പെരിന്തൽമണ്ണ ജില്ലാ ആശുപത്രി: കുട്ടികളുടെ വാർഡ് പ്രവർത്തനമാരംഭിച്ചു
Mail This Article
പെരിന്തൽമണ്ണ ∙ജില്ലാ ആശുപത്രിയിൽ മാതൃ -ശിശു ബ്ലോക്കിൽ കുട്ടികളുടെ വാർഡ് ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ചു. ഇതുവരെ ആശുപത്രിയിലെ മെയിൻ ബ്ലോക്കിലെ പുരുഷ മെഡിക്കൽ വാർഡിൽ തന്നെയാണ് 6 കിടക്കകളോടുകൂടി കുട്ടികളുടെ പ്രത്യേക വാർഡും പ്രവർത്തിച്ചിരുന്നത്. മാതൃ–ശിശു ബ്ലോക്കിൽ ജില്ലാ പഞ്ചായത്ത് പദ്ധതിയിലൂടെ സജീകരിച്ച വാർഡിൽ 11 കിടക്കകളോടുകൂടിയാണ് പ്രവർത്തനം തുടങ്ങിയത്. കുട്ടികളുടെ വാർഡിൽ 24 മണിക്കൂറും സെൻട്രലൈസ്ഡ് ഓക്സിജൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ 10 ബെഡുകൾ കൂടി സജ്ജീകരിക്കാനുള്ള സൗകര്യം വാർഡിൽ ലഭ്യമാണ്.
കൂടാതെ മാതൃ - ശിശു ബ്ലോക്കിന്റെ ഒന്നാം നിലയിലുള്ള ഓപ്പറേഷൻ തീയേറ്റർ കോംപ്ലക്സ് പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. എംപി ഫണ്ട് ഉപയോഗിച്ച് സജ്ജീകരിക്കുന്ന കണ്ണിന്റെ ഓപ്പറേഷൻ തിയേറ്ററിന്റെ നവീകരണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. മാതൃശിശു ബ്ലോക്കിൽ ഫയർ ആൻഡ് സേഫ്റ്റി സംവിധാനത്തിന്റെ പ്രവൃത്തിയും അന്തിമ ഘട്ടത്തിലാണ്. ഇത് പൂർത്തിയാകുന്നതോടെ ലക്ഷ്യ പദ്ധതി പ്രകാരം ഇവിടെ ഒരുക്കുന്ന സ്ത്രീകൾക്കുള്ള വാർഡുകളും പൂർണമായി സജീകരിക്കാനാവും.