എല്ലാ ദിനവും ഓണദിനങ്ങളാകട്ടെ! സമൃദ്ധിയുടെ നാളുകൾക്കായുള്ള പ്രതീക്ഷയിൽ നാട്
Mail This Article
മലപ്പുറം∙ ഇന്ന് സന്തോഷത്തിന്റെ വമ്പൻ പൂക്കളങ്ങളൊരുക്കി നാട് തിരുവോണം ആഘോഷിക്കുന്നു. ജില്ലയിലെ വിവിധ ടൗണുകളിൽ ഇന്നലെ പൂ, പച്ചക്കറി വിപണികളിലായിരുന്നു കൂടുതൽ ആളുകളെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ വസ്ത്രങ്ങളെടുക്കാനും മറ്റും വിട്ടുപോയവർ ഇന്നലെ ടെക്സ്റ്റൈൽസുകളിലെത്തി. മലപ്പുറം നഗരത്തിൽ കാര്യമായ തിരക്കനുഭവപ്പെട്ടില്ല. മഞ്ചേരിയിൽ പച്ചക്കറി മാർക്കറ്റിലും പൂക്കടകളിലേക്കും കൂടുതൽപേരെത്തിയെങ്കിലും വലിയ ഗതാഗതക്കുരുക്കുണ്ടായില്ല. എന്നാൽ കോട്ടയ്ക്കലിലും പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്തും കുരുക്കിൽപെട്ട വാഹനങ്ങളുടെ നിര പതിവിലേറെ നീണ്ടു.
തിരൂരിൽ ട്രെയിനിലെത്തിയ പച്ചക്കറി, പൂ തുടങ്ങിയവ ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കെത്തിക്കാൻ രാവിലെ മുതൽ തിരക്കുണ്ടായി. അതോടൊപ്പം ഗൾഫ് മാർക്കറ്റിൽ ഇലക്ട്രോണിക്സ് സാധനങ്ങൾ സ്വന്തമാക്കാനും ആളുകൾ ഇടിച്ചുകയറി. ഗ്രാമീണ മേഖലകളിൽ കുടുംബശ്രീ, കൃഷിഭവൻ, വിഎഫ്പിസികെ തുടങ്ങി വിവിധ ഔദ്യോഗിക, അനൗദ്യോഗിക ഓണവിപണികളും ഇത്തവണ സജീവമായിരുന്നു. ചുറ്റുവട്ടത്തെ കൃഷിക്കാരിൽനിന്നു ശേഖരിച്ച നാടൻ പച്ചക്കറികൾ വിൽക്കാനൊരുക്കിയ സ്റ്റാളുകളിൽ ഇന്നലെയും കാര്യമായ തിരക്കുണ്ടായി.
സപ്ലൈകോ ജില്ലാ ഓണം ഫെയർ അടക്കം സർക്കാർ തലത്തിലെ വിപണികളിലേക്കും വിലക്കുറവിൽ സാധനങ്ങൾ സ്വന്തമാക്കാൻ ആളുകളെത്തി. പൂക്കൾക്ക് അത്തത്തിനു വലിയ വിലയുണ്ടായിരുന്നതു പിന്നീടു താഴ്ന്നെങ്കിലും ഇന്നലെ വീണ്ടും കൂടി. മറുനാടൻ പൂക്കൾക്കൊപ്പം ജില്ലയിൽനിന്നു വിളവെടുത്തവയും പ്രാദേശിക വിപണിയിലെത്തി. വയനാട്ടിലെ ഉരുൾപ്പൊട്ടലിനെത്തുടർന്ന് ഔദ്യോഗിക ഓണാഘോഷമുണ്ടാകില്ലെന്ന് ആദ്യം അറിയിച്ചിരുന്നതിനാൽ ആദ്യഘട്ടത്തിൽ വിപണിയിലും മങ്ങലേറ്റിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ആഘോഷത്തിനു വീണ്ടും ചൂടുപിടിച്ചു. ദുരന്തത്തിന്റെ സങ്കടങ്ങൾ മറന്നു വീണ്ടും സമൃദ്ധിയുടെ നാളുകൾക്കായുള്ള പ്രതീക്ഷയുമായി ജില്ലയും ഓണത്തിമർപ്പിലേക്ക്.
സംസ്ഥാനത്തെ തൂശനിലകളിൽ തിളങ്ങും ജില്ലയുടെ പച്ചക്കറി
ഓണസദ്യയ്ക്കായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്കു ജില്ലയിൽനിന്നു വിളവെടുത്ത 89 ടൺ പച്ചക്കറിയാണ് കയറ്റി അയച്ചത്. ഹോർട്ടികോർപ് വഴി കഴിഞ്ഞ 4 ദിവസങ്ങളിലായി മാത്രം അയച്ച പച്ചക്കറിയുടെ കണക്കാണിത്. കുമ്പളം, ചേന, പച്ചക്കായ, വെള്ളരി തുടങ്ങിയ ഇനങ്ങളാണു കൂടുതൽ പോയത്. ഇവ മൂന്നാർ, കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലേക്കാണു കയറ്റി അയച്ചത്. ജില്ലയിലെ കർഷകർ വിളയിച്ചെടുത്ത നാടൻ പച്ചക്കറികളാണ് ഇത്തരത്തിൽ അയച്ചത്.
ഉത്രാടനാളിൽ ഭഗവതിക്ക് കാഴ്‌ചക്കുടയുമായി മലയരാജാവെത്തി
അങ്ങാടിപ്പുറം∙ ഉത്രാടനാളിൽ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ഭഗവതിക്കു കാഴ്‌ചക്കുടയും കാഴ്ചക്കുലയുമായി പതിവു തെറ്റിക്കാതെ മലയരാജാവെത്തി. രാവിലെ ശ്രീമൂലസ്ഥാനത്തു വച്ചായിരുന്നു മലയരാജാവ് കലംപറമ്പിൽ ഗോപാലകൃഷ്‌ണന്റെ കാഴ്ചക്കുട സമർപ്പണച്ചടങ്ങ്. ക്ഷേത്രം ട്രസ്‌റ്റി പ്രതിനിധി എ.സി.ഡി.രാജ, എം.സി.കൃഷ്‌ണകുമാർ രാജ, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർ എം.വേണുഗോപാൽ, അസിസ്റ്റന്റ് മാനേജർ ശിവപ്രസാദ്, ഭക്തിഗാനരചയിതാവ് പി.സി.അരവിന്ദൻ, സുജിത ബാലൻ, ദിനേശ് മണ്ണാർമല, കെ.പി.ഉദയകുമാർ, ദീപേഷ് അങ്ങാടിപ്പുറം, കെ.പി.ജിത്തു, ധ്യാൻ ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ വർഷം വരെ ഉത്രാടസന്ധ്യയിൽ, മലയരാജാവായിരുന്ന കലംപറമ്പിൽ ബാലന്റെ നേതൃത്വത്തിൽ തുയിലുണർത്തുപാട്ട് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ സ്‌മരണയിൽ ഇത്തവണ നാടൻപാട്ട് കലാകാരി കൂടിയായ മകൾ സുജിത ബാലന്റെ നേതൃത്വത്തിൽ തുയിലുണർത്തുപാട്ട് നടന്നു. മകൾ ദിയ ദിനേശ്, ദിനേശ് മണ്ണാർമല എന്നിവരും പങ്കെടുത്തു.
ഉത്രാടപ്പാച്ചിലിൽ നാടും നഗരവും
വളാഞ്ചേരി ∙ തിരുവോണത്തലേന്ന് ഉത്രാടപ്പാച്ചിലിൽ നാടും നഗരവും. നഗരത്തിന്റെ മുക്കിലും മൂലയിലും ഓണാഘോഷത്തിന്റെ ആരവമാണ് ഉയരുന്നത്. വിവിധ ക്ലബ്ബുകൾ, സംഘടനകൾ, വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങി എല്ലാവരും ഓണം കളറാക്കുന്നതിന്റെ തിരക്കിലാണ്. വ്യാപാരകേന്ദ്രങ്ങളിലെല്ലാം വൻ തിരക്ക് അനുഭവപ്പെട്ടു.
പൂവിപണികൾ, വസ്ത്രശാലകൾ, ചെരുപ്പുകടകൾ, ഫാൻസിഷോപ്പുകൾ, പലവ്യഞ്ജനം–പച്ചക്കറിക്കടകൾ, എന്നിവിടങ്ങളിലെല്ലാം തിരക്കായിരുന്നു. 2 ദിവസമായി മഴ മാറി നിന്നത് ഓണവിപണിക്കു കൂടുതൽ സൗകര്യമായി. ഓണസദ്യയും പായസമേളകളും സജീവമാണ്. ഓണത്തിരക്കിനൊപ്പം നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. രാവിലെ മുതൽ സെൻട്രൽ ജംക്‌ഷനിൽ വാഹനങ്ങൾ നിയന്ത്രിക്കാൻ പൊലീസുകാരും ട്രാഫിക് വാർഡൻമാരും ഏറെ പ്രയാസപ്പെട്ടു.
തൃക്കാക്കരയപ്പനെ വയ്ക്കൽ പൂർത്തിയായി
എടപ്പാൾ ∙ ഇല്ലങ്ങളിലും മനകളിലും ഉത്രാട നാളിൽ അവസാന തൃക്കാക്കരയപ്പനും പീഠത്തിൽ കയറി. മറ്റു വീടുകളിലും തൃക്കാക്കരയപ്പനെ വയ്ക്കൽ ചടങ്ങ് ഭക്തിപൂർവം നടന്നു. ഇല്ലങ്ങളിലെ ഓണച്ചടങ്ങ് ആരംഭിക്കുന്നത് ചിങ്ങത്തിരുവോണത്തിന് 28 നാൾ മുൻപുള്ള തിരുവോണം മുതലാണ്. അത് മിക്കപ്പോഴും കർക്കിടക തിരുവോണമായിരിക്കും.
ആ ദിവസം മുതൽ നടുമുറ്റത്ത് രണ്ടിടത്ത് മുക്കുറ്റിപ്പൂവ് ഇടാൻ തുടങ്ങും. അത്തം മുതൽ നാക്കില വച്ച് രണ്ടിടത്തും തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കും. മൂലം നാളിൽ നാക്കിലക്കു താഴെ മരപ്പലക വയ്ക്കും. ചതയത്തിനാണ് തൃക്കാക്കരയപ്പനെ പൂവിളികളോടെ എടുത്ത് മാറ്റുക. ആചാരങ്ങൾ ഇന്നും നെഞ്ചേറ്റുന്ന പല ഇല്ലങ്ങളിലും മനകളിലും ഈ ചടങ്ങ് ഭക്തിപൂർവം നടത്തി വരുന്നുണ്ട്.
ആവേശമായി പകിടകളിയും അഞ്ചിൻ തായവും
എടപ്പാൾ ∙ ഓണനാളിൽ ആവേശമായി പകിടകളിയും അഞ്ചിൻ തായവും. പഴയകാല കളികളിൽ പലതും ഓർമയായെങ്കിലും നാട്ടിൻപുറത്തെ ഒരു വിഭാഗം ഇതിൽ മുഴുകുന്നു. കാരണവന്മാരുടെ നേതൃത്വത്തിലുള്ള പകിടകളിക്കാരും പുതുതലമുറയിലുള്ളവരും തമ്മിലാണ് മത്സരം. പണ്ടൊക്കെ ദേശക്കാരുടെ വീറും വാശിയും തിരിയുന്ന പകിടകളിൽ പ്രകടമായിരുന്നു.
രാജവാഴ്ച കാലത്തും വളരെ പ്രധാന്യമുള്ള കളിയായിരുന്നു ഇത്. അന്ന് ദേശങ്ങളുടെ പെരുമയും പ്രൗഢിയും പകിടയിലാണ് തെളിയിച്ചിരുന്നത്. നാല് കൊമ്പുകളിൽ 96 കള്ളികളാണ് ഉണ്ടാവുക. രണ്ട് ടീമുകൾക്കുമായി 16 ചൂതുകളുമുണ്ട്. വാഴയിലയുടെ തണ്ടാണ് ചൂതിനായി വെട്ടിയെടുക്കുക. 8 ചൂതുകൾ കൊമ്പു ചുറ്റി പഴം വീണാൽ കളി ജയിക്കും. ഒരു കളിയിൽ ജയം കാണാൻ ചിലപ്പോൾ ഒന്നു മുതൽ മൂന്ന് ദിവസങ്ങൾ വരെ എടുക്കും.
കളിയിൽ എണ്ണം പിഴക്കാത്ത കണക്കുതെറ്റാത്ത ഒരു തലമുറയുണ്ടായിരുന്നു ഈ പകിടകളി സംഘങ്ങളിൽ. കാലം മാറിയെങ്കിലും ഇന്നും ഇത്തരം വിനോദങ്ങളിൽ ഏർപ്പെടുന്നവർ ഓണക്കാലത്തെ കാഴ്ചയാണ്.
അമ്മയ്ക്കൊരു ഓണപ്പുടവ
എരമംഗലം ∙ കോൺഗ്രസ് വെളിയങ്കോട് മേഖല കമ്മിറ്റി നടത്തിയ അമ്മയ്ക്കൊരു ഓണപ്പുടവ കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. യുസഫ് ഷാജി ആധ്യക്ഷ്യം വഹിച്ചു. വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടയിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.അജയ്മോഹൻ, ഷാജി കാളിയത്തേൽ, ടി.പി.കേരളീയൻ, സി.കെ.പ്രഭാകരൻ, അബു തവയിൽ, സുരേഷ് പാട്ടത്തിൽ, വി.പി.ഷഫീഖ്, എ.കെ.മുജീബ് എന്നിവർ പ്രസംഗിച്ചു.
എടപ്പാൾ ∙ കെപിഎസ്ടിഎ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഓണാഘോഷത്തോടനുബന്ധിച്ച് എടപ്പാൾ സഹായി അഭയ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഓണക്കോടിയും ഓണ സദ്യയും നൽകി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.പി.രാജീവ് ഉദ്ഘാടനം ചെയ്തു. ബെന്നി തോമസ് ആധ്യക്ഷ്യം വഹിച്ചു. സഹായി ഭാരവാഹി മുരളി മേലേപ്പാട്ടിനെ ആദരിച്ചു. എം.കെ.എം.അബ്ദുൽ ഫൈസൽ, ഹസീന ബാൻ, സി.എസ്.മനോജ്, സി.പി.മോഹനൻ, സി.പി.ഷറഫുദ്ദീൻ, കെ.വി.പ്രഷീദ്, സി.പ്രശാന്തി, കെ.പി.നസീബ്, ബിജു പി.സൈമൺ എന്നിവർ പ്രസംഗിച്ചു.
ഇതൊക്കെ എന്ത് !; തിരുവാതിരക്കളിയിൽ അരങ്ങേറ്റം കുറിച്ച് അധ്യാപകർ
കോട്ടയ്ക്കൽ∙ ഈണവും താളവും പിഴച്ചില്ല. മലയാളത്തനിമയോടെ നിലവിളക്കിനുചുറ്റും ആണുങ്ങൾ തിരുവാതിരക്കളിയിൽ ചുവടുവച്ചപ്പോൾ സ്ഥിരം തിരുവാതിരക്കളി നടത്തുന്ന മങ്കമാർ അദ്ഭുതപ്പെട്ടു. ഗവ.രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ ഒരുകൂട്ടം അധ്യാപകർ അങ്ങനെ തിരുവാതിരക്കളിയിൽ അരങ്ങേറ്റം കുറിച്ചു. സ്കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായാണ് തിരുവാതിരക്കളി അവതരിപ്പിച്ചത്. അധ്യാപികമാരുടെ തിരുവാതിരക്കളിയും ഉണ്ടായിരുന്നു.
പരിണയം എന്ന സിനിമയിലെ ‘പാർവണേന്ദുമുഖീ പാർവതീ...’ എന്നു തുടങ്ങുന്ന വരികൾക്കൊപ്പമാണ് അധ്യാപകക്കൂട്ടം ചുവടുവച്ചത്. ബ്രൗൺ ഷർട്ടും മുണ്ടുമായിരുന്നു എട്ടംഗ കളിസംഘത്തിന്റെ വേഷം. അധ്യാപകനായ വടക്കേതിൽ യൂനുസ് ആണു ഗുരു. ശാസ്ത്രീയ നൃത്തം പഠിച്ചതിന്റെ അറിവും കലോത്സവങ്ങൾക്കായി കുട്ടികളെ തിരുവാതിരക്കളി പഠിപ്പിക്കുന്നതിന്റെ പരിചയവും യൂനുസിനു തുണയായി. 4 ദിവസമെടുത്താണു കളി പഠിപ്പിച്ചത്. യൂനുസ് ഒഴികെയുള്ളവരെല്ലാം ആദ്യമായാണ് വേദിയിൽ ചുവടുവയ്ക്കുന്നത്. കെ.വിഷ്ണുരാജ്, കെ.മുജീബ് റഹ്മാൻ, എ.പ്രമോദ്, കെ.ഫാസിൽ, വി.ഹരിപ്രസാദ്, സി.എച്ച്.നസീഫ്, എ.വി.ശ്രീനാഥ് എന്നിവരായിരുന്നു മറ്റു കളിക്കാർ. തിരുവാതിരക്കളിക്കു തിരശ്ശീല വീണപ്പോൾ കുട്ടികളുടെയും അധ്യാപകരുടെയും ആവേശ കയ്യടി.