ADVERTISEMENT

പെരിന്തൽമണ്ണ∙ മോട്ടർ വാഹന വകുപ്പിന്റെ വാഹന ഫിറ്റ്നസ് പരിശോധന ഇനി പഴയപടി ആഴ്ചയിൽ 4 ദിവസം. ഇടക്കാലത്ത് 2 ദിവസമായി ചുരുക്കിയിരുന്നതാണ് പഴയപടിയാകുന്നത്. പെരിന്തൽമണ്ണ ജോയിന്റ് ആർടിഒ ഓഫിസിൽ പരിശോധനയ്‌ക്ക് സ്ലോട്ട് ലഭിക്കാതെ അറുനൂറോളം പേരാണ് 2 മാസത്തിലേറെയായി വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്‌ക്ക് കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ഓൾ കേരള ഓട്ടോ കൺസൽറ്റന്റ് ഏരിയ കമ്മിറ്റിയുടെയും ഓട്ടോ–ടാക്സി ആൻഡ് ലൈറ്റ് മോട്ടർ വർക്കേഴ്സ് യൂണിയന്റെയും (സിഐടിയു) നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 

നിലവിൽ ബുധൻ, ശനി ദിവസങ്ങളിൽ മാത്രമാണ് ഫി‌റ്റ്‌നസ് പരിശോധന നടന്നിരുന്നത്. ‍ഡ്രൈവിങ് ടെസ്‌റ്റ് പരിശോധന നടക്കുന്ന ദിവസങ്ങളിൽ ഫിറ്റ്‌നസ് പരിശോധന വേണ്ടെന്നായിരുന്നു നിർദേശം. ഇനി തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പരിശോധന നടക്കും.  നിലവിൽ ഒരു ദിവസം 120 വാഹനങ്ങളാണ് പരിശോധിക്കുന്നത്.  ഡ്രൈവിങ് ടെസ്‌റ്റ് കൂടി പരിഗണിച്ച് ഇനി പ്രതിദിനം 80 വാഹനങ്ങളാണ് പരിശോധിക്കുക. ഇതുവരെ ആഴ്‌ചയിൽ 240 വാഹനങ്ങളാണ് ഫിറ്റ്‌നസ് പരിശോധന നടത്തിയിരുന്നത്. ഇനിയത് 320 വാഹനങ്ങളായി മാറും.  

നിലവിലുള്ള അപേക്ഷകളിൽ പരിശോധന രണ്ടാഴ്‌ചയ്‌ക്കകം പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോയിന്റ് ആർടിഒ എം.രമേശ് പറഞ്ഞു.  കഴിഞ്ഞ 2 മാസത്തിനിടെ ഫിറ്റ്‌നസ് നടത്തുന്ന 6 ദിനങ്ങൾ അവധി ദിനങ്ങളായി നഷ്‌ടപ്പെട്ടു. അതുകൊണ്ടാണ് പരിശോധനയ്‌ക്കുള്ള വാഹനങ്ങളുടെ എണ്ണം കൂടിയത്.

ജീവനക്കാരുടെ കുറവും പ്രതിസന്ധിയായി. ജോയിന്റ് ആർടിഒയ്‌ക്ക് പുറമേ ഒരു എഎംവിഐയും താൽക്കാലികമായി സ്‌ക്വാഡ് പ്രവർത്തനത്തിന് അനുവദിച്ച ഒരു എഎംവിഐയുമാണ് ഉള്ളത്. 2 എംവിഐമാരിൽ ഒരാൾ 2 മാസത്തോളം ഹജ് സെല്ലിന്റെ ഡ്യൂട്ടിയിലുമായി. കുന്നുകൂടിയ അപേക്ഷകൾ പരിശോധിക്കുന്നതിന് ഒരു എംവിഐയെയും എഎംവിഐയും താൽക്കാലികമായി അനുവദിച്ചിട്ടുള്ളതും ആശ്വാസമാണ്.

English Summary:

The Perinthalmanna Joint RTO office has resumed its 4-day a week schedule for vehicle fitness tests after facing significant backlog and protests from transport unions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com