കക്കാട്ട് നാലുവരിപ്പാതയുടെ അടിപ്പാതയിൽ മണ്ണിടിഞ്ഞു വീണു
Mail This Article
തിരൂരങ്ങാടി ∙ദേശീയപാത കക്കാട് നിർമാണം നടന്നുകൊണ്ടിരിക്കുന്ന നാലുവരിപ്പാതയുടെ അടിപ്പാതയിൽ മണ്ണിടിഞ്ഞു വീണു. ഇന്നലെ രാവിലെയാണ് സംഭവം. മേൽപാലത്തിനോട് ചേർന്ന് സർവീസ് റോഡിൽ നിന്നാണ് മണ്ണിടിഞ്ഞത്. കോഴിക്കോട് ഭാഗത്തു നിന്നും തൃശൂരിലേക്ക് പോകുന്ന റോഡിലാണ് മണ്ണിടിച്ചിൽ. ഇന്നലെ രാത്രി പെയ്ത മഴയെ തുടർന്നാണ് മണ്ണിടിഞ്ഞതെന്നാണ് സൂചന. മണ്ണിടിയാതിരിക്കാൻ കഴിഞ്ഞ ദിവസം കോൺക്രീറ്റ് ചെയ്ത ഭാഗത്താണ് കോൺക്രീറ്റും മണ്ണുമടക്കം ഇടിഞ്ഞു വീണത്. സർവീസ് റോഡിൽ വിള്ളലുമുണ്ടായിട്ടുണ്ട്. ഇവിടെ മാത്രം താൽക്കാലികമായി അടച്ചു.
വാഹനങ്ങൾ ഒരു സൈഡിലൂടെ കടത്തി വിട്ടു. മണ്ണിടിച്ചിൽ തടയാനുള്ള ഇരുമ്പ് വല സ്ഥാപിച്ചിട്ടുണ്ട്. ഏതാനും മാസം മുൻപ് കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിലും മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. സ്ഥിരമായ മണ്ണിടിച്ചിലും റോഡിലെ വിള്ളലും പ്രദേശത്തുകാരെ ആശങ്കയിലാക്കുന്നുണ്ട്.ദേശീയപാതയിൽ മണ്ണിടിച്ചിലും റോഡിലെ വിള്ളലും പ്രദേശത്തുകാരെ ഭീതിയിലാക്കുന്നതായി മുസ്‍ലിംലീഗ് കമ്മിറ്റി പറഞ്ഞു. സർവീസ് റോഡുകൾ നന്നാക്കണമെന്നും ഓട നിർമിക്കണമെന്നും 12–ാം വാർഡ് മുസ്‍ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഒ.ബഷീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ ജിഫ്രി ആധ്യക്ഷ്യം വഹിച്ചു. സലീം വടക്കൻ, ഒ.ഇസ്മായിൽ, കെ.മുഈനുൽ ഇസ്‍ലാം, എ.കെ.അസറുദ്ദീൻ, പി.ടി.ആഷിഖ് തുടങ്ങിയവർ പ്രസംഗിച്ചു.