ADVERTISEMENT

മലപ്പുറം∙ മലയാള മനോരമ കോഴിക്കോട്ടു നടത്തുന്ന ‘ഹോർത്തൂസ്’ സാംസ്കാരികോത്സവത്തിലേക്കു മലപ്പുറം ജില്ലയെ സ്വാഗതം ചെയ്തെത്തിയ അക്ഷരപ്രയാണത്തിന് ആഘോഷമായ വരവേൽപ്. ഭക്തകവി പൂന്താനത്തിന്റെ നാട്ടിൽനിന്നു തുടങ്ങിയ ഈ അക്ഷരയാത്ര പൂപ്പലം മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ആർട്സ് ആൻഡ് സയൻസ് കോളജ്, പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർസെക്കൻഡറി സ്കൂൾ, മലപ്പുറം മഅദിൻ അക്കാദമി എന്നിവിടങ്ങളിലെ സ്വീകരണമേറ്റുവാങ്ങി ആദ്യദിനം പൂർത്തിയാക്കി. 

horthus-new-jpeg

മലയാള സംസ്കാരത്തിന്റെയും ഭാഷയുടെയും പെരുമ വിളിച്ചോതിയെത്തിയ അക്ഷരപ്രയാണത്തിന് ആവേശകരമായ സ്വീകരണമാണു ലഭിച്ചത്. പാട്ടുപാടിയും കവിതകളാലപിച്ചും നൃത്തം വച്ചും നാട്ടുകാർ അക്ഷരപ്രയാണത്തിൽ പങ്കാളികളായി.  ഭക്തകവി പൂന്താനത്തിന്റെ നാട്ടിൽ പൂന്താനം സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലുള്ള സ്വീകരണച്ചടങ്ങിൽ കവി ആലങ്കോട് ലീലാകൃഷ്ണനാണ് അക്ഷരപ്രയാണത്തിന്റെ ജില്ലയിലെ പര്യടനം ഉദ്ഘാടനം ചെയ്തത്. പിന്നീടു പൂപ്പലം മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ കോളജിലെത്തിയ അക്ഷരയാത്രയെ പ്രശസ്ത സംവിധായകൻ മേലാറ്റൂർ രവിവർമ ബംപർ ഹിറ്റാക്കി മാറ്റി. 

പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർസെക്കൻഡറി സ്കൂളിൽ സാഹിത്യകാരി ഗിരിജ പാതേക്കര ആശംസകൾ കൊണ്ടു പൂക്കാലം തീർത്തപ്പോൾ മലപ്പുറം മഅദിൻ അക്കാദമിയിൽ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി അക്ഷരയാത്രയ്ക്ക് അനുഗ്രഹങ്ങൾ ചൊരിഞ്ഞു. പ്രശസ്ത സാഹിത്യകാരൻ കെ.പി.രാമനുണ്ണി മഅദിനിലെ സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാലു കേന്ദ്രങ്ങളിൽനിന്നായി  ‘ന പ, ഫ, ബ’ എന്നിങ്ങനെ നാല് അക്ഷരങ്ങളാണ് അക്ഷരയാത്ര ഇന്നലെ ഏറ്റുവാങ്ങിയത്. നാടിന്റെ സ്നേഹസമ്മാനമായി ലഭിച്ച ഈ അക്ഷരങ്ങൾ നവംബർ ഒന്നു മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന ‘ഹോർത്തൂസ്’ സാംസ്കാരികോത്സവത്തിന്റെ വേദിയിൽ സ്ഥാപിക്കും. അക്ഷരയാത്രയുടെ ജില്ലയിലെ പര്യടനം ഇന്നു പൂർത്തിയാകും. 

അക്ഷരപ്രയാണം ഇന്ന് 
∙ ഹോർത്തൂസിന്റെ ഭാഗമായ അക്ഷരപ്രയാണം ഇന്നു നാലു കേന്ദ്രങ്ങളിലാണു പര്യടനം നടത്തുക. തൃക്കലങ്ങോട് പൊതുജന വായനശാലയിലാണ് ആദ്യ സ്വീകരണം. രാവിലെ 9.30ന് സ്വീകരണത്തിന്റെ ഉദ്ഘാടനം സാഹിത്യകാരി മൈന ഉമൈബാനാണു നിർവഹിക്കുന്നത്. 11ന് മഞ്ചേരി ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നൽകുന്ന സ്വീകരണം ഉദ്ഘാടനം ചെയ്യുന്നത് കഥാകൃത്ത് വി.കെ.ദീപയാണ്. ഉച്ചയ്ക്കു 12ന് മഞ്ചേരി യൂണിറ്റി വിമൻസ് കോളജിൽ നൽകുന്ന സ്വീകരണം കവി പി.രാമനും വൈകിട്ട് 3ന് അരീക്കോട് ജിഎംയുപി സ്കൂളിലെ സ്വീകരണം പ്രശസ്ത നടി നിലമ്പൂർ ആയിഷയും ഉദ്ഘാടനം ചെയ്യും.

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. 

English Summary:

The Aksharaprayanam, a captivating journey celebrating Malayalam language and culture, received a rousing welcome in Malappuram as part of Malayala Manorama's 'Horthus' cultural festival. Renowned personalities graced the event, showering blessings and participating in the festivities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com