മലപ്പുറത്തിന്റെ അതിരില്ലാത്ത സ്‌നേഹത്തിന് നന്ദി പറഞ്ഞ് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും കുടുംബവും
Mail This Article
പെരിന്തൽമണ്ണ ∙ മലപ്പുറത്തിന്റെ അതിരില്ലാത്ത സ്‌നേഹത്തിന് നന്ദി പറഞ്ഞ് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും കുടുംബവും മക്കളുടെ ചികിത്സയ്‌ക്ക് ശേഷം മടങ്ങി. പോകുന്നതിനു മുൻപായി അദ്ദേഹം എല്ലാവരുടെയും കാൽതൊട്ട് വന്ദിച്ചു. പോകാൻ മനസ്സിലെന്ന മട്ടിൽ ഏഴു വയസ്സുകാരി ബ്രാമി ചിണുങ്ങി. കഴിഞ്ഞ 7 വർഷമായി അവൾ കരയാറുണ്ടെങ്കിലും മുൻപ് കണ്ണീരില്ലായിരുന്നു. എന്നാലിപ്പോൾ കണ്ണിൽ നിന്ന് കണ്ണീരോടു കൂടി തന്നെ അവൾ കരയും. രുചിയൊന്നും അനുഭവപ്പെടാതിരുന്ന അവളിപ്പോൾ കയ്‌പ്പേറിയ കഷായത്തോട് അനിഷ്‌ടം കാട്ടും. നാവു വെളിയിലിട്ട് ഉമിനീരൊഴുകിയിരുന്ന അവസ്ഥയും മാറി. കിടക്കുക മാത്രം ചെയ്‌തിരുന്ന 23 വയസ്സുള്ള കാർത്തിക് ഇപ്പോൾ വീൽചെയറിൽ ഇരിക്കും. പേരു വിളിച്ചാൽ അവിടേക്ക് ശ്രദ്ധിക്കും. മടങ്ങിയിരുന്ന കൈകൾക്കും മാറ്റം വന്നു. പുറത്തിരുന്ന് കാഴ്‌ചകൾ കാണുന്നതാണ് ബ്രാമിക്കിപ്പോൾ ഏറെ ഇഷ്‌ടം. വീഴ്‌ചകളിൽ നിർവികാരമായിരുന്നു മുൻപ് ഇരുവരും. എന്നാലിപ്പോൾ വീഴ്‌ചയെയും വേദനയെയും ഭയക്കുന്നുണ്ട്.
കുട്ടികളുടെ ആരോഗ്യ കാര്യത്തിലുള്ള ആശങ്ക മാറി ഏറെ പ്രതീക്ഷയോടെയാണ് ഈശ്വർ മാൽപെ കുട്ടികളുമായി ഇന്നലെ ആംബുലൻസിൽ നാട്ടിലേക്ക് മടങ്ങിയത്. ഒട്ടേറെ സ്ഥലങ്ങളിലെ ചികിത്സയ്‌ക്ക് ശേഷം പ്രതീക്ഷയറ്റ സമയത്താണ് പുലാമന്തോളിലെ അഷ്‌ടവൈദ്യ കുടുംബം സൗജന്യ ചികിത്സയുമായി ആശ്വാസ ഹസ്‌തം നീട്ടിയത്. 21 ദിവസം മുൻപാണ് പുലാമന്തോൾ അഷ്ടവൈദ്യ കുടുംബം മലയാളികൾക്കെല്ലാം വേണ്ടി ഈശ്വർ മാൽപെയുടെ കുടുംബത്തെ കരുതലും ആത്മ വിശ്വാസവുമേകി ചേർത്തു പിടിച്ചത്. ജനിതക രോഗം ബാധിച്ച 2 മക്കളുടെയും ചികിത്സ പുലാമന്തോൾ മൂസ്സ് ആയുർവേദാശുപത്രി പൂർണമായും സൗജന്യമായാണ് നിർവഹിക്കുന്നത്.
ചികിത്സയുടെ ആദ്യഘട്ടമാണ് ഇന്നലെ പൂർത്തിയായത്. മൂത്ത മകൻ ഇതേ അസുഖം ബാധിച്ച് 2 വർഷം മുൻപ് 23–ാം വയസ്സിൽ മരിച്ചിരുന്നു. ഡോ.ആര്യൻ മൂസിന്റെ നേതൃത്വത്തിൽ ഡോ.ശ്രീരാമൻ, ഡോ.രോഷ്‌നി, ഡോ.ജയശങ്കരൻ എന്നിവരടങ്ങിയ ഡോക്‌ടർമാരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. ആറു മാസത്തേക്കുള്ള മരുന്നുമായാണ് കുട്ടികൾ മടങ്ങുന്നത്. ഇനി ആഴ്‌ചയിൽ ഒരിക്കൽ ഓൺലൈൻ കൺസൽട്ടേഷൻ ഉണ്ടാകും. ആറു മാസത്തിന് ശേഷം വീണ്ടും രണ്ടാം ഘട്ട ചികിത്സയ്‌ക്കായി എത്തും.