ഫ്രിജിലേക്ക് ഗ്യാസ് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി: യുവാവ് മരിച്ചു
Mail This Article
വാഴക്കാട് ∙ ഫ്രിജിന്റെ കംപ്രസറിലേക്കു ഗ്യാസ് നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഇലക്ട്രോണിക്സ് റിപ്പയറിങ് സ്ഥാപന ഉടമ മരിച്ചു. ഊർക്കടവ് വിരിപ്പാടത്ത് എബിസി കൂൾ സിസ്റ്റം എന്ന കട നടത്തുന്ന ഊർക്കടവ് എളയടത്ത് റഷീദ് ( 38) ആണു മരിച്ചത്. മെക്കാനിക് കൂടിയായ റഷീദ് ഇന്നലെ രാവിലെ പത്തരയോടെ കടയിൽ ജോലി ചെയ്തു കൊണ്ടിരിക്കെയാണു പൊട്ടിത്തെറിയുണ്ടായത്. കൂടെയുണ്ടായിരുന്ന ജോലിക്കാരൻ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
സിലിണ്ടറിലെ ലീക്കാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ റഷീദിനെയും ജോലിക്കാരനെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. റഷീദ് മെഡിക്കൽ കോളജിൽ എത്തിയതിനു ശേഷമാണു മരിച്ചത്. സുജൈനയാണു റഷീദിന്റെ ഭാര്യ. മക്കൾ: മുഹമ്മദ് ഫാദിൽ, ഫിൽസ ഫാത്തിമ, മുഹമ്മദ് ഫെസിൻ.