വോട്ടർമാരെ മലയാളത്തിൽ അഭിവാദ്യം ചെയ്ത് പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം
Mail This Article
കിഴിശ്ശേരി ∙ പെരുമഴ നനഞ്ഞു ജനങ്ങൾക്കിടയിലേക്കിറങ്ങി പ്രിയങ്ക ഗാന്ധിയുടെ വോട്ടഭ്യർഥന. ഏറനാട് നിയോജക മണ്ഡലത്തിലെ പര്യടനത്തിനെത്തിയ അവർ കിഴിശ്ശേരിയിലെ കോർണർ മീറ്റിങ് കഴിഞ്ഞു മടങ്ങവേയാണു മഴയെ അവഗണിച്ചു തന്നെ കാത്തുനിന്നവർക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്. ജില്ലയിൽ ഇന്നലെ അവർ പര്യടനത്തിനെത്തിയ 3 പഞ്ചായത്തുകളിൽ രണ്ടിടത്തും മഴ വില്ലനായെങ്കിലും ചോരാത്ത ആവേശവുമായി നൂറുകണക്കിനു പ്രവർത്തകരാണു സ്വീകരണം നൽകിയത്.
കോഴിക്കോട് ജില്ലയിലെ പന്നിക്കോട്ടെ കോർണർ മീറ്റിങ് കഴിഞ്ഞ് ഇന്നലെ ഉച്ചയ്ക്കു ശേഷം 2.45ന് കീഴുപറമ്പ് പഞ്ചായത്തിലെ കുനിയിൽ ആയിരുന്നു ജില്ലയിലെ ആദ്യ പ്രചാരണം. ഏറെനേരമായി കാത്തു നിന്നവർക്കിടയിലേക്കു പ്രിയങ്കയുടെ വാഹന വ്യൂഹമെത്തിയപ്പോഴേ മഴയുടെ അകമ്പടി. കാറിന്റെ ഓപ്പൺ റൂഫ് തുറന്ന് റോഡ് ഷോയിൽ അവർ അഭിവാദ്യം ചെയ്യാനായി എഴുന്നേറ്റപ്പോഴേക്കു ജനം ആർത്തുവിളിച്ചു. റോഡിലും വശങ്ങളിലുമായി കാത്തു നിന്നവരെ അഭിവാദ്യം ചെയ്ത് മുന്നോട്ട്.
ഏക കോർണർ മീറ്റിങ് നിശ്ചയിച്ചിരുന്ന കിഴിശേരി അങ്ങാടിയിലേക്കു പ്രിയങ്കയുടെ വാഹനവ്യൂഹം വൈകിട്ട് 3.29ന് എത്തുമ്പോൾ ആകാശത്തു മേഘങ്ങൾ പെയ്യാനായി തൂങ്ങിനിൽക്കുകയായിരുന്നു. പ്ലക്കാർഡുകളും ത്രിവർണ ബലൂണുകളും കോൺഗ്രസ്, ലീഗ്, കെഎസ്‌യു, എംഎസ്എഫ് കൊടികളുമായി മണിക്കൂറുകൾക്കു മുൻപേ കാത്തിരിക്കുകയായിരുന്നു ജനം. പ്രിയങ്ക കൈവീശി പുഞ്ചിരിയുമായി വാഹനത്തിന്റെ ഓപ്പൺ റൂഫ് തുറന്ന് അഭിവാദ്യത്തിനെഴുന്നേറ്റപ്പോൾ പശ്ചാത്തല സംഗീതം കണക്കേ ജനം ആർത്തുവിളിച്ചപ്പോൾ ആവേശത്തിന്റെ വെള്ളിടി പൊട്ടി. അങ്ങാടിയിലെ പെട്രോൾ പമ്പ് മുതൽ ലീഗ് ഓഫിസിനു സമീപത്തെ വേദി വരെ റോഡ് ഷോയ്ക്ക് കൊഴുപ്പേകി അന്തരീക്ഷത്തിലേക്കു ജലധാര കണക്കേ ത്രിവർണക്കടലാസുകൾ ചീറ്റിയെറിഞ്ഞ് സംഘാടകരും.
വേദിയിൽ പി.കെ.ബഷീർ എംഎൽഎയുടെ സ്വാഗതം ‘ഇൻട്രോ’. പിന്നാലെ ‘എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ’ എന്ന് മലയാളത്തിൽ പ്രിയങ്കയുടെ പ്രസംഗത്തുടക്കം കേട്ടതോടെ ജനം ഇളകിമറിഞ്ഞു. അപ്പോഴേക്കും മഴത്തുള്ളികളും ഉതിർന്നു വീണുതുടങ്ങി. താൻ മലയാളം പഠിച്ചുവരികയാണെന്ന് അവർ പറഞ്ഞു. സഹോദരന് (രാഹുൽ ഗാന്ധി) വയനാട്ടുകാർ നൽകിയ സ്നേഹവും ധൈര്യവും പോലെ ഒരാഴ്ചയായി തനിക്കും ലഭിച്ചുകൊണ്ടിരിക്കുന്നതു മറക്കാനാവില്ലെന്നും തന്റെ മക്കൾ മത്സരിച്ചു തരാറുള്ളതുപോലെയാണ് വയനാട്ടുകാർ തനിക്ക് ഉമ്മ നൽകുന്നതെന്നും പ്രിയങ്ക പറഞ്ഞു.
മഴയ്ക്കു ശക്തി കൂടിയതോടെ കുറെപ്പേർ കടവരാന്തകളിലേക്കു നീങ്ങി. സ്ഥലം കിട്ടാഞ്ഞവർ മഴ കൊണ്ടു. തന്നോടുള്ള സ്നേഹം പകരാനായി മഴ കൊണ്ടവർ, പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ, തല തോർത്താൻ മറക്കരുതെന്ന കരുതലുമായാണു പ്രിയങ്ക പ്രസംഗം അവസാനിപ്പിച്ചത്. തുടർന്നാണ് അവർ മഴയത്തേക്കിറങ്ങി അങ്ങാടിയിലൂടെ പ്രവർത്തകരെ കൈപിടിച്ചും അഭിവാദ്യം ചെയ്തും സ്നേഹമറിയിച്ചത്. കുടയുമായി സുരക്ഷാ ഉദ്യോഗസ്ഥനുണ്ടായിരുന്നെങ്കിലും നനഞ്ഞു കുതിർന്നാണു പ്രിയങ്ക വാഹനത്തിലേക്കു തിരിച്ചുകയറിയത്.
വൈകിട്ടു നാലരയോടെയാണു മൂന്നാമത്തെ പര്യടന കേന്ദ്രമായ കാവനൂരിലെത്തിയത്. ഇവിടെയും കാറിൽ നിന്ന് ഓപ്പൺ റൂഫ് വഴി ജനങ്ങളെ അഭിവാദ്യം ചെയ്ത് റോഡ് ഷോ. അരീക്കോട് മഞ്ചേരി റോഡിൽ ഇരുവശത്തേക്കും കാറിൽ നീങ്ങിയ പ്രിയങ്കയെ നൂറുകണക്കിനു പ്രവർത്തകരും അനുഗമിച്ചു. തുടർന്ന് അവർ കൽപറ്റയിലേക്കു മടങ്ങി.
പ്രിയങ്ക ഇന്നും ജില്ലയിൽ
വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്നും ജില്ലയിൽ പര്യടനം നടത്തും. വണ്ടൂർ മണ്ഡലത്തിൽ രാവിലെ 10ന് ചെറുകോട്, 11.30ന് തുവ്വൂർ, ഉച്ചയ്ക്ക് ഒരുമണിക്കു കാളികാവ് എന്നിവിടങ്ങളിൽ കോർണർ മീറ്റിങ്, 2നു ചോക്കാട് റോഡ് ഷോ, നിലമ്പൂർ മണ്ഡലത്തിൽ വൈകിട്ട് 3ന് പൂക്കോട്ടുംപാടത്ത് കോർണർ മീറ്റിങ് എന്നിവയാണ് ഇന്നത്തെ പരിപാടികൾ.ഇന്നലത്തെ പര്യടനത്തിൽ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ജനറൽ കൺവീനർ എ.പി.അനിൽകുമാർ, വർക്കിങ് ചെയർമാൻ പി.കെ.ബഷീർ, നിയോജക മണ്ഡലം ചെയർമാൻ ഗഫൂർ കൂറുമാടൻ, കൺവീനർ കെ.അബ്ദുല്ലക്കുട്ടി, പരിഭാഷക ജ്യോതി വിജയകുമാർ എന്നിവരാണു പ്രധാനമായും പ്രിയങ്കയെ അനുഗമിച്ചത്.