മാലിന്യസംസ്കരണത്തിനു പുത്തൻ നിർദേശങ്ങളുമായി കുട്ടികൾ
Mail This Article
മലപ്പുറം∙ മാലിന്യസംസ്കരണത്തിനു പുത്തൻ പരിഹാരങ്ങളുമായി കുടുംബശ്രീ ബാലസഭ കൂട്ടുകാർ. മലപ്പുറം, പാലക്കാട് ജില്ലകളിലെ ബാലസഭകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണു ‘മാലിന്യസംസ്കരണവും പ്രശ്നപരിഹാരവും’ എന്ന വിഷയത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. ശുചിത്വോത്സവം രണ്ടാം സീസണിൽ ഈ മാസം അവസാനം സംസ്ഥാനതലത്തിൽ നടക്കുന്ന ശുചിത്വ ഉച്ചകോടിയിലേക്കുള്ള സിലക്‌ഷൻ ക്യാംപിന്റെ ഭാഗമായിരുന്നു അവതരണം. സ്വന്തം നാട്ടിലെ മാലിന്യപ്രശ്നങ്ങൾ നേരിട്ടുപോയി കണ്ടു വിവരങ്ങൾ ശേഖരിച്ചു വിലയിരുത്തിയാണു പ്രബന്ധങ്ങൾ തയാറാക്കിയത്. ശുചിത്വ ഉച്ചകോടിയിൽ ഇവർ ഒരിക്കൽകൂടി ഈ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
എസ്‍സിഇആർടി റിട്ടയേഡ് റിസർച് ഓഫിസർ എസ്.സുരേഷ് കുമാർ, റിട്ടയേഡ് ഹയർസെക്കൻഡറി അധ്യാപകനായ കെ.ജോൺ, ഡയറ്റ് അധ്യാപകൻ ഡോ.ജെ.ജി.സതീഷ് ചന്ദ്രൻ തുടങ്ങിയവർ പ്രബന്ധങ്ങൾ വിലയിരുത്തി. ജില്ലയിൽ നിന്നു തിരഞ്ഞെടുത്തവർക്കു പ്രത്യേക പരിശീലനം നൽകിയിരുന്നു. മലപ്പുറം ജില്ലയിൽനിന്ന് ഒൻപത് പേരും പാലക്കാട് ജില്ലയിൽനിന്ന് ആറു പേരും തൃശൂർ ജില്ലയിൽനിന്ന് ഒരു കുട്ടിയും പ്രോജക്ടുകൾ അവതരിപ്പിച്ചു.