77–ാം വയസ്സിൽ നൂറുമേനി വിളയിച്ച് മാമുക്കോയ
Mail This Article
തേഞ്ഞിപ്പലം ∙ 77–ാം വയസ്സിൽ 100 മേനി വിളയിച്ച് കർഷകൻ പുത്തൂർ പള്ളിക്കൽ കോണീരിമാട് വെള്ളേത്തൊടി പെരിമ്പേക്കാട്ട് മാമുക്കോയ. കരനെൽ കൃഷിയിൽ നിന്ന് കർഷകർ ഒന്നാകെ പിന്മാറിയ കാലമായിട്ടും ഉമ ഇനത്തിൽപ്പെട്ട വിത്തെത്തിച്ച് വീട്ടുവളപ്പിലെ 50 സെന്റിൽ വിതച്ച് ചിട്ടയായ പരിചരണത്തിലൂടെ മാമുക്കോയ ‘പൊന്ന്’ വിളയിക്കുകയായിരുന്നു. മാമുക്കോയയ്ക്ക് 2 തവണ മികച്ച കർഷകനുള്ള പള്ളിക്കൽ പഞ്ചായത്ത് തല അവാർഡ് ലഭിച്ചിട്ടുണ്ട്.
യുവാവായിരിക്കെ കൃഷിയുടെ പച്ചപ്പിലേക്ക് ഇറങ്ങിയതാണ്. ഇപ്പോൾ നടത്തത്തിനിടെ ഊന്നുവടി കയ്യിലുണ്ടെന്നതൊഴിച്ചാൽ അന്നും ഇന്നും മാമുക്കോയയെ സംബന്ധിച്ച് കൃഷി ആവേശകരം. കുടുംബം കൃഷി ലോകത്ത് പിന്തണയേകി ഒപ്പമുണ്ട്. പുത്തൂർ പള്ളിക്കൽ പാടശേഖര സമിതിയിലെ സജീവ അംഗമാണ്. ഒരാഴ്ച കഴിഞ്ഞ് നാലേക്കറിൽ പുത്തൂർ പള്ളിക്കൽ കുറ്റിപ്പുറത്ത് പാടത്ത് നടീലിന്റെ തിരക്കിലേക്ക് കടക്കുകയാണ് മാമുക്കോയ.
ഞാറ്റടികൾ മൂപ്പെത്താറായി. ഉരുളക്കിഴങ്, ഇഞ്ചി, ചേന, ചേമ്പ്, കാവുത്ത്, കപ്പ തുടങ്ങിയ കൃഷികളുമുണ്ട്. കൈക്കോട്ടും അരിവാളും മറ്റുമായി മാമുക്കോയയും പണികളിൽ ഏർപ്പെടുന്നു.വിളവെടുപ്പ് ഉദ്ഘാടനം പുത്തൂർ പള്ളിക്കൽ വാർഡ് അംഗം എൻ.പി. നിധീഷ് കുമാർ നിർവഹിച്ചു. പാടശേഖര സമിതി ചെയർമാൻ കെ.ടി. മൊയ്തീൻ കുട്ടി, കൺവീനർ ടി. അസ്‌ലം, സെയ്ദ് നീരോൽപലം കൃഷി അസിസ്റ്റന്റ് സന്തോഷ് കുമാർ, വി.പി. അനീസ്, അഭിനവ് തുടങ്ങിയവർ പ്രസംഗിച്ചു.