വനം വകുപ്പിന് ഭൂമി കൈമാറിയ 45 കുടുംബങ്ങൾക്ക് പണം ലഭിച്ചില്ല
Mail This Article
പൂക്കോട്ടുംപാടം ∙ പാട്ടക്കരിമ്പിൽ റീബിൽഡ് കേരള ഡവലപ്മെന്റ് പ്രോജക്ടിൽ (ആർകെഡിപി) വനം വകുപ്പിന് ഭൂമി കൈമാറിയ 45 കുടുംബങ്ങൾ ദുരിതത്തിൽ. 2 വർഷം കഴിഞ്ഞിട്ടും ഗുണഭോക്താക്കൾക്ക് പണം കിട്ടിയില്ല. മനുഷ്യൻ - മൃഗ സംഘർഷം രൂക്ഷവും, പ്രകൃതി ദുരന്തം സാധ്യതയും ഉള്ള പ്രദേശങ്ങളിലെ ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള സംസ്ഥാനസർക്കാർ പദ്ധതിയാണ് ആർകെഡിപി. വന്യജീവി ശല്യം കൂടുതലുള്ള പാട്ടക്കരിമ്പ് വനാതിർത്തിയിൽ റോഡിനോട് ചേർന്ന് അങ്കണവാടി മുതൽ പട്ടിക വർഗ നഗർ വരെ ഒരു കിലോമീറ്റർ ദൂരത്തിൽ താമസമുള്ള കുടുംബങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
ആകെ 8 ഏക്കറാണ്. ഭൂവിസ്തൃതി പരിഗണനയില്ലാതെ കുടുംബനാഥനും ഭാര്യയും, ആശ്രിതരായ പ്രായപൂർത്തിയെത്തിയ മക്കൾ എന്നിവരെ ഓരോ യൂണിറ്റുകളായി കണക്കാക്കി ഒരു യൂണിറ്റിന് 15 ലക്ഷം രൂപ വീതം നൽകുന്നതാണ് പദ്ധതി. ഒരു കുടുംബത്തിന് പരമാവധി 4 യൂണിറ്റ് വരെ 60 ലക്ഷം രൂപയ്ക്കാണ് അർഹത. 2022ൽ വനം വകുപ്പുമായി കരാർ ഒപ്പിട്ടു. വ്യവസ്ഥ പ്രകാരം ഒന്നാം ഗഡുവായി പകുതി പണം അപ്പോൾ നൽകണ്ടേതാണെങ്കിലും ഉണ്ടായില്ല. ബാക്കി തുക റജിസ്ട്രേഷന് ശേഷമാണ് നൽകുക.
നിലമ്പൂർ സൗത്ത് വനം ഡിവിഷനിലെ ചക്കിക്കുഴി സ്റ്റേഷൻ പരിധിയിലാണ് പാട്ടക്കരിമ്പ്. പല തവണ ഡിഎഫ്ഒ ഓഫിസിൽ കയറി ഇറങ്ങിയതാണെന്ന് പഞ്ചായത്ത് അംഗം നാസർ ബാൻ പറഞ്ഞു. പണം കിട്ടാത്തതിനാൽ പകരം ഭൂമിയോ, വീടോ വാങ്ങാനായില്ല. വീടുകൾ പലതും തകർച്ചയുടെ വക്കിലാണ്. ലൈഫ് പദ്ധതി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർ കൂട്ടത്തിലുണ്ട്. വേറെ ഭൂമി ഇല്ലാത്തതിനാൽ വീട് നഷ്ടപ്പെടുന്ന സ്ഥിതിയാണ്.
വനം വകുപ്പുമായി കരാർ ഒപ്പിട്ടതിനാൽ ബാങ്കുകൾ വിദ്യാഭ്യാസ, വിവാഹ വായ്പകൾ നിഷേധിക്കുകയാണ്. പ്രതിഷേധ സൂചകമായി ഗുണഭോക്താക്കൾ ഇന്ന് ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ ധർണ നടത്തും. സാമ്പത്തിക ക്ലേശം കാരണം സംസ്ഥാനത്തൊട്ടാകെ അനവധി കുടുംബങ്ങൾ ഇതേ പ്രതിസന്ധിയിലാണ്. കിഫ്ബിയിൽ നിന്നു പണം ലഭ്യമാക്കാൻ സർക്കാർ ഇടപെട്ടിട്ടുണ്ടെന്ന് സൗത്ത് ഡിഎഫ്ഒ ജി . ധനിക് ലാൽ പറഞ്ഞു.