ADVERTISEMENT

പൊന്നാനി ∙‘ജില്ലയിൽ പ്രകൃതിദുരന്തമുണ്ടായി, കരാർ കാലാവധി നീട്ടിത്തരണം’– മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായുള്ള 100 വീടുകളുടെ നിർമാണച്ചുമതലയുള്ള കരാറുകാരന്റേതാണ് ആവശ്യം. ജില്ലയിൽ എന്ന്, എവിടെ പ്രകൃതിദുരന്തമുണ്ടായെന്നു പോലും ചോദിക്കാതെ കരാറുകാരന്റെ വാദം അതേപടി അസിസ്റ്റന്റ് എൻജിനീയറും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും അംഗീകരിച്ചു. കഴിഞ്ഞമാസം 16നു മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു കൈമാറേണ്ട പുനർഗേഹം ഭവനസമുച്ചയ പദ്ധതിയിലാണു വിചിത്ര നടപടി.

‌കരാറുകാരന് ഒരു വർഷം കൂടി നീട്ടി നൽകാനാണ് ഉദ്യോഗസ്ഥരുടെ ശുപാർശ. 18 മാസം കരാർ കാലാവധി നൽകിയിട്ടും നിർമാണം ഇതുവരെ പൂർത്തിയാക്കിയത് വെറും 16% മാത്രം. ഉടൻ വീടു ലഭിക്കുമെന്ന് പ്രതീക്ഷിച്ച് വാടക വീടുകളിലും ബന്ധുവീടുകളിലും കഴിയുന്ന കുടുംബങ്ങൾ എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. ഇല്ലാത്ത പ്രകൃതിദുരന്തം ചൂണ്ടിക്കാട്ടി കരാറുകാരൻ നൽകിയ കത്ത് ഉദ്യോഗസ്ഥർ അതേപടി സ്വീകരിച്ചതു വിവാദമായിരിക്കുകയാണ്. കരാറുകാരനു പിഴ ചുമത്താനോ പദ്ധതിക്കായി പുതിയ കരാർ നൽകാനോ നിർദേശങ്ങളുണ്ടായില്ല. എഇയും എഎക്സ്ഇയും നൽകിയ റിപ്പോർട്ടിൽ അന്തിമ തീരുമാനം വന്നിട്ടില്ല.

പദ്ധതിയുടെ ഭാഗമായി ഹാർബർ എൻജിനീയറിങ് ഓഫിസിന്റെ പിറകിലായി നിർമിക്കുന്ന ഏതാനും വീടുകളുടെ അടിത്തറ നിർമാണം മാത്രമാണു പൂർത്തിയാക്കിയിരിക്കുന്നത്. ഇൗ അടിത്തറ കാടുമൂടി കിടക്കുകയാണിപ്പോൾ. ഇതിനിടെ, ചെയ്ത പണിയുടെ പണം ലഭിച്ചില്ലെന്നും മഴയും നിർമാണ സാമഗ്രികൾ കിട്ടാത്തതും തിരിച്ചടിയായെന്നും കരാറുകാരൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്നാൽ, പദ്ധതി പൂർത്തിയാക്കുന്നതിനു മുൻപ് ഇടക്കാല ബില്ല് പാസായില്ലെന്ന കാരണത്താൽ നിർമാണം നീട്ടരുതെന്ന് സർക്കാർ ചട്ടമുണ്ട്. ഇതേ കാലയളവിൽ തന്നെ ഹാർബറിൽ നടക്കുന്ന മറ്റു പദ്ധതികൾക്കൊന്നും മഴയും മെറ്റീരിയൽ ലഭിക്കാത്ത കാരണങ്ങളും തടസ്സമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. ഇൗ പദ്ധതിക്കു മാത്രമാണ് ഉദ്യോഗസ്ഥരുടെ പ്രത്യേക പരിഗണന. 10 കോടി രൂപയാണു ഭവന സമുച്ചയത്തിനായി സർക്കാർ അനുവദിച്ചിരിക്കുന്നത്.

English Summary:

A housing project meant to provide homes for 100 fishermen families has been plagued by delays, with the contractor completing only 16% of the work after 18 months. The contractor, citing a fabricated natural disaster, requested a contract extension, which was readily accepted by officials despite no evidence of such an event. This incident raises serious concerns about potential negligence and misconduct within the project management.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com