തിരഞ്ഞെടുപ്പിന് 8 നാൾ; കാട് കയറിയും പ്രചാരണം
Mail This Article
എടക്കര ∙കാട് കയറിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുന്നു. കാട്ടിനുള്ളിലെ ആദിവാസി നഗറിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കാൻ മുന്നണികളുടെ നേതാക്കളും പ്രവർത്തകരും എത്തിത്തുടങ്ങി. നഗറിലുള്ളവരെ ഒരിടത്ത് ഒരുമിച്ചിരുത്തിയാണ് വോട്ടഭ്യർഥന നടത്തുന്നത്.
വോട്ട് ചോദിച്ചെത്തുന്നവരോട് ആദിവാസി കുടുംബങ്ങൾ അവരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. .മുണ്ടേരി വനത്തിനുള്ളിലെ വാണിയമ്പുഴ നഗറിൽ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കളും പ്രവർത്തകരുമെത്തി വോട്ടഭ്യർഥിച്ചു. തുരുത്തേൽ രാജു, എം.എ.ജോസ്, ഉബൈദ് കാക്കീരി, സലൂബ് ജലീൽ എന്നിവർ പ്രസംഗിച്ചു.
എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് വോട്ടഭ്യർഥിച്ച് എൽഡിഎഫ് നേതാക്കളും കഴിഞ്ഞ ദിവസം വാണിയമ്പുഴ നഗറിലെത്തിയിരുന്നു. വഴിക്കടവ് ഉൾ വനത്തിലെ പുഞ്ചക്കൊല്ലി, അളയ്ക്കൽ നഗറിലും വേട്ടഭ്യർഥനയുമായി മുന്നണികളുടെ നേതാക്കളും പ്രവർത്തകരും എത്തി.
സത്യൻ മൊകേരി മണ്ഡലത്തിൽ 7ന് പര്യടനം നടത്തും
എടക്കര ∙ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി 7ന് നിലമ്പൂർ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 8ന് നിലമ്പൂർ കോവിലകത്തുമുറിയിൽ നിന്നു തുടങ്ങി ഉച്ചയ്ക്ക് 12ന് മുണ്ടേരി തമ്പുരാട്ടിക്കല്ല്, വൈകിട്ട് 7.15ന് പൂക്കോട്ടുപാടത്ത് സമാപനം. നിലമ്പൂർ നഗര സഭ, ചുങ്കത്തറ, പോത്തുകല്ല്, എടക്കര, വഴിക്കടവ്, മൂത്തേടം, കരുളായി, അമരമ്പലം എന്നീ പഞ്ചായത്തുകളിലുമായി 22 കേന്ദ്രങ്ങളിലാണ് പര്യടനം.
പ്രചാരണത്തിന് തമിഴ്നാട്ടിലെ നേതാക്കളും
പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്താകാൻ തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ്പടയും എത്തുന്നു. തമിഴ്നാട് പിസിസി പ്രസിഡന്റ് കെ.എസ്.സെൽവ പെരുന്തഗൈയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരുമടങ്ങുന്ന സംഘം അടുത്ത ദിവസങ്ങളിൽ ഗൂഡല്ലൂർ വഴി വയനാട്ടിലെത്തും. തമിഴ് വംശജർ കൂടുതൽ താമസിക്കുന്ന തമിഴ്നാട് അതിർത്തി പ്രദേശങ്ങളായ നിലമ്പൂർ, മാനന്തവാടി, മേപ്പാടി എന്നീ മണ്ഡലങ്ങളിൽ വീടുകൾ കയറിയുള്ള പ്രചാരണമാണ് ഇവർ ആസൂത്രണം ചെയ്തിരിക്കുന്നത്. പരമാവധി വോട്ടുകൾ ചെയ്യിപ്പിക്കുന്നതിന് തമിഴ്നാട്ടിൽ വിവിധയിടങ്ങളിലെ കോളജുകളിൽ പഠിക്കുകയും ജോലിയിൽ ഏർപ്പെടുകയും ചെയ്‌തവരെ നാട്ടിലെത്തിക്കുന്നതിനും തമിഴ്നാട് പിസിസി ഇടപെടുന്നുണ്ട്.
തിരഞ്ഞെടുപ്പ് കുടുംബയോഗം
തുവ്വൂർ ∙ വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം നരിയക്കംപൊയിലിൽ നടന്ന കുടുംബസംഗമം കോൺഗ്രസ് നേതാവ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് പിണറായി വിജയൻ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബഷീർ പകിടീരി ആധ്യക്ഷ്യം വഹിച്ചു.നജ്മ തബ്ഷീറ, കളത്തിൽ കുഞ്ഞാപ്പു ഹാജി, കെ.കെ.സുരേന്ദ്രൻ, മുസ്തഫ അബ്ദുൽ ലത്തീഫ്, ടി.എ.ജലീൽ, കെ.പി.ഗിരീഷ്, കെ.ടി.അജ്മൽ, എ.കെ.മുസ്തഫ, പി.റഷീദ്, കെ.മൻസൂർ എന്നിവർ പ്രസംഗിച്ചു.