അധികാരം നിലനിർത്താൻ കേന്ദ്രം ഭിന്നിപ്പിച്ച് ഭരിക്കുന്നു: പ്രിയങ്ക
Mail This Article
കിഴിശ്ശേരി ∙ കേന്ദ്ര സർക്കാർ പ്രവാസി പുനരധിവാസത്തിനായി ഒന്നും ചെയ്യുന്നില്ലെന്നു വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി ആരോപിച്ചു. അമിത വിമാനനിരക്കും വേണ്ടത്ര വിമാന സർവീസുകളില്ലാത്തതും കാരണം കേരളത്തിലെ പ്രവാസികൾ ബുദ്ധിമുട്ടുന്നു. തൊഴിൽ സൃഷ്ടിക്കാത്ത ബിജെപി സർക്കാർ നയം മൂലം ഇവിടത്തെ വിദ്യാർഥികൾ വിദേശത്തേക്കു കുടിയേറുന്നു. കായിക വികസനത്തെയും അവഗണിക്കുന്നു. കർഷകരുടെ വായ്പകൾ തീർക്കാൻ ഒരു രൂപ പോലും മുടക്കാത്ത കേന്ദ്രം അതിസമ്പന്നരുടെ കടം എഴുതിത്തള്ളാൻ 16 ലക്ഷം കോടി രൂപയാണ് മുടക്കിയതെന്നും അവർ കുറ്റപ്പെടുത്തി. കിഴിശ്ശേരിയിൽ യുഡിഎഫ് സംഘടിപ്പിച്ച കോർണർ മീറ്റിങ്ങിൽ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക.
അധികാരം നിലനിർത്താൻ ഭയം ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണു കേന്ദ്രം. എന്നാൽ, വിവിധ മതവിഭാഗങ്ങൾ ഒത്തൊരുമിച്ചു ജീവിക്കുന്ന കാഴ്ചയാണ് വയനാട്ടിൽ കാണാനായത്. ഇവിടത്തുകാർക്കു ലഭിക്കേണ്ട അവകാശങ്ങൾക്കായി ഏറെ പോരാടിയ സഹോദരൻ രാഹുൽ ഗാന്ധിയുമാണ് മണ്ഡലത്തിലുള്ളവർക്ക് വല്ലാത്ത ആത്മബന്ധമുണ്ട്. അദ്ദേഹം തനിച്ചായപ്പോൾ ധൈര്യം നൽകിയതു വയനാട്ടുകാരാണ്. അതുകൊണ്ടു തന്നെ വേദനയോടെയാണ് അദ്ദേഹം മണ്ഡലം വിട്ടത്. ആ ബന്ധം നിലനിർത്താനാണു തന്നോട് സ്ഥാനാർഥിയാകാൻ പറഞ്ഞത്. ഒരാഴ്ച കൊണ്ടുതന്നെ ഒരിക്കലും മറക്കാനാകാത്തത്രയും സ്നേഹമാണ് വയനാട്ടുകാർ തനിക്കു നൽകിയത്. അതുകൊണ്ട് അവർക്കായി പോരാടാൻ ഏതറ്റം വരെയും പോകുമെന്നും അവർ പറഞ്ഞു.