ബിഎൽഡിസി ഫാനുകളും മൊബൈൽ ചാർജിങ് പോയിന്റുകളും അഗ്നിശമന ഉപകരണങ്ങളും ബയോ ടോയ്‌ലറ്റുകളും എമർജൻസി വിൻഡോകളിൽ ഫ്ലൂറസന്റ് സ്റ്റിക്കറുകളും ഉണ്ടെന്നു റെയിൽവേ അധികൃതർ പറയുന്നു. സീറ്റുകളുടെ നമ്പറുകൾ ബ്രെയ്‌ലി ലിപിയിലും നൽകിയിട്ടുണ്ട്. മാവേലിത്തമ്പുരാനെ പോലെത്തന്നെയാണു മലയാളി യാത്രക്കാർ മാവേലി എക്സ്പ്രസിനെയും സ്നേഹിക്കുന്നത്.