ഗ്യാസ് സിലിണ്ടർ ട്രക്കുകൾ സംശയകരമായ സാഹചര്യത്തിൽ നിർത്തിയിടുന്നത് കണ്ടാൽ അറിയിക്കണം
Mail This Article
മലപ്പുറം ∙ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചേളാരിയിലെ ബോട്‌ലിങ് പ്ലാന്റിൽ നിന്ന് ഏജൻസികളിലേക്കു കൊണ്ടുപോകുന്ന പാചകവാതക സിലിണ്ടറുകളിൽ ദ്രവ വസ്തുക്കൾ കലർത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു കലക്ടർ വി.ആർ.വിനോദ്. ഇത്തരം തട്ടിപ്പു നടത്തുന്നതിനായി മാഫിയ പ്രവർത്തിക്കുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ട്.
സിലിണ്ടറുകളിൽ നിന്നു പാചകവാതകം ചോർത്തി വെള്ളമോ മറ്റ് മായങ്ങളോ ചേർത്ത് ഏജൻസികളിൽ എത്തിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തോടൊപ്പം മനുഷ്യ ജീവനു വരെ അപകടങ്ങൾക്കു കാരണമാകുന്നതാണിത്.
ഇതുമായി ബന്ധപ്പെട്ട ലഭിച്ച പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുകൾ സംശയകരമായ സാഹചര്യത്തിൽ വഴിയിൽ നിർത്തി സിലിണ്ടറുകൾ പുറത്തെടുക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു.
സിലിണ്ടറുകളിൽ മായം കലർത്തി ഏജൻസികളിൽ എത്തിക്കുന്ന മാഫിയ പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായും ഇതിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചേളാരിയിലെ ഇൻഡേൻ ബോട്‌ലിങ് പ്ലാന്റ് ചീഫ് പ്ലാന്റ് മാനേജറാണ് മലപ്പുറം കലക്ടർക്കു നിവേദനം നൽകിയത്.
കോഴിക്കോട് ജില്ലയിലെ ഒരു പാചകവാതക വിതരണ ഏജൻസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിവേദനം. പ്ലാന്റിൽനിന്നു കൊണ്ടുപോകുന്ന സിലിണ്ടറുകളിൽ മായം കലർത്തുന്ന സംഘടിത മാഫിയ പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. ഐഒസി ബ്രാൻഡിനു മോശം പ്രതിഛായ ഉണ്ടാകുന്നതിനും വിപണിയിൽ തിരിച്ചടിയുണ്ടാകുന്നതിനും ഇത് കാരണമാകുന്നതായും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഏതാനും മാസങ്ങളായി ദ്രാവക രൂപത്തിലുള്ള എന്തോ വസ്തു കലർത്തിയ സിലിണ്ടറുകൾ ലഭിക്കുന്നതായാണു ഗ്യാസ് ഏജൻസി പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. രണ്ട് മാസത്തിനിടെ ഇത്തരത്തിലുള്ള എഴുപതോളം സിലിണ്ടറുകൾ ലഭിച്ചതായും പ്ലാന്റിലെ ചില ഡ്രൈവർമാർക്ക് ഇതിൽ പങ്കുള്ളതായി സംശയിക്കുന്നതായും ഇതിൽ ആരോപിച്ചിരുന്നു. വിഷയത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ഉടൻ നടപടി ആവശ്യപ്പെട്ട് ചേളാരി ബോട്‌ലിങ് പ്ലാന്റിലെ യൂണിയൻ പ്രതിനിധികളും കലക്ടർക്കു പരാതി നൽകിയിട്ടുണ്ട്.
ഏജൻസികളിലുള്ളത് വെള്ളം നിറച്ച 400 സിലിണ്ടറുകൾ
തേഞ്ഞിപ്പലം ∙ ഇൻഡേൻ പാചക വാതക സിലിണ്ടറുകളിൽ ഗ്യാസിനു പകരം വെള്ളം നിറച്ച് ഏജൻസികളെ കബളിപ്പിച്ച സംഭവത്തിൽ സർക്കാർ ഇടപെടുന്നു. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ടാങ്ക് ലോറി വർക്കേഴ്സ് യൂണിയൻ (സിഐടിയു) പ്ലാന്റ് കമ്മിറ്റി പ്രസിഡന്റ് കെ.ടി.വിനോദ് കുമാർ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ച പരാതി നടപടിക്കായി സിവിൽ സപ്ലൈസ് ഡയറക്ടർക്കു കൈമാറി.
വെള്ളം നിറച്ച സിലിണ്ടറുകൾ സംബന്ധിച്ച് ഇതിനകം 5 ഇൻഡേൻ ഏജൻസികൾ പരാതിയുമായെത്തി. ചിലർ പ്ലാന്റ് അധികൃതരെ പരാതി അറിയിച്ചപ്പോൾ മറ്റ് ചിലർ സിലിണ്ടർ ലോറി തൊഴിലാളി സംഘടനാ നേതാക്കളെ വിളിച്ചറിയിക്കുകയായിരുന്നു. വിവിധ ഏജൻസി ഗോഡൗണുകളിലായി ഇപ്പോൾ ഇത്തരം 400 സിലിണ്ടറുകൾ ഉണ്ടെന്നാണ് വിവരം. ഇനിയും പരാതികൾ ഉണ്ടാകാൻ ഇടയുണ്ടെന്നാണ് സംഘടനാ നേതാക്കളിൽ ചിലർ പറയുന്നത്.
അതേസമയം, തട്ടിപ്പ് വ്യാപകമെന്ന വാർത്തയും പരാതിയും പുറത്ത് വന്നിട്ടും അന്വേഷണത്തിന് തയാറാകാത്തതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 7 മുതൽ 9 വരെ ചേളാരി ഐഒസി എൽപിജി ബോട്‌ലിങ് പ്ലാന്റിന് മുന്നിൽ ടാങ്ക് ലോറി വർക്കേഴ്സ് യൂണിയൻ (സിഐടിയു) പ്രവർത്തകർ ധർണ നടത്തുമെന്ന് വിനോദ് കുമാർ പറഞ്ഞു. ലോറി ഡ്രൈവർമാരിൽ വലിയൊരു വിഭാഗം ധർണയിൽ പങ്കെടുക്കുന്ന സാഹചര്യത്തിൽ ഇന്നു രാവിലെ 2 മണിക്കൂർ പ്ലാന്റിൽ നിന്നുള്ള സിലിണ്ടർ നീക്കവുമായി അവർക്ക് സഹകരിക്കാൻ കഴിയില്ലെന്നും അറിയിച്ചു.
ഗ്യാസ് തട്ടിപ്പ് മാഫിയയ്ക്ക് രഹസ്യ കേന്ദ്രങ്ങളും
തേഞ്ഞിപ്പലം ∙ ഗ്യാസ് തട്ടിപ്പിന് പിന്നിലുള്ള മാഫിയ സംഘങ്ങൾക്ക് രഹസ്യ കേന്ദ്രങ്ങൾ വരെ ഉണ്ടെന്ന് ബിഎംഎസ് ചേളാരി പ്ലാന്റ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. തട്ടിപ്പ് സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്നും സംഘടനാ നേതാക്കളായ പ്രദീപ് പാപ്പന്നൂർ, എം.മഹേഷ്, ഷാജി നെച്ചിക്കാട്, യു.റിജു, ടി.പി.ഗിൽബർട്ട് എന്നിവർ ആവശ്യപ്പെട്ടു.
ഗാർഹിക സിലിണ്ടറുകളിൽ കാൽ ഭാഗം ഗ്യാസ് നിലനിർത്തിയാണു തട്ടിപ്പിനു തുടക്കം. അതിലെ മുക്കാൽ ഭാഗം ഗ്യാസും വാണിജ്യ സിലിണ്ടറിലേക്കി മാറ്റും. പിന്നീടു വെള്ളം നിറച്ചു തൂക്കം തികയ്ക്കും. സിലിണ്ടർ ലഭിച്ച ശേഷം ഉപയോക്താക്കളിൽ നിന്നു പരാതി വരുമ്പോഴേ ഏജൻസികൾ തട്ടിപ്പിനിരയായത് അറിയൂ.
പക്ഷേ, ഐഒസി അധികൃതർ അത്തരം സിലിണ്ടറുകൾ തിരിച്ചെടുക്കില്ല. ഏജൻസികൾ ബാധ്യത ഏറ്റെടുക്കേണ്ട അവസ്ഥയാണ്. പ്ലാന്റിൽ നിന്ന് ഏജൻസികളിലേക്ക് അയയ്ക്കുന്ന സിലിണ്ടറുകളിൽ ഗ്യാസ് തൂക്കം അനുസരിച്ച് ഉണ്ടെന്ന് അധികൃതർ ഉറപ്പ് വരുത്തണമെന്നും നേതാക്കൾ പറഞ്ഞു.