ADVERTISEMENT

എടപ്പാൾ∙ കെഎസ്ആർടിസി ബസിൽനിന്ന് ഒരു കോടിയോളം വില വരുന്ന സ്വർണം കവർന്ന കേസിലെ പ്രതികളെ പൊന്നാനി കോടതി റിമാൻഡ് ചെയ്തു. എറണാകുളം പള്ളുരുത്തി സ്വദേശികളായ പാറപ്പുറത്ത് നിസാർ (ജോയ് 50), നെല്ലിക്കൽ നൗഫൽ (34), കോഴിക്കോട് കൊയിലാണ്ടി പൊയിൽക്കാവ് നാലേരി ജയാനന്ദൻ (ബാബു 61) എന്നിവരെയാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്.തൃശൂർ കുണ്ടുകാട് മാടശ്ശേരി കളരിക്കൽ ഹൗസിൽ ജിബിയുടെ കൈവശമുണ്ടായിരുന്ന ബാഗിലെ 1172 ഗ്രാം സ്വർണമാണ് കുറ്റിപ്പുറത്തുനിന്ന് എടപ്പാളിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ ദിവസം രാത്രി നഷ്ടമായത്. തുടർന്ന് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് 24 മണിക്കൂറിനകം പ്രതികൾ വലയിലായത്. നൗഫലിനെ എറണാകുളത്തുനിന്നും നിസാറിനെ കോട്ടയ്ക്കലിൽനിന്നും ജയാനന്ദനെ കോഴിക്കോട്ടു നിന്നുമാണ് പിടികൂടിയത്. 

എടപ്പാളിൽ ഇവർ ബസ് ഇറങ്ങി പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പ്രതികളിലേക്ക് എത്താൻ സഹായിച്ചത്. സ്ഥിരം മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഇവരുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വേഗത്തിൽ ഇവരിലേക്ക് എത്താൻ പൊലീസിന് സഹായകമായതെന്ന് ഡിവൈഎസ്പി ഇ.ബാലകൃഷ്ണൻ പറഞ്ഞു. പ്രതികളിൽനിന്ന് 724 ഗ്രാം സ്വർണം തിരികെ ലഭിച്ചു. പ്രതിയായ നിസാർ തനിക്ക് ലഭിച്ച വിഹിതം കോഴിക്കോട്ടെ ജ്വല്ലറിയിൽ വിൽപന നടത്തിയിരുന്നു. ഈ ഇനത്തിൽ 23,89,000 രൂപയും പൊലീസ് കണ്ടെടുത്തു. ചങ്ങരംകുളം, കുറ്റിപ്പുറം, പെരുമ്പടപ്പ് സ്റ്റേഷനിലെ സിഐ, എസ്ഐമാർ, സിവിൽ പൊലീസ് ഓഫിസർമാർ, സ്ക്വാഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ വലയിലാക്കിയത്.

പ്രതികൾ സ്ഥിരം പോക്കറ്റടിക്കാർ
∙ കെഎസ്ആർടിസി ബസിലെ സ്വർണക്കവർച്ചക്കേസിൽ പിടിയിലായവർ സ്ഥിരം പോക്കറ്റടി സംഘമാണെന്ന് അന്വേഷണ സംഘം. വർഷങ്ങൾക്ക് മുൻപ് എടപ്പാളിലെ ലോട്ടറി ഉടമയിൽനിന്ന് പണം കവർന്ന കേസിലെ പ്രതികളാണ് ഇവർ. വർഷങ്ങളായി മൂവരും ചേർന്നാണ് മോഷണങ്ങൾ ആസൂത്രണം ചെയ്യുന്നത്. ലഭിക്കുന്ന തൊണ്ടിമുതൽ പങ്കിട്ടെടുത്ത് ആഡംബര ജീവിതം നയിക്കുകയാണ് രീതി. സംഭവ ദിവസം വളാഞ്ചേരിയിൽ നിന്നാണ് ഇവർ ബസിൽ കയറിയത്. സ്വർണം കൈവശപ്പെടുത്തിയ ശേഷം എടപ്പാളിൽ ബസ് ഇറങ്ങി മുങ്ങുകയായിരുന്നു. മോഷണമുതൽ മൂവരും പങ്കിട്ടെടുത്തു. ഇതിൽ നിസാറിന് ലഭിച്ച വിഹിതം കോഴിക്കോട്ടെ ജ്വല്ലറിയിൽ വിൽപന നടത്തി. 

ഏതാനും ദിവസം മുൻപ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന് മോഷണ സംഘത്തിലെ ഒരാൾ കുറ്റിപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവരം ലഭിച്ചിരുന്നു. സിസിടിവിയിൽനിന്ന് ഇയാളുടെ ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തു. ഇയാളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കണ്ടെത്തിയ ശേഷം പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിയുന്നത്. മോഷണം കഴിഞ്ഞാൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി മുങ്ങുന്ന പ്രതികൾ ഇത്തവണ അതു ചെയ്യാതിരുന്നതാണ് അന്വേഷണ സംഘത്തിന് സഹായകമായത്.

English Summary:

Three men were arrested for stealing gold worth over one crore rupees from a passenger on a KSRTC bus traveling from Kuttippuram to Edappal. The accused, identified as habitual pickpockets, were apprehended by a special police squad within 24 hours. The successful operation involved analyzing CCTV footage, tracking mobile phone locations, and conducting interrogations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com