ADVERTISEMENT

എടക്കര ∙ ആനക്കല്ലിൽ ഭൂമിക്കടിയിൽ നിന്നു മുഴക്കവും ഇതിനോടനുബന്ധിച്ച് നേരിയ പ്രകമ്പനമുണ്ടായത് സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്ന് കലക്ടർ വി.ആർ.വിനോദ്. എൻഐടിയിൽ നിന്നുള്ള വിദഗ്ധ സംഘത്തെയാണ് ഇതിനു നിയോഗിക്കുന്നത്.പഠനം നടത്തുന്നതിന് തീരുമാനമെടുത്ത് ഇതിനാവശ്യമായി വരുന്ന തുക സംസ്ഥാന സർക്കാർ അനുവദിക്കും.യന്ത്രങ്ങളുടെ സഹായത്താൽ രണ്ടോ മൂന്നോ മാസം നീണ്ടുനിൽക്കുന്ന പഠനത്തിൽ ഭൂമിക്കടിയിലെ മണ്ണിന്റെയും പാറകളുടെയും ജലത്തിന്റെ ഓരോ പാളികളും വിശദമായി പരിശോധിക്കുന്ന ജിയോഫിസിക്കൽ സ്റ്റഡിയാണ് നടത്തുന്നത്. മനുഷ്യന്റെ ശരീരം സ്കാൻ ചെയ്യുന്നത് പോലെ ഭൂമിക്കടിയിലുള്ള ഓരോ ഭാഗങ്ങളും വിശദമായി പരിശോധിച്ച്  എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തും.

ഫെബ്രുവരിയോടെ പഠനം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഒരു ശതമാനംപോലും ആശങ്കയ്ക്ക് ഇടയില്ലെന്നാണ് പരിശോധന റിപ്പോർട്ടുകൾ അവലോകനം ചെയ്ത സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ശേഖർ കുര്യാക്കോസ് അറിയിച്ചതെന്നും കലക്ടർ വ്യക്തമാക്കി.ഭൂമിക്കടിയിൽ നിന്നു അസ്വാഭാവികമായ മുഴക്കങ്ങളുണ്ടാകുന്നത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണ്.17, 18 തയതികളിലാണ് ആദ്യം മുഴക്കം കേൾക്കുന്നത്. ആ സമയത്ത് തന്നെ ജില്ലാ ജിയോളജിസ്റ്റ്,  ഭൂജല വകുപ്പ് ജിയോളജിസ്റ്റ്, ജില്ലാ ഹസാർഡ് അനലിസ്റ്റ് എന്നിവരുടെ സംഘത്തെ പറഞ്ഞുവിട്ട് പരിശോധന നടത്തിയിരുന്നു.

 ഇവർ വീണ്ടും പരിശോധന നടത്തി നൽകിയ റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് ജനങ്ങളുടെ ജീവനോ സ്വത്തിനോ ഭീഷണിയുള്ള സാഹചര്യമില്ലെന്ന് കണ്ടെത്തിയതെന്നും  കലക്ടർ പറഞ്ഞു. ആനക്കല്ല് പട്ടിക വർഗ നഗറിലെ വിള്ളലുണ്ടായ വീടുകൾ കലക്ടർ സന്ദർശിച്ചു. ഇവിടെയുള്ള കുടുംബങ്ങളെയും തുടർന്ന് നാട്ടുകാരെയും കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. നിലമ്പൂർ തഹസിൽദാർ സി.ശ്രീകുമാർ, ഡപ്യൂട്ടി തഹസിൽദാർ റെനി വർഗീസ്, പോത്തുകല്ല് വില്ലേജ് ഓഫിസർ കെ.പി.വിനോദ്, പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാരജൻ, വാർഡ് അംഗം ഓമന നാഗലോടി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വിശദമായ പഠനം വേണം: പി.വി.അൻവർ
എടക്കര ∙ ഉപ്പട ആനക്കല്ലിൽ ഭൂമിക്കടിയിലെ പ്രതിഭാസം കണ്ടെത്താൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വിശദമായ പഠനം നടത്തണമെന്ന് പി.വി.അൻവർ എംഎൽഎ ആവശ്യപ്പെട്ടു. സംസ്ഥാന ജിയോളജി വിഭാഗത്തിന് ഇതിനു സാധിക്കുമെന്ന് കരുതുന്നില്ല. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള പഠനമാണ് നടത്തേണ്ടത്. ഇതിനു കേന്ദ്ര സർക്കാരിന്റെ സഹായം തേടണം. ഇതിനാവശ്യമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും കത്ത് നൽകിയിട്ടുണ്ടെന്ന് അൻവർ പറഞ്ഞു. ആശങ്കപ്പെടെണ്ടെന്ന് ഉദ്യോഗസ്ഥർ എത്ര പറഞ്ഞാലും

ആശങ്ക വേണ്ടെന്ന് പറയുന്ന ഉദ്യോഗസ്ഥർ ആരെങ്കിലും ഇവിടെ വന്ന് താമസിക്കാൻ തയാറാകുമോ? സംഭവത്തെ കുറിച്ച് അന്വേഷിക്കാനെത്തിയ വില്ലേജ് ഓഫിസർ ഉൾപ്പെടെയുള്ള സംഘം ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദംകേട്ട് ഭയന്നോടിയില്ലേ? അപ്പോൾ ആശങ്ക നിലനിൽക്കുന്നുണ്ട്. അത് പരിഹരിക്കുകയാണ് വേണ്ടെതെന്നും അൻവർ പറഞ്ഞു. ആനക്കല്ലിലെ വിള്ളലുണ്ടായ വീടുകൾ അൻവർ സന്ദർശിച്ചു.

English Summary:

Anakkal, Kerala is experiencing a mysterious phenomenon involving a booming sound and slight tremors. To investigate the source, Collector V.R. Vinod has ordered a comprehensive geophysical study to be conducted by experts from the National Institute of Technology. The study will involve a detailed analysis of the soil, rock, and water layers beneath the surface to pinpoint the origin of the disturbances.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com