ADVERTISEMENT

തിരൂർ ∙ നാട്ടിൽ പേരു കേട്ടൊരു സ്റ്റേഡിയമുണ്ടെങ്കിലും കായിക പ്രതിഭകളാകാൻ കൊതിക്കുന്ന വിദ്യാർഥികൾക്കു പരിശീലനം നടത്താൻ പാലക്കാടും കോഴിക്കോടും പോകണം. തിരൂർ രാജീവ്ഗാന്ധി സ്റ്റേഡിയത്തിന്റെ വികസനം പ്രഖ്യാപനമായി ഒതുങ്ങുന്നു. കോടികൾ ചെലവഴിച്ചുണ്ടാക്കിയ ട്രാക്ക് പൊട്ടിപ്പൊളി‍ഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഈ ട്രാക്കിൽ ഓട്ടമത്സരം പരിശീലിച്ചാൽ പരുക്കു മാത്രം ബാക്കിയാകുമെന്ന സ്ഥിതിയാണ്. തിരൂർ ഉപജില്ലയിൽ പത്തിലേറെ ദേശീയ താരങ്ങളുണ്ട്. ഇവരും ഉയർന്നു വരുന്ന താരങ്ങളുമെല്ലാം പരിശീലനത്തിനായി മറ്റിടങ്ങൾ തിരഞ്ഞെടുക്കുകയാണ്.

പരിശീ‌ലനം കാലിക്കറ്റിൽ:ചെലവ് 6,000 രൂപ
തിരുനാവായ നവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിലെ കായികതാരങ്ങൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് പരിശീലനത്തിനു പോകുന്നത്. ഒരു തവണ പോയി വരാൻ 6,000 രൂപയോളം ചെലവുണ്ട്. ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിലെ താരങ്ങൾ പരിശീലനത്തിനായി പോകുന്നത് പാലക്കാട് ചാത്തനൂർ ഗവ. സ്കൂൾ സ്റ്റേഡിയത്തിലേക്കാണ്. ഇന്ധനച്ചെലവ് സ്കൂൾ വഹിക്കുന്നതിനാൽ 3,500 രൂപയാണ് പോയി വരാനുള്ള ചെലവ്. സാമ്പത്തിക പ്രയാസം കാരണം എല്ലായ്പ്പോഴും പോകാനും സാധിക്കാറില്ല. രാജീവ്ഗാന്ധി സ്റ്റേഡിയം നവീകരിച്ചിരുന്നുവെങ്കിൽ പരിശീലനത്തിന് എന്നും ഉപയോഗിക്കാൻ സാധിക്കുമായിരുന്നു.

മത്സരിക്കുന്നവർക്ക് പരുക്കു ഭീതി
അടുത്ത ദിവസങ്ങളിൽ ഇവിടെ വച്ചാണ് തിരൂർ, താനൂർ സബ്ജില്ലാ കായിക മേളകൾ നടക്കുന്നത്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന സിന്തറ്റിക് ട്രാക്കിൽ ഓട്ടമത്സരത്തിനു പങ്കെടുത്താൽ താരങ്ങൾ വീണ് പരുക്കേൽക്കുമോ എന്ന ഭീതിയിലാണ് രക്ഷിതാക്കൾ. തിരൂർ ഉപജില്ലയിൽ പത്തിലേറെ ദേശീയ കായിക താരങ്ങളുണ്ട്. ഇവരെല്ലാം ഉപജില്ലാ കായികമേളയിൽ പങ്കെടുക്കാനുണ്ടാകും. ഇവർക്കു പരുക്കേറ്റാൽ അടുത്ത ഘട്ടത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാനാകില്ലെന്ന ആശങ്കയും നിലനിൽക്കുന്നു. മറ്റിടങ്ങളില്ലാത്തതിനാലാണ് രാജീവ്ഗാന്ധി സ്റ്റേഡിയം ഇപ്പോഴും തിരഞ്ഞെടുക്കാനുള്ള കാരണം. 

ശുചിമുറിപോലുമില്ല
കഴിഞ്ഞ ദിവസങ്ങളിലായി വിവിധ സ്കൂളുകളും ഇവിടെ വച്ച് കായികമേളകൾ നടത്തിയിരുന്നു. ഈ സമയങ്ങളിൽ ധാരാളം വിദ്യാർഥികൾ പൊളിഞ്ഞ ട്രാക്കിൽ വീണിരുന്നു. കൂടാതെ ഇവിടെ ശുചിമുറികൾ ഇല്ലാത്തതും പ്രയാസമാണ്. കായികമേള തുടങ്ങുന്നതിനു മുൻപായി ശുചിമുറികൾ ശരിയാക്കാമെന്നു നഗരസഭ ഉറപ്പു നൽകിയിട്ടുണ്ടെന്ന് അധ്യാപകർ പറഞ്ഞു.

‌തിരൂർ ഉപജില്ലാ കായികമേള 10ന് 
ഉപജില്ലാ കായികമേള 10ന് തിരൂർ രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ ആരംഭിക്കും. രാവിലെ 9ന് തിരൂർ ഡിവൈഎസ്പി ഇ.ബാലകൃഷ്ണൻ ഫ്ലാഗ് ഹോസ്റ്റിങ് നടത്തും. തുടർന്ന് നടക്കുന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ എ.പി.നസീമ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകരായ എൻ.പി.ഫൈസൽ, കെ.ഗിരീഷ്, എം.ഷാജിർ, പി.സജയ്, പി.ഷിജു, എം.സക്കീർ എന്നിവർ പറഞ്ഞു.

English Summary:

This article highlights the plight of young athletes in Tirur who lack access to proper sports training facilities despite the presence of a stadium in their locality. It sheds light on their need to travel to nearby cities like Palakkad and Kozhikode for quality training, emphasizing the urgent need for the development of Tirur Rajiv Gandhi Stadium.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com