നെഹ്റുവിന്റെ കയ്യിൽനിന്നു പൂമാല വാങ്ങി; ഏലിയാമ്മയ്ക്ക് ഇനി പ്രിയങ്കയെ കാണണം
Mail This Article
നിലമ്പൂർ ∙ പ്രധാനമന്ത്രി നെഹ്റുവിന്റെ കയ്യിൽ നിന്ന് റോസാപ്പൂമാല ഏറ്റുവാങ്ങിയത് വിവരിക്കുമ്പോൾ വീട്ടിക്കുത്ത് കുന്നംപള്ളിൽ ഏലിയാമ്മ വർഗീസിന് നൂറുനാവ്. 1955 ഡിസംബർ 27ന് ആണ് സംഭവം. അന്ന് ഏലിയാമ്മയ്ക്ക് 17 വയസ്സ്. കോൺഗ്രസ് പൊതുയോഗത്തിൽ പങ്കെടുക്കാനും ഭൂദാന പ്രസ്ഥാനത്തിന് കോവിലകം സംഭാവന നൽകിയ 1000 ഏക്കർ ഭൂമിയുടെ രേഖ ഏറ്റുവാങ്ങാനും ആണ് നെഹ്റു നിലമ്പൂരിൽ എത്തിയത്. എംഎസ്പി മൈതാനത്ത് പ്രത്യേകം നിർമിച്ച വേദിയിലായിരുന്നു പ്രസംഗം. നെഹ്റു എത്തിയ വിവരം കേട്ടറിഞ്ഞ് ഏലിയാമ്മയും കൂട്ടുകാരി മോളിയും കുളക്കണ്ടത്തെ വീട്ടിൽനിന്ന് മൈതാനം ലക്ഷ്യമാക്കി ഓടി.
ക്യാംപ് റോഡിലേക്ക് ഇരുവരും കടന്നതും കോവിലകത്തേക്ക് തുറന്ന കാറിൽ നെഹ്റുവിനെ ആനയിച്ചു വന്നതും ഒപ്പമായിരുന്നു. മുണ്ടും ചട്ടയും ധരിച്ച് ഓടി വരുന്ന പെൺകുട്ടികളെ കണ്ട് നെഹ്‌റു കാർ നിർത്താൻ നിർദേശിച്ചു. എഴുന്നേറ്റു നിന്നു കൈകൂപ്പി. ഇരുവർക്കും മാല സമ്മാനിച്ചു. ചിരി തൂകി വീണ്ടും കൈകൂപ്പിയ ശേഷം നെഹ്‌റു യാത്ര തുടർന്നു. വീട്ടിൽ തിരിച്ചെത്തി വിവരം പറഞ്ഞെങ്കിലും മാല കണ്ടപ്പോഴാണ് എല്ലാവർക്കും വിശ്വാസമായതെന്ന് ഏലിയാമ്മ പറഞ്ഞു.തിരുവല്ല പുല്ലാട് നിന്ന് 1952ൽ നിലമ്പൂരിലേക്കു കുടിയേറിയ കളക്കുടിയിൽ ചാണ്ടപ്പിള്ളയുടെയും ശോശാമ്മയുടെയും 5 മക്കളിൽ ഇളയവളാണ് ഏലിയാമ്മ. 7ാം ക്ലാസ് ജയിച്ചാണ് നിലമ്പൂരിലെത്തുന്നത്. 1956 ഏപ്രിൽ 9ന് കെ.വി.വർഗീസിനെ വിവാഹം ചെയ്തു.
നെഹ്റു കുടുംബത്തോട് അതീവ സ്നേഹവും വല്ലാത്ത ഇഷ്ടവും ഉള്ളവരാണ് വർഗീസും ഏലിയാമ്മയും. 1980ൽ ഇന്ദിരാഗാന്ധി നിലമ്പൂരിൽ വന്നപ്പോൾ കാണാൻ ഏലിയാമ്മ പോയി. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ടി.കെ.ഹംസയ്ക്ക് വോട്ട് അഭ്യർഥിക്കാനെത്തിയതായിരുന്നു ഇന്ദിര. അന്ന് അകലെനിന്നു കാണാനേ പറ്റിയുള്ളൂ. 1991 മേയ് 21ന് രാജീവ് ഗാന്ധി മഞ്ചേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വന്നിരുന്നു. അന്നു പോയി കാണണമെന്ന് ഏലിയാമ്മ ആഗ്രഹിച്ചെങ്കിലും ശാരീരികാസ്വാസ്ഥ്യം കാരണം നടന്നില്ല. 5 മക്കളാണ് ഏലിയാമ്മയ്ക്ക്.
22 വർഷം മുൻപ് ഭർത്താവ് മരിച്ചു. 4-ാമത്തെ മകൻ മാത്യു വർഗീസിനൊപ്പമാണ് (മോനി) വിശ്രമ ജീവിതം. രാഹുൽ ഗാന്ധി ആദ്യം വയനാട് മത്സരിച്ചപ്പാേൾ പ്രിയങ്ക നിലമ്പൂരിൽ പ്രചാരണത്തിനു വന്നിരുന്നു. അരുവാക്കോട് പ്രസംഗം കഴിഞ്ഞു നിലമ്പൂരിൽ പീവീസ് പബ്ലിക് സ്കൂൾ മൈതാനത്ത് ഹെലികോപ്റ്ററിൽ കയറാൻ പോയത് വീട്ടിക്കുത്ത് വഴി കാറിലാണ്. അന്നേരം വീട്ടുമുറ്റത്തുനിന്നു പ്രിയങ്കയെ ഒരു നോക്കു കണ്ടു. പ്രിയങ്ക ചിരിച്ചു കൈവീശി. രാഹുലിനെയും പ്രിയങ്കയെയും അടുത്തു കാണണം. ഏലിയാമ്മയുടെ മോഹമാണ്. അതിലും വലിയ ആഗ്രഹവും 86 വയസ്സുകാരിക്കുണ്ട്. പ്രിയങ്ക ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണണം.