പാചകവാതക സിലിണ്ടറുകളിൽ തട്ടിപ്പ്; വിവരശേഖരണം നടത്തി പൊലീസ്
Mail This Article
തേഞ്ഞിപ്പലം ∙ ഇൻഡേൻ പാചകവാതക സിലിണ്ടറുകളിൽ വെള്ളം നിറച്ച് കോഴിക്കോട് ജില്ലയിലെ ഒരു ഗ്യാസ് ഏജൻസിയെ കബളിപ്പിച്ച റാക്കറ്റിനെ തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി തേഞ്ഞിപ്പലം ഇൻസ്പെക്ടർ ജീവൻ ജോർജ് തൊഴിലാളി സംഘടനാ നേതാക്കളിൽ നിന്ന് വിവരശേഖരണം നടത്തി. അടുത്ത ദിവസം പ്ലാന്റ് അധികൃതരെ കണ്ടും തെളിവെടുക്കും. കലക്ടർ വി.ആർ.വിനോദ് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയ പരാതിയിലാണ് തേഞ്ഞിപ്പലം പൊലീസിന്റെ അന്വേഷണം.
വിവിധ ഏജൻസികളിലായി വെള്ളം നിറച്ച 400 സിലിണ്ടറുകൾ കെട്ടിക്കിടക്കുന്നതായി സംഘടനാ നേതാക്കൾക്ക് പരാതി ലഭിച്ചിട്ടുണ്ടെങ്കിലും പ്ലാന്റ് അധികൃതർ കലക്ടർക്ക് കൈമാറിയ പരാതിയുമായി ബന്ധപ്പെട്ടാണ് ആദ്യ ഘട്ടത്തിൽ അന്വേഷണം നടത്തുന്നത്.
സിലിണ്ടറിൽ വെള്ളം നിറയ്ക്കുന്നത് ആരെന്നോ, എവിടെ നിന്നാണെന്നോ തങ്ങൾക്ക് അറിയില്ലെന്നാണു കൂടിക്കാഴ്ചയിൽ ഐഒസി പ്ലാന്റുമായി ബന്ധപ്പെട്ട സംഘടനാ നേതാക്കൾ പൊലീസിനെ അറിയിച്ചത്. വെള്ളം നിറയ്ക്കുന്നതു പ്ലാന്റിൽ നിന്നല്ല. പുറമേ എവിടെനിന്നും ആകാം. സമഗ്രാന്വേഷണത്തിലൂടെ വസ്തുത പുറത്തെത്തിക്കണം– പെട്രോളിയം ഗ്യാസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന ജോ. സെക്രട്ടറി പി. പ്രിൻസ് കുമാർ പൊലീസിനെ ധരിപ്പിച്ചു.
പല ഏജൻസികളിലും വെള്ളം നിറച്ച സിലിണ്ടറുകൾ ഉണ്ടെന്ന് ഏജൻസികളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും അവ തിരിച്ചെടുത്ത് വെള്ളം ഒഴിവാക്കി സുരക്ഷ ഉറപ്പാക്കി പുനഃരുപയോഗം നടത്തണമെന്നും ഗ്യാസ് ഏജൻസികളുടെ സാമ്പത്തിക നഷ്ടം നികത്താൻ ഐഒസി മാനേജ്മെന്റ് നടപടി സ്വീകരിക്കണമെന്നും കേരള പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴസ് കോൺഗ്രസ് (ഐഎൻടിയുസി) പ്ലാന്റ് കമ്മിറ്റി സെക്രട്ടറി പി.അഷറഫ് ആവശ്യപ്പെട്ടു.
വെള്ളം ഇല്ലാത്ത സിലിണ്ടറുകളാണ് എല്ലാമെന്ന് ഉറപ്പാക്കിയ ശേഷം വെള്ളം നിറച്ചുള്ള തട്ടിപ്പ് ആവർത്തിക്കാതിരക്കാനും നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പി.ഹനീഫ (എസ്ടിയു), പ്രദീപ് പാപ്പന്നൂർ, യു.റിജു, ടി.പി.ഗിൽബർട്ട് (ബിഎംഎസ്) തുടങ്ങിയവരും സ്റ്റേഷനിലെത്തി പൊലീസുമായി ആശയ വിനിമയം നടത്തി.
ഗ്യാസ് സിലിണ്ടർ തട്ടിപ്പു പലവിധം
ഗ്യാസ് സിലിണ്ടർ തട്ടിപ്പു പലവിധം. പക്ഷെ, വെള്ളം നിറച്ചതുമായി ബന്ധപ്പെട്ട പരാതിയുടെ വെളിച്ചത്തിൽ മാത്രമാണ് തൽക്കാലം ഇപ്പോൾ അന്വേഷണം. ചില ഏജൻസികളിൽ ഗ്യാസ് സിലിണ്ടർ ലോഡിൽ ചിലപ്പോൾ ഒന്നോ, രണ്ടോ കാലി സിലിണ്ടറുകളും ലഭിക്കാറുണ്ട്. ഗ്യാസുള്ള സിലിണ്ടർ മറിച്ച് വിറ്റ് കാലി സിലിണ്ടർ എത്തിക്കുന്നതാണ് സംഭവമെന്ന് പരക്കെ പരാതിയുണ്ട്.
അബദ്ധത്തിൽ എത്തിയെന്ന് കരുതി ബന്ധപ്പെട്ടവർ മടക്കാറുമുണ്ട്. തൂക്കക്കുറവിന്റെ പേരിൽ പ്ലാന്റിൽ അത്തരം സിലിണ്ടറുകൾ തിരിച്ചെത്തുന്നതും അസാധാരണമല്ല. പുതിയ സാഹചര്യത്തിൽ അതും തട്ടിപ്പിന്റെ ഭാഗമെന്ന നിഗമനം ശക്തം. ഗാർഹിക സിലിണ്ടറിലെ 75% ഗ്യാസ് വാണിജ്യ സിലിണ്ടറിലേക്ക് മാറ്റി കുറവുള്ള ഗ്യാസിന് പകരം വെള്ളം നിറയ്ക്കുന്നതായും പരാതിയുണ്ട്. അനധികൃത ഗ്യാസ് ഫില്ലിങ് യന്ത്രങ്ങളുടെ ചിത്രം സഹിതം ജില്ലയിലെ 3 ഇൻഡേൻ ഏജൻസികൾ കലക്ടർക്ക് നേരത്തെ പരാതിയും നൽകിയിട്ടുണ്ട്.
വ്യത്യസ്ത രീതിയിലാണു ഗ്യാസ് തട്ടിപ്പ്. വർഷങ്ങളായി ഗ്യാസ് തട്ടിപ്പുമായി ബന്ധപ്പെട്ട മാഫിയ ഉണ്ടെന്നാണ് പരാതി. അതേസമയം, ഗ്യാസ് ലോബിയുമായി ബന്ധപ്പെട്ട സർവ വിവരങ്ങളും പുറത്തെത്തിക്കാൻ പാകത്തിൽ അന്വേഷണവും നടപടിയും വേണമെന്നും ലക്ഷ്യം കാണും വരെ പോരാട്ടം തുടരുമെന്നും ടാങ്ക് ലോറി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ചേളാരി പ്ലാന്റ് കമ്മിറ്റി പ്രസിഡന്റ് കെ.ടി.വിനോദ് കുമാർ പറഞ്ഞു.