ADVERTISEMENT

എരമംഗലം ∙ പൊന്നാനി കോളിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വരുന്ന സീസണിൽ കൃഷി ഇറക്കുന്നതിന് കുറിച്ച് ആലോചിക്കുന്നതിനും കോൾ വികസന സമിതി യോഗം നാളെ ചേരും. കോൾ വികസന സമിതി (കെഡിഎ)വിളിച്ച യോഗം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ രാവിലെ 10ന് നടക്കും. 8 മാസത്തെ ഇടവേള കഴിഞ്ഞു നടക്കുന്ന യോഗത്തിൽ പ്രധാന തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. സമഗ്ര കോൾ വികസനം അവസാന ഘട്ടത്തിൽ എത്തിയെങ്കിലും കൃഷി ഇറക്കുന്നത് മുതൽ വിളവെടുപ്പ് വരെ പാടശേഖരങ്ങളിൽ കർഷകരുടെ ദുരിതം തുടരുകയാണ്. 

പുഞ്ച കൃഷി ഇറക്കുന്ന 7500 ഏക്കർ പാടശേഖരങ്ങളിൽ ബണ്ട് നിർമാണം പൂർത്തിയാക്കിയെങ്കിലും കൃഷിയുടെ അവസാന സമയത്ത് കർഷകർക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ബണ്ട് തകർന്ന് കൃഷി നശിച്ചവർക്കും വരൾച്ച ബാധിച്ച കർഷകർക്ക് നഷ്ടപരിഹാരം ഇതുവരെ ലഭ്യമായിട്ടില്ല. വരൾച്ചയിൽ കൃഷി നശിച്ചവരുടെ ഇൻഷുറൻസ് തുകയാണ് വൈകുന്നത്.രോഗവും വരൾച്ചയും കഴിഞ്ഞ സീസണിൽ കർഷകർക്ക് വലിയ നഷ്ടം വരുത്തിയെങ്കിലും ഓരോ പാടശേഖരവും ഇത്തവണയും കൃഷി ഇറക്കാനുള്ള ഒരുക്കത്തിലാണ്. മലപ്പുറം, തൃശൂർ ജില്ലകളിലായി പരന്നു കിടക്കുന്ന പൊന്നാനി കോളിലെ ജനപ്രതിനിധികളും വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും ചേർന്ന് കോളിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണു കർഷകരുടെ പ്രതീക്ഷ.

കാർഷികകലണ്ടർ ഇല്ല
സമഗ്ര കോൾ വികസനം നടപ്പിലാക്കാൻ തുടങ്ങി ഒരു പതിറ്റാണ്ടു കഴിഞ്ഞെങ്കിലും കോളിൽ കാർഷിക കലണ്ടർ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. കോൾ വികസന സമിതി യോഗത്തിൽ കാർഷിക കലണ്ടറിനെ കുറിച്ച് ചർച്ച ചെയ്യുമെങ്കിലും പഠനം പൂർത്തിയായിട്ടില്ല. ഇത് നടപ്പിലാക്കാൻ വൈകുന്നതിനാൽ കോളിന്റെ തെക്കൻ മേഖലയിൽ നടീൽ പൂർത്തിയാക്കി ഒരു മാസം കഴിഞ്ഞതിനെ  ശേഷമാണ് വടക്കൻ മേഖലയിൽ കൃഷി ആരംഭിക്കുക. തുലാം മഴയെ ആശ്രയിച്ചാണ് മുൻ കാലങ്ങളിൽ കൃഷി ചെയ്തതെങ്കിൽ ഇപ്പോൾ പല സമയങ്ങളിലാണ് കൃഷിയിറക്കലും വിളവെടുപ്പും.

പമ്പ് സെറ്റ് ഇല്ല നല്ല വിത്തുകളും
കൃഷി ഇറക്കുന്നതിന് പാടശേഖരങ്ങളിൽ നിന്ന് വെള്ളം വറ്റിക്കുന്നതിനുള്ള പമ്പ് സെറ്റ് വിതരണം പൂർത്തിയാക്കിയിട്ടില്ല.പമ്പ് സെറ്റുകൾ ഇല്ലാത്തത് മൂലം മൂവായിരത്തോളം പാടശേഖരം തരിശിടുമെന്ന ആശങ്കയിലാണ്.നല്ല വിത്തുകൾ ലഭിക്കാത്തതിനാൽ നെല്ലിന് രോഗങ്ങൾ കൂടുകയും ഉൽപാദനത്തിന്റെ അളവ് കുറഞ്ഞു വരികയാണ്. കൃഷി വകുപ്പ് സൗജന്യമായി നൽകുന്ന വിത്ത് ചിലത് മുളയ്ക്കാറില്ല. മൂപ്പ് കുറവുള്ളതും ഉൽപാദനം കൂടുതലുമുള്ള വിത്താണ് കർഷകർ കൃഷി ചെയ്യാൻ താൽപര്യം.

വരൾച്ചാ ഭീതി
വേനലിന്റെ തുടക്കത്തിൽ തന്നെ കൃഷിക്ക് വെള്ളം തികയാതെ വരുന്നതിനാൽ വരൾച്ച കൃഷിയെ കാര്യമായി ബാധിക്കുന്നുണ്ട്.  മുൻകാലങ്ങളിൽ തരിശായി കിടന്നിരുന്ന പാടശേഖരങ്ങളിൽ കൂടി കൃഷി ആരംഭിച്ചതോടെ ബിയ്യം, റഗുലേറ്റർ, നുറടിത്തോട് എന്നിവിടങ്ങളിൽ കെട്ടി നിർത്തിയ വെള്ളം ഉപയോഗിച്ചാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കഴിഞ്ഞ സീസണിൽ ആയിരത്തോളം ഏക്കർ നെല്ലാണ് വരൾച്ചയിൽ കരിഞ്ഞുണങ്ങിയത്.

English Summary:

After an eight-month hiatus, the Kole Wetland Development Committee (KWDC) will hold a vital meeting to address the challenges faced by farmers in the Ponnani Kole wetlands and to plan for the upcoming cultivation season.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com