പ്രചാരണവഴിയിൽ; റബർ കർഷകരെ കണ്ട് പ്രിയങ്ക ഗാന്ധി
Mail This Article
നിലമ്പൂർ∙ റബർ കൃഷി നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാൻ വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി കർഷകരുമായി കൂടിക്കാഴ്ച നടത്തി. വിലയിടിവുമൂലം പ്രതിസന്ധിയിലാണെന്ന് റബർ ഉൽപാദക സംഘങ്ങളുടെ കൂട്ടായ്മയുടെ (എൻസിആർപിഎസ്) ദേശീയ രക്ഷാധികാരി സുരേഷ് കോശി, പ്രസിഡന്റ് വി.വി.ആന്റണി, വൈസ് പ്രസിഡന്റ് ഏബ്രഹാം വർഗീസ് കാപ്പിൽ അപ്പുക്കുട്ടൻ പിള്ള, സുബൈർ തിരുവനന്തപുരം, പി.ജോഷി എന്നിവർ ധരിപ്പിച്ചു.
റബർ ഇറക്കുമതി ചെയ്യുന്നതിനാൽ ഉൽപാദന ചെലവ് പോലും കർഷകർക്കു ലഭിക്കുന്നില്ല. പലരും റബർ ഉപേക്ഷിച്ച് മറ്റു വിളകൾ കൃഷി ചെയ്യാൻ തുടങ്ങിയെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രശ്നപരിഹാരത്തിനു ശ്രമിക്കുമെന്ന് പ്രിയങ്ക ഉറപ്പുനൽകി. തിരഞ്ഞെടുക്കപ്പെട്ടാൽ പാർലമെന്റിൽ ഇക്കാര്യം ഉന്നയിക്കും. കർഷകർക്കുകൂടി ഗുണകരമാകുന്ന രീതിയിൽ ഇറക്കുമതി നയങ്ങളിൽ മാറ്റം വരുത്തണമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. തുടർ നടപടികൾക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ ചുമതലപ്പെടുത്തി. ആന്റോ ആന്റണി എംപി, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.