ADVERTISEMENT

മലപ്പുറം ∙ ഉദ്യോഗാർഥിക്ക് ഇന്റർവ്യൂ അറിയിപ്പ് ലഭിച്ചത് അഭിമുഖം കഴിഞ്ഞ് 2 ദിവസത്തിനു ശേഷം. കത്ത് യഥാസമയം എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ തപാൽ വകുപ്പിനോട് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ . ഭിന്നശേഷിക്കാരനായ പുൽപറ്റ ചെറുതൊടിയിൽ അജിത് നൽകിയ പരാതിയിലാണ് നടപടി. നഷ്ടപരിഹാരത്തിനു പുറമേ 5,000 രൂപ കോടതി ച്ചെലവും നൽകണം. തുക ഒരു മാസത്തിനകം പോസ്റ്റൽ വകുപ്പും വീഴ്ചവരുത്തിയ ജീവനക്കാരനും ചേർന്ന് പരാതിക്കാരന് നൽകണമെന്നാണ് ഉത്തരവ്. 

റവന്യു വകുപ്പിൽ സർവേയർ തസ്തികയിലേക്കുള്ള താൽക്കാലിക നിയമന അഭിമുഖവുമായി ബന്ധപ്പെട്ട് കലക്ടർ അയച്ച കത്താണ് വൈകി എത്തിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 14നുള്ള ഇന്റർവ്യൂ അറിയിപ്പ് സിവിൽ സ്റ്റേഷനിൽ നിന്ന് പോസ്റ്റ് ഓഫിസ് വഴി ഫെബ്രുവരി 6ന് തന്നെ അയച്ചിരുന്നു.  7ന് കത്ത് കരുവമ്പ്രം പോസ്റ്റ് ഓഫിസിൽ എത്തി. എന്നാൽ അജിത്തിന് ലഭിച്ചത് 16ന്. ഇതോടെ ഇന്റർവ്യൂവിൽ പങ്കെടുക്കാനാകാതെ ജോലിക്കുള്ള അവസരം നഷ്ടമായതിനെത്തുടർന്നാണ് അജിത് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിച്ചത്. 

സംഭവസമയത്ത് പോസ്റ്റ്മാൻ ചുമതല നിർവഹിച്ചയാളുടെ വീഴ്ച കണ്ടെത്തിയതിനാൽ ജോലിയിൽ നിന്ന് പിരിച്ചു വിട്ടെന്നും വകുപ്പിന് നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്നുമുള്ള തപാൽ വകുപ്പിന്റെ വാദങ്ങൾ തള്ളിയാണ് കമ്മിഷൻ നഷ്ടപരിഹാരം വിധിച്ചത്.തുക നൽകുന്നതിൽ വീഴ്ച വരുത്തിയാൽ വിധി വന്ന ദിവസം മുതൽ 9% പലിശ കൂടി നൽകണമെന്ന് കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി.മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവിൽ പറഞ്ഞു.

English Summary:

A job seeker in Malappuram won a significant victory against the postal department after receiving an interview notification two days late. The court deemed the delay negligent and awarded the differently-abled individual ₹1 lakh in compensation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com