ADVERTISEMENT

മഞ്ചേരി∙ അച്ചടിയുടെ നാൾവഴികളിൽ മഞ്ചേരിയുടെ പ്രാധാന്യം തെളിയിക്കുന്നു ചരിത്ര രേഖകൾ. കല്ലച്ചിൽ തീർത്ത അക്ഷരങ്ങളും അർധാക്ഷരങ്ങളുമായി രേഖകളും പുസ്തകങ്ങളും എഴുതപ്പെട്ടതു മഞ്ചേരിയുടെ അക്ഷരവഴികളിലെ ഒളിമങ്ങാത്ത ഓർമകൾ.കരിക്കാട് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ പുരാരേഖകളിലാണ് ഏറനാടിന്റെ അക്ഷരപ്പഴക്കത്തിന്റെ തെളിവുകൾ ഇടം പിടിക്കുന്നത്. അരുണാചല മുതലിയാരുടെ നേതൃത്വത്തിൽ മഞ്ചേരിയിൽ പ്രവർത്തിച്ച വിദ്യാവിലാസം അച്ചുകൂടവും അവിടെനിന്ന് അച്ചടിച്ച പഞ്ചാംഗവുമാണ് ഒന്നര നൂറ്റാണ്ടു മുൻപ് അച്ചടി പ്രസ് ഇവിടെ സജീവമായിരുന്നു എന്നതിന്റെ തെളിവ്. 

1860ലാണു പഞ്ചാംഗം അച്ചടിച്ചത്. അതിനും വർഷങ്ങൾക്കു മുൻപേ അച്ചുകൂടം പ്രവർത്തിച്ചിരുന്നുവെന്നാണു സൂചനകൾ. ജന്മി കുടിയാൻ പാട്ടച്ചീട്ടുകൾ, കരാറുകൾ, കോടതി രേഖകൾ തുടങ്ങിയവയായിരുന്നു പ്രധാനമായും അച്ചടിച്ചിരുന്നത്. തമിഴ്നാട്ടിലെ ചതുരംഗപട്ടണം നിവാസിയായ കാളഹസ്തിയപ്പ മുതലിയാരുടെ മകനായിരുന്നു അരുണാചല മുതലിയാർ. അദ്ദേഹം  ആവശ്യപ്പെട്ട പ്രകാരം തൃക്കണ്ടിയൂർ ഗോവിന്ദ പിഷാരടി ഗണിച്ചുണ്ടാക്കിയ പ‍ഞ്ചാംഗമാണു പ്രസിൽനിന്ന് അച്ചടിച്ചത്.

അരുണാചല മുതലിയാർ കോഴിക്കോട്ടും മഞ്ചേരിയിലും കോടതികളിൽ ജോലി ചെയ്തതായി പറയപ്പെടുന്നു. മഞ്ചേരിയിൽ 1920ൽ മാന്ധാതാ പ്രസ്, 1927ൽ ശ്രീകൃഷ്ണ പ്രസ് എന്നിവ പ്രവർത്തിച്ചിരുന്നു. പടിഞ്ഞാറ്റുമുറി സ്വദേശിയായ പയ്യപ്പള്ളി മനയ്ക്കൽ സുബ്രഹ്മണ്യൻ നമ്പൂതിരിയായിരുന്നു രണ്ടിന്റെയും നടത്തിപ്പുകാരൻ. രമാ പ്രിന്റിങ് വർക്സ്, ഫാത്തിമ പ്രസ്, മോഡേൺ പ്രസ് തുടങ്ങിയവയും മഞ്ചേരിയുടെ കരുത്തായിരുന്നു. 

English Summary:

This article delves into Manjeri's significant contribution to the history of printing in India. It explores early evidence, key figures like Arunachala Mudaliar, and prominent presses like Vidyavilasam, highlighting the town's vibrant printing legacy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com