ADVERTISEMENT

മലപ്പുറം ∙ ഇടവപ്പാതി പിന്നിട്ടു മഴക്കാലം തുലാവർഷത്തിലേക്കു കടക്കുമ്പോൾ ജില്ലയ്ക്ക് ആശ്വാസം. ജൂണിൽ തുടങ്ങി സെപ്റ്റംബർ 30ന് അവസാനിച്ച തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ മോശമല്ലാത്ത മഴയാണ് ജില്ലയിൽ ഇത്തവണ ലഭിച്ചത്. ഇക്കാലയളവിൽ സാധാരണ ലഭിക്കുന്ന മഴയുടെ അളവ് 1956.5 മില്ലിമീറ്ററാണ്. ഇത്തവണ ലഭിച്ചത് 1754.7 മി.മീറ്റർ. മഴക്കുറവ് 10% മാത്രം. 20% വരെ മഴക്കുറവ് രേഖപ്പെടുത്തിയാലും സാധാരണ മഴ ലഭിച്ചതായാണ് കാലാവസ്ഥാ വിദഗ്ധർ കണക്കാക്കുന്നത്. അതേസമയം, തെക്കുപടിഞ്ഞാറൻ കാലവർഷം പിന്മാറി വടക്കുകിഴക്കൻ കാലവർഷം തുടങ്ങുന്നതിനു മുൻപുള്ള രണ്ടാഴ്ചത്തെ ഇടവേളയിൽ മികച്ച മഴയാണ് ജില്ലയിൽ ലഭിച്ചത്. ഈ മാസം ഒന്നു മുതൽ ഇന്നലെവരെ 184.6 മില്ലിമീറ്റർ മഴ ജില്ലയിൽ ലഭിച്ചു. സാധാരണ ഈ സമയത്തു ലഭിക്കേണ്ടത് 190.3 മില്ലിമീറ്റർ മഴയാണ്.

ഇടവപ്പാതി ഇടഞ്ഞില്ല
സംസ്ഥാനത്ത് ഒരു വർഷം ലഭിക്കുന്ന മഴയുടെ 70–80% ലഭിക്കുന്നത് ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന തെക്കുപടിഞ്ഞാറൻ മഴക്കാലത്താണ്. ഇടവപ്പാതിയെന്നും ഇതിനെ വിളിക്കും. അടുത്ത വർഷത്തെ വരൾച്ചസാധ്യത ഉൾപ്പെടെ കണക്കുകൂട്ടുന്നത് തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ലഭിച്ച മഴയുടെ അടിസ്ഥാനത്തിലാണ്. മലപ്പുറത്തിന് ആശ്വസിക്കാവുന്ന മഴക്കണക്കുകളാണ് ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം നൽകിയത്.

സാധാരണ ലഭിക്കുന്ന മഴയിൽനിന്നു 10% മാത്രം കുറവാണു ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇത് 30 ശതമാനത്തിലേറെയായിരുന്നു. ഓഗസ്റ്റ് മാസത്തിൽ മാത്രമാണ് ഇത്തവണ പ്രതീക്ഷിച്ചതിനെക്കാൾ വളരെ കുറവ് മഴ ലഭിച്ചത്. സാധാരണ ഓഗസ്റ്റ് മാസം 316.4 മി.മീറ്റർ ലഭിക്കുന്നിടത്ത് ഇത്തവണ പെയ്തത് 57.4 മില്ലിമീറ്റർ മഴ മാത്രം. എന്നാൽ, ജൂൺ, ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ മോശമല്ലാത്ത മഴ ലഭിച്ചു. 

‘തുലാവർഷം’ വൈകും
തുലാവർഷം തുടങ്ങിയതായാണ് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എന്നാൽ, ഇടിയുടെ അകമ്പടിയോടെയുള്ള തുലാവർഷം തുടങ്ങാൻ രണ്ടാഴ്ചയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെത്തുടർന്നുള്ള മഴയാണ്  ഇപ്പോൾ ലഭിക്കുന്നത്. ഇതുകാരണം വടക്കുകിഴക്കൻ കാറ്റിന്റെ ഗതി തടസ്സപ്പെട്ടിട്ടുണ്ട്. തമിഴ്നാട് തീരം വഴി വടക്കുകിഴക്കൻ കാറ്റ് കേരളത്തിൽ പ്രവേശിക്കുമ്പോഴാണ് ഇടിയോടു കൂടിയ മഴയുമായി തുലാവർഷം തുടങ്ങുന്നത്. 22–23 തീയതികളിൽ വീണ്ടുമൊരു ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ മഴ ലഭിക്കും. അതിന്റെ പ്രഭാവം കൂടി കഴിഞ്ഞ ശേഷമായിരിക്കും യഥാർഥ തുലാമഴ പെയ്തുതുടങ്ങുക.

English Summary:

The district of malappuram experienced a satisfactory Southwest Monsoon season this year, receiving adequate rainfall. With the transition to the Northeast Monsoon (Thulavarsham), the region anticipates the changing weather patterns.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com