റേഷൻ മസ്‌റ്ററിങ് ക്യാംപിൽ വൻ തിരക്ക്
Mail This Article
പെരിന്തൽമണ്ണ ∙ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ താലൂക്കിലെ അന്ത്യോദയ അന്നയോജന (എഎവൈ), മുൻഗണന (പിഎച്ച്എച്ച്) വിഭാഗം റേഷൻ കാർഡിൽ ഉൾപ്പെട്ടവർക്കായി സംഘടിപ്പിച്ച റേഷൻ മസ്‌റ്ററിങ് ക്യാംപിൽ വൻ ജനത്തിരക്ക്. റേഷൻ കടകളിൽ ഇ–പോസ് യന്ത്രത്തിലെ സ്‌കാനറിൽ വിരലടയാളം പതിയാത്തവർക്കായാണ് ഐറിസ് സ്‌കാനറിലൂടെ റേഷൻ മസ്‌റ്ററിങ്ങിന് ക്യാംപൊരുക്കിയത്. കുട്ടികളും വയോധികരുമാണ് പങ്കെടുത്തവരിലേറെയും. രാവിലെ 10ന് മസ്‌റ്ററിങ് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ഒൻപതോടെ തന്നെ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി. ഇവരൊന്നിച്ച് കൗണ്ടറിലേക്ക് തള്ളിക്കയറിയതോടെ തിരക്ക് നിയന്ത്രിക്കാൻ അധികൃതർ പാടുപെട്ടു. അപ്പോഴേക്കും പൊലീസ് സംഘവും സ്ഥലത്തെത്തി.
മസ്‌റ്ററിങ് ആരംഭിച്ച ഉടൻ ആളുകൾ ഒന്നിച്ചെത്തിയയതാണ് പ്രതിസന്ധി സൃഷ്‌ടിച്ചത്. പിന്നീട് ഇവരെ 2 വരിയായി നിർത്തിയതോടെ പൊലീസ് സ്‌റ്റേഷൻ ബൈപാസിൽ കോടതി വരെയും പട്ടാമ്പി റോഡിൽ മൃഗാശുപത്രി വരെയും വരി നീണ്ടു. പിന്നീട് തിരക്ക് ക്രമീകരിക്കാനായി എല്ലാവർക്കും ടോക്കൺ നൽകുകയായിരുന്നു. പൊരിവെയിലിൽ വയോധികരും കൊച്ചുകുട്ടികളും ഉൾപ്പെടെയുള്ളവർ ഏറെനേരം വരിനിന്നു. ആയിരത്തഞ്ഞൂറോളം പേർക്കാണ് ഇന്നലെ മസ്‌റ്ററിങ് നടത്തിയത്. 3 മണിക്ക് അവസാനിക്കുമെന്നാണ് അറിയിപ്പ് നൽകിയിരുന്നതെങ്കിലും വൈകിട്ട് 6 വരെ നീണ്ടു. അതേസമയം തിരക്കിന്റെ കാഠിന്യംമൂലം ഒട്ടേറെപ്പേർ കാത്തുനിൽക്കാതെ മടങ്ങി.
ഇതോടെ താലൂക്കിൽ 83.70 ശതമാനം പേരുടെ മസ്‌റ്ററിങ് പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു, അവശേഷിക്കുന്നവർക്കായി ഇന്നും രാവിലെ 10 മുതൽ 3 വരെ ബ്ലോക്ക് ഹാളിൽ ഐറിസ് സ്‌കാനറിലൂടെയുള്ള മസ്‌റ്ററിങ് നടക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫിസർ വി.അബ്‌ദു, അസി. താലൂക്ക് സപ്ലൈ ഓഫിസർ ആർ.ശരത്ചന്ദ്രൻ, റേഷനിങ് ഇൻസ്‌പെക്‌ടർമാരായ ടി.എ.റജീഷ് കുമാർ, കെ.സി.സഹദേവൻ, ജി.കെ.ഫിത, വി.മീനു, സീനിയർ ക്ലാർക്കുമാരായ കെ.പി.രഘു, എൻ.രമ്യ, എൻ.സതീഷ് കുമാർ, എ.വി.ധന്യ, എ.സുധീഷ്, വി.ടി.സ്‌മിത, ബി.ടി.സൗമ്യ എന്നിവർ നേതൃത്വം നൽകി.