ADVERTISEMENT

കൊണ്ടോട്ടി∙ മലപ്പുറത്തുനിന്നു കളി തുടങ്ങി മലപ്പുറം എഫ്സിയിൽ കളി അവസാനിപ്പിച്ച് അനസ് എടത്തൊടികയെന്ന പ്രതിരോധ താരം ബൂട്ടഴിക്കുന്നതു മലപ്പുറത്തിന്റെ ഫുട്ബോൾ പെരുമ ലോകത്തെ അറിയിച്ച്. ജില്ലാ ലീഗ് ഫുട്ബോളിൽ അരിമ്പ്ര ടീമിനു വേണ്ടി ബൂട്ട് കെട്ടിയായിരുന്നു അനസിന്റെ തുടക്കം. കഴിഞ്ഞ ദിവസം സൂപ്പർ കേരള ഫുട്ബോളിൽനിന്നു മലപ്പുറം എഫ്സി, സെമി കാണാതെ പുറത്തായതിനു പിന്നാലെയാണ് അനസ് പ്രഫഷനൽ ഫുട്ബോൾ രംഗം വിടുന്നുവെന്ന പ്രഖ്യാപനമുണ്ടായത്.

കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശിയായ അനസ് 21 തവണ ഇന്ത്യൻ ജഴ്സിയണിഞ്ഞു കളിക്കളത്തിൽ രാജ്യത്തിന്റെ പ്രതിരോധം കാത്തപ്പോൾ 4 കളികളിൽ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടതെന്നത് മലപ്പുറത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. പലപ്പോഴും പരുക്ക് അലട്ടിയെങ്കിലും മികച്ച പരിശീലനത്തിലൂടെ ടീമുകളിലേക്കു തിരിച്ചെത്തിയ അനസ് മികച്ച പ്രകടനമാണു പിന്നീടു കാഴ്ചവച്ചത്. 2019ലെ ഏഷ്യാകപ്പിൽ ബഹ്റൈനോടു പരാജയപ്പെട്ട് ഇന്ത്യ പുറത്തായപ്പോൾ രാജ്യാന്തര കളിയിൽനിന്നു വിരമിക്കൽ പ്രഖ്യാപനം നടത്തി. എന്നാൽ, ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ഇന്ത്യൻ ടീമിലേക്കു തിരിച്ചുവിളിച്ചതും മറ്റൊരു ചരിത്രം.

പ്രാദേശിക ഫുട്ബോൾ ടീമുകളിലൂടെ കളിച്ചുതുടങ്ങിയ അനസ് 2006 മുതൽ 2010 വരെ മുംബൈ എഫ്സിയിലും 2010 –14 വരെ പുണെ എഫ്സിയിലും ഐഎസ്എൽ താരം. പിന്നീട് ഡൽഹി, ജംഷഡ്പുർ, കേരള ബ്ലാസ്റ്റേഴ്സ്, എടികെ ടീമുകളിൽ പ്രതിരോധം കാത്തു. കേരളം, മഹാരാഷ്ട്ര സന്തോഷ് ട്രോഫി ടീമുകളിലും അനസ് കളിച്ചു. ഇടയ്ക്കു പരുക്കുമൂലം വിശ്രമത്തിലായിരുന്ന അനസ് ഗോകുലം കേരള ടീമിലൂടെ വീണ്ടും സജീവമായി കളിക്കളത്തിലേക്കു തിരിച്ചെത്തി. ഏറ്റവുമൊടുവിൽ സൂപ്പർ കേരളയിൽ മലപ്പുറം എഫ്സി ക്യാപ്റ്റനായാണു കളം വിടുന്നത്.

കായികതാരങ്ങൾക്കു സർക്കാർ ജോലി നൽകുന്ന വിവാദമുയർന്നപ്പോൾ സജീവമായി കേട്ട പേരുകളിലൊന്ന് അനസിന്റേതായിരുന്നു. ജോലി നൽകാതെ അനസിനെ ചിലർ ഒതുക്കിയെന്ന വാദവും ഇപ്പോഴും നിലനിൽക്കുന്നു. പരേതരായ മുഹമ്മദ് കുട്ടിയുടെയും ഖദീജയുടെയും മകനാണ് അനസ്. ഭാര്യ: സുലൈഖ. മക്കൾ: ഫാത്തിമ ഷഹ്സ്മിൻ, ഷഹ്സാദ് മുഹമ്മദ്.

പ്രധാന നേട്ടങ്ങൾ
∙ 2017ൽ ഐഎസ്എൽ ലേലത്തിൽ മികച്ച മൂല്യമുള്ള കളിക്കാരൻ.

∙ ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 2016–17ലെ മികച്ച ഫുട്ബോൾ താരം.

∙ പുണെ എഫ്സിയുടെ പ്ലെയർ ഓഫ് ദി ഇയർ അവാർഡ്

∙ മോഹൻ ബഗാനിൽ കളിക്കുമ്പോൾ ഐ ലീഗിലെ മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്കാരം.

∙ എടികെയിൽ കളിക്കുമ്പോൾ ഐഎസ്എൽ ചാംപ്യൻമാർ.

∙ ജംഷഡ്പുരിൽ കളിക്കുമ്പോൾ ഐഎസ്എൽ ഷീൽഡ് ചാംപ്യൻമാർ.

∙ ഇന്റർ കോണ്ടിനെന്റൽ കപ്പിലും ത്രിരാഷ്ട്ര ഫുട്ബോൾ കപ്പിലും ഇന്ത്യ കിരീടം നേടിയപ്പോൾ ടീമിൽ പ്രതിരോധ താരം.

"കളി തുടങ്ങിയതും അവസാനിപ്പിക്കുന്നതും മലപ്പുറത്തുനിന്നാണ്. ഇനി ഗാലറിയിലിരുന്നു കളി കാണട്ടെ. ഫുട്ബോൾ ഒരിക്കലും കൈവിടുന്നില്ല. കൂടെയുണ്ടാകും. പ്രാക്ടീസ് തുടരും. പ്രഫഷനൽ കളിയിലേക്ക് ഇല്ലെന്നു മാത്രം. ലോകശ്രദ്ധ നേടാൻ കഴിയുന്ന ഒട്ടേറെ ഭാവിതാരങ്ങൾ മലപ്പുറത്തുണ്ട്. അവരെല്ലാം ഉയർന്നുവരട്ടെ. അതിനുള്ള അവസരങ്ങൾ ഉണ്ടാകട്ടെ."

English Summary:

Indian football star Anas Edathodika has announced his retirement from professional football. The defender, known for his time with the Indian national team and various clubs, ended his career where it began - in his hometown with Malappuram FC.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com