ചേളാരിച്ചന്ത വരപ്പാറയിൽ ഇന്നു പുനരാരംഭിക്കും
Mail This Article
തേഞ്ഞിപ്പലം ∙300 വർഷം തലമുറകൾ നെഞ്ചേറ്റിയ ചേളാരിച്ചന്തയ്ക്ക് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ന് പെരുവള്ളൂർ പറമ്പിൽപീടികയ്ക്കടുത്ത വരപ്പാറയിൽ പുനരാരംഭം. പെരുവള്ളൂർ പഞ്ചായത്തിന് രജതജൂബിലി സമ്മാനമായി ലഭിച്ച ചന്തയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൽ കലാം നിർവഹിക്കും. രാവിലെ 8ന് സാംസ്കാരിക ഘോഷയാത്രയിൽ കുടുംബശ്രീ പ്രവർത്തകരും യോഗാ ക്ലബ് അംഗങ്ങളും അണിനിരക്കും. അയൽ സംസ്ഥാനങ്ങളിൽനിന്നും കേരളത്തിൽ നിന്നുമായി 2,000 പോത്തുകളെയും മറ്റുമാണ് കാലിച്ചന്തയിൽ വിപണനത്തിന് പ്രതീക്ഷിക്കുന്നത്. പോത്ത്, ആട്, കോഴിയിറച്ചി, ഉണക്കമീൻ വിൽപനയ്ക്കു പ്രത്യേകം ഷെഡ് സ്ഥാപിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു. ഹോട്ടൽ, തുണിക്കട, പച്ചക്കറി– പല വ്യഞ്ജന വിൽപനശാലകൾ എന്നിവയ്ക്കും ഷെഡ് സ്ഥാപിച്ചിട്ടുണ്ട്. കോവിഡ് കാലം മുതൽ ചന്ത ചേളാരിക്ക് അന്യമാണ്. കോവിഡാനന്തരം 3 വർഷം കാക്കഞ്ചേരിയിൽ പ്രവർത്തിച്ചെങ്കിലും എൻഎച്ച് നിർമാണത്തെ തുടർന്ന് വഴിയടഞ്ഞത് തിരിച്ചടിയായി. ഒടുവിൽ 2.5 ഏക്കർ വാടകക്കെടുത്ത് നിലമൊരുക്കി ഇനി എല്ലാ ചൊവ്വാഴ്ചകളിലും വരപ്പാറയിൽ ചന്ത തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ചന്ത 285 വർഷത്തോളം മൂന്നിയൂർ പഞ്ചായത്തിൽപ്പെട്ട താഴേ ചേളാരിയിൽ ആയിരുന്നു. തലമുറ മാറ്റത്തിനനുസരിച്ച് ഉടമസ്ഥാവകാശവും പലകുറി മാറി. കാൽനൂറ്റാണ്ട് മുൻപ് 25 വർഷത്തോളം പെരുവള്ളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കോയക്കുട്ടി ഹാജി, അദ്ദേഹത്തിന്റെ സഹോദരൻ ഡോ. കെ.ആലിക്കുട്ടി, ബന്ധു മമ്മദീശക്കുട്ടി ഹാജി എന്നിവർ ചന്ത നടത്തിയിരുന്നു. എൻഎച്ചിലെ ഗതാഗത തടസ്സം പ്രശ്നമായപ്പോഴാണ് അവർ വിറ്റൊഴിഞ്ഞത്. കോയക്കുട്ടി ഹാജിയും മറ്റും ചന്ത വിറ്റ ശേഷവും വർഷങ്ങളോളം താഴേ ചേളാരിയിൽ മുടക്കമില്ലാതെ പ്രവർത്തിച്ചിരുന്നു. പിന്നീട് ഗതാഗത തടസ്സം പ്രശ്നമായപ്പോൾ ചേളാരി ആലുങ്ങൽ പരിസരത്തേക്ക് മാറ്റി. കോവിഡ് വരെ അവിടെ ചന്ത മികച്ച നിലയിൽ പ്രവർത്തിച്ചു. 3 വർഷം അടച്ചിട്ടതിനെ തുടർന്ന് പുതിയ ഉടമസ്ഥയിൽ ചേലേമ്പ്ര കാക്കഞ്ചേരിയിലേക്ക് മാറ്റിയെങ്കിലും അവിടെ എൻഎച്ച് നിർമാണം വില്ലനായി. പെരുവള്ളൂർ പഞ്ചായത്ത് അധികൃതർ ചന്തയ്ക്ക് അതിവേഗം അനുമതി നൽകിയ സാഹചര്യത്തിലാണ് ഇന്ന് വരപ്പാറയിൽ തുടക്കം കുറിക്കുന്നത്.