കാലിക്കറ്റ് ക്യാംപസിലെ റോഡിൽ ഗേറ്റ് അടച്ചിടുന്നതുമൂലം ഗതാഗതക്കുരുക്ക്
Mail This Article
തേഞ്ഞിപ്പലം ∙കാലിക്കറ്റ് സർവകലാശാലാ അധികൃതർ ക്യാംപസ് ജിഎൽപി സ്കൂൾ പരിസരത്ത് കടക്കാട്ടുപാറ റോഡരികെ 2 സെക്യൂരിറ്റി ഗേറ്റുകൾ തുടർച്ചയായി അടയ്ക്കുന്നത് മേഖലയിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതായി പരാതി. സ്കൂളിന് സമീപമാണ് ഒരു ഗേറ്റ്. സ്കൂളിന് പടിഞ്ഞാറാണ് രണ്ടാമത്തേത്. എൻഎച്ചിൽ പണി തുടങ്ങിയതിൽപിന്നെ അവിടെ സർവീസ് റോഡിൽ വൺവേ അടിസ്ഥാനത്തിൽ വാഹന ഗതാഗതം ക്രമീകരിച്ച സാഹചര്യത്തിൽ കടക്കാട്ടുപാറ റോഡ് വഴി എത്തുന്നവർക്കും അതിലൂടെ മടങ്ങുന്നവർക്കും എളുപ്പം എത്താവുന്ന റോഡിലാണ് സെക്യൂരിറ്റി ഗേറ്റുകൾ തടസ്സമായത്.
ക്യാംപസിൽ 90% റോഡുകളിലും ഇപ്പോൾ പ്രവേശന ഭാഗത്ത് സെക്യൂരിറ്റി ഗേറ്റുണ്ട്. അവയൊക്കെ പകൽ നേരത്തെങ്കിലും തുറന്നിടാറമുണ്ട്. എന്നാൽ, സ്കൂൾ പരിസരത്തെ 2 ഗേറ്റുകൾ മാത്രം അടച്ചിടുന്നത് എന്ത് കാരണത്താലാണെന്ന് വ്യക്തമല്ല. സുരക്ഷാ ഉദ്യോഗസ്ഥരെ കാവൽ നിർത്തി 2 ഗേറ്റുകളും തുറക്കണമെന്നാണ് ആവശ്യം. ക്യാംപസിലെ 2 സ്കൂളുകളിലുമായി ഇപ്പോൾ വേങ്ങര ഉപജില്ലാ കലോത്സവം നടക്കുന്നതിനാൽ വിദ്യാർഥികളും വാഹനങ്ങളും കൂട്ടത്തോടെയെത്തി കുരുക്കിൽ അകപ്പെടുകയാണ്.
അധികാരികൾ ഗേറ്റ് തുറന്ന് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരത്തിന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് സജിത്ത് കുന്നുമ്മൽ അറിയിച്ചു. യൂണിവേഴ്സിറ്റി അധികൃതർ ഗതാഗതക്കുരുക്ക് അഴിക്കാൻ മുൻകൈ എടുക്കണമെന്നും ഇല്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും തേഞ്ഞിപ്പലം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അനുമോദ് കാടശേരി പറഞ്ഞു.