ADVERTISEMENT

കൊണ്ടോട്ടി ∙ മൊറയൂർ പഞ്ചായത്തിലെ മൂന്നിലൊന്നു മെംബർമാരും ഇന്നലെ പത്താം ക്ലാസ് തുല്യതാ പരീക്ഷയുടെ തിരക്കിലായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റും സ്ഥിരസമിതി അധ്യക്ഷനും നാലു മെംബർമാരും ഉൾപ്പെടെ 6 പേരാണ് ഇന്നലെ പൂക്കോട്ടൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പത്താംതരം തുല്യതാ പരീക്ഷയെഴുതിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലീൽ മുണ്ടോടൻ, ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ സി.കെ.അനീസ് ബാബു, പഞ്ചായത്ത് അംഗങ്ങളായ എടക്കോടൻ ആലിപ്പ (വാർഡ് 11), കുന്നഞ്ചേരി റഹ്മത്ത് (വാർഡ് 13), കെ.പി.മുറാജിന (വാർഡ് 15), കണ്ണാടിക്കുന്നത്ത് ആരിഫ (വാർഡ് 17) എന്നിവരാണ് ഇന്നലെ തുല്യതാ പരീക്ഷയുടെ അവസരം പ്രയോജനപ്പെടുത്തിയത്. മൊറയൂർ പഠന കേന്ദ്രത്തിനു കീഴിൽ ഒരു വർഷത്തോളമായി ഇവർ പരിശീലനത്തിലായിരുന്നു.

പഠനം പ്രോത്സാഹിപ്പിക്കാൻ ഒട്ടേറെ പദ്ധതികൾ പഞ്ചായത്ത് നടപ്പാക്കുന്നുണ്ട്. തുല്യതാ പരീക്ഷ ആളുകളെ പരിചയപ്പെടുത്താനുള്ള വലിയ മാർഗമാണ് സ്വയം പരീക്ഷയെഴുതി യോഗ്യത നേടുകയെന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലീൽ മുണ്ടോടൻ പറഞ്ഞു.പഠനം പാതിവഴിയിൽ നിർത്തിയവർക്ക്, ഉയർന്ന യോഗ്യതകൾക്കും തുടർ പഠനങ്ങൾക്കുമായി തുല്യതാ പരീക്ഷയെഴുതാൻ മൊറയൂർ പഞ്ചായത്ത് സൗകര്യമൊരുക്കുന്നുണ്ട്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തുല്യതാ പഠന പരിശീലനത്തിനുള്ള ഫീസ് പഞ്ചായത്താണു നൽകുന്നത്.

മൊറയൂർ പഞ്ചായത്ത് പ്രസിഡന്റ് സുനീറ പൊറ്റമ്മൽ 2010ൽ പരീക്ഷയെഴുതി പത്താം ക്ലാസ് തുല്യത നേടിയിരുന്നു.സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ സാക്ഷരതയിൽ 100% പൂർത്തിയാക്കിയ ആദ്യ പഞ്ചായത്താണു മൊറയൂർ. പഞ്ചായത്തിലെ വനിതകൾക്കു കംപ്യൂട്ടർ പരിജ്ഞാനം നേടാനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ടെന്നു പ്രസിഡന്റ് സുനീറ പൊറ്റമ്മൽ പറഞ്ഞു.മൊറയൂർ വിഎച്ച്എംഎച്ച്എസ്എസിലെ പഠന കേന്ദ്രത്തിനു കീഴിൽ 79 പഠിതാക്കളുണ്ടായിരുന്നുവെന്ന് സാക്ഷരതാ പ്രേരക് ഐ.സി.സലീന പറഞ്ഞു. 9 ഭിന്നശേഷി കുട്ടികൾ ഉൾപ്പെടെയാണിത്.

English Summary:

In a remarkable display of dedication to education, six members of the Morayur Panchayat in Kondotty, Kerala participated in the 10th standard equivalency examination. This act signifies their commitment to personal growth and potentially enhancing their service to the community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com