15 വയസ്സിനിടെ 15 ദേശീയ മെഡലുകളുമായി ദിയ മറിയം
Mail This Article
പെരിന്തൽമണ്ണ∙ 15 വയസ്സുള്ള ദിയ മറിയത്തിന് 15 ദേശീയ മെഡലുകളുടെ തിളക്കം. ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്‌ടം എന്തിനോടെന്നു ചോദിച്ചാൽ ദിയ മറിയം ശങ്കയില്ലാതെ പറയും അത് വുഷുവിനോടാണെന്ന്. ആയോധനകലയോടുള്ള അടങ്ങാത്ത താൽപര്യത്തിൽ ദിയ മറിയം വീട്ടുകാരെ മുഴുവൻ അഭ്യാസികളാക്കി. നിലവിൽ കുന്നക്കാവ് ഹിൽടോപ് പബ്ലിക് സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ ദിയ മറിയം എട്ടു വയസ്സുമുതലാണ് ആയോധനകലയിൽ ഒരു കൈനോക്കാൻ ഇറങ്ങിത്തിരിച്ചത്. ആദ്യം കരാട്ടെയിലായിരുന്നു തുടക്കം.
മകൾ കരാട്ടെ പഠനം തുടങ്ങിയതോടെ ഒരു വർഷത്തിനു ശേഷം ഉമ്മ ഡോ.പി.സി.സജ്‌ന മൂസയും കരാട്ടെ പഠിച്ചുതുടങ്ങി. തൊട്ടു പിറകേ ദിയയുടെ അനിയൻ മുഹമ്മദ് അജ്‌വദും എത്തി. 3 അഭ്യാസികളുടെ വീടാണിപ്പോൾ വിളയൂർ പുതുവച്ചോല വീട്. പുലാമന്തോൾ ഐഎസ്‌കെ മാർഷൽ ആർട്‌സിൽ ഐഎസ്‌കെ മുഹമ്മദലിയുടെ കീഴിലാണു ദിയയും ഉമ്മയും അനിയനുമൊന്നിച്ചുള്ള പഠനം. പഠനത്തിന്റെ ആദ്യ വർഷത്തിൽ തന്നെ ദിയ മറിയം ദേശീയ ചാംപ്യൻഷിപ്പിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്.
സബ് ജൂനിയർ നാഷനൽ വുഷു ചാംപ്യൻഷിപ്പിലാണ് ആദ്യമായി പങ്കെടുത്തു മികച്ച പ്രകടനം കാഴ്‌ചവച്ചത്. ആ വർഷത്തിൽ മെഡലൊന്നും കിട്ടിയില്ലെങ്കിലും അടുത്ത വർഷം, 2019ൽ പഞ്ചാബിൽ നടന്ന ദേശീയ ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. തൊട്ടടുത്ത വർഷം കൊൽക്കത്തയിൽ സ്വർണ മെഡലും 2 വെള്ളി മെഡലും നേടിയാണു മടങ്ങിയത്.
ഈ വർഷം കോയമ്പത്തൂരിൽ ദേശീയ ചാംപ്യൻഷിപ്പിൽ 2 വെള്ളി മെഡലുകൾ നേടി. സംസ്ഥാന ചാംപ്യൻഷിപ്പുകളിൽ ചാംപ്യൻപട്ടം നേടിയ തികഞ്ഞ യോഗാഭ്യാസി കൂടിയാണു ദിയ മറിയം. കരാട്ടെയിൽ ബ്രൗൺ ബെൽറ്റ് നേടി ബ്ലാക്ക് ബെൽറ്റിനുള്ള തയാറെടുപ്പിലാണു ദിയയും ഉമ്മയും അനിയനുമെല്ലാം. കരിങ്ങനാട് ഓറിയന്റൽ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ അനിയൻ വുഷുവിൽ ദേശീയ താരമാണ്.