അക്ഷരങ്ങൾ മാഞ്ഞ് ബോർഡ്: ദിശ അറിയാതെ ഡ്രൈവർമാർ
Mail This Article
മലപ്പുറം∙ടൗണിലെ ദിശാ സൂചനാ ബോർഡുകൾ മാഞ്ഞുപോയതു ദീർഘദൂര യാത്രാ വാഹനങ്ങൾക്കു പ്രയാസമാകുന്നു. ഭാരവാഹനങ്ങൾ അടക്കമുള്ളവ രാത്രിയിൽ ടൗണിൽ വഴിതെറ്റി പോകുന്നതു പതിവാകുകയാണ്. കുന്നുമ്മലിൽ സ്ഥാപിച്ച ദിശാ സൂചന ബോർഡ് വായിക്കാൻ കഴിയാതെ എഴുത്തു മാഞ്ഞു പോയിട്ടുണ്ട്. തൊട്ടടുത്തുള്ള മറ്റൊരു ദിശാ സൂചന ബോർഡിൽ പ്രാദേശിക സ്ഥലങ്ങളുടെ പേരുകളാണുള്ളത്. രാത്രിയിലെത്തുന്ന ദീർഘദൂര വാഹനങ്ങളാണ് ഇതുമൂലം പലപ്പോഴും വഴിതെറ്റി പോകുന്നത്. രാത്രി ടൗണിലോടുന്ന ഓട്ടോറിക്ഷകളുടെ ഡ്രൈവർമാരാണ് പലപ്പോഴും യാത്രക്കാരെ വഴിതെറ്റിക്കാതെ സഹായിക്കുന്നത്.
കുന്നുമ്മലിലാണെങ്കിലും കോട്ടപ്പടിയിലാണെങ്കിലും ദീർഘദൂര യാത്രക്കാരെ സഹായിക്കുന്ന രീതിയിൽ സ്ഥലനാമങ്ങൾ വ്യക്തമാകുന്ന ദിശാസൂചന ബോർഡുകളില്ല. മംഗളൂരു, കോയമ്പത്തൂർ തുടങ്ങിയ പ്രധാന ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്കു സഹായകരമാകുന്ന രീതിയിലുള്ള സൂചനാ ബോർഡുകൾ മലപ്പുറം ടൗണിൽ എവിടെയുമില്ല. പലയിടങ്ങളിലും ഉള്ളതു പ്രാദേശിക സ്ഥലനാമങ്ങളുടെ പേരുകളാണ്.
മലപ്പുറം നഗരസഭയിലേക്കു സ്വാഗതം പറഞ്ഞു നഗരസഭ കൂട്ടിലങ്ങാടി പാലത്തിനു സമീപം സ്ഥാപിച്ചിരുന്ന ബോർഡുകൾ വരെ നശിച്ചു പോയിട്ടു കാലമേറെയായി. മറ്റു ചിലതു നിറം മങ്ങിയിരിക്കുകയാണ്. നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചേർന്ന യോഗങ്ങളിലും നഗരസഭയുടെ കൗൺസിൽ യോഗങ്ങളിലുമെല്ലാം വ്യക്തമായ ദിശാസൂചന ബോർഡുകൾ സ്ഥാപിക്കണമെന്ന് കൗൺസിലർമാർ അടക്കമുള്ളവർ ആവശ്യങ്ങൾ ഉയർത്തിയിരുന്നെങ്കിലും പരിഹാരമുണ്ടായിട്ടില്ല.