ഡോ. സി.വി.ജയദേവന് നാടിന്റെ യാത്രാമൊഴി
Mail This Article
കോട്ടയ്ക്കൽ∙ കോട്ടയ്ക്കൽ വിപിഎസ്‌വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സി.വി.ജയദേവന് ജന്മനാടിന്റെ യാത്രാമൊഴി. മൂന്നര പതിറ്റാണ്ടോളം അദ്ദേഹത്തിന്റെ കർമമണ്ഡലമായിരുന്ന ആയുർവേദ കോളജിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. കേന്ദ്ര ആയുഷ് സെക്രട്ടറി ഡോ.രാജേഷ് കൊട്ടേച്ച, ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി.എം.വാരിയർ, സിഇഒ കെ.ഹരികുമാർ, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് തുടങ്ങിയവർ ആദരമർപ്പിക്കാനെത്തി.
വെള്ളിയാഴ്ച വൈകിട്ട് ഹൃദയാഘാതത്തെ തുടർന്നാണ് ഡോ. സി.വി.ജയദേവൻ ബെംഗളൂരുവിൽ മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെ മൃതദേഹം ആയുർവേദ കോളജിലെത്തിച്ചു. പിന്നീട്, കൊളപ്പുറത്തെ വീട്ടിലേക്കു കൊണ്ടുപോയി. ഉച്ചകഴിഞ്ഞ് കോഴിക്കോട് പുതിയപാലം പൊതുശ്മശാനത്തിൽ സംസ്കാരം നടത്തി. കോളജ് ആശുപത്രി സൂപ്രണ്ട്, കായചികിത്സാ വിഭാഗം മേധാവി, വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചശേഷം കഴിഞ്ഞ ഏപ്രിലിൽ ആണ് അദ്ദേഹം വിരമിച്ചത്.