വാണിയമ്പുഴയിലും പുഞ്ചക്കൊല്ലിയിലും ട്രൈബൽ സ്പെഷൽ ബൂത്തുകൾ
Mail This Article
എടക്കര ∙ ആദിവാസി ഊരുകളിലെ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ കാടിറങ്ങേണ്ട. കാട്ടിനുള്ളിൽ ആദിവാസി ഊരിൽതന്നെ പോളിങ് ബൂത്തൊരുക്കുന്നു. മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഊരിലും വഴിക്കടവ് വനത്തിലെ പുഞ്ചക്കൊല്ലി ഊരിലുമാണ് പോളിങ് ബൂത്തുകൾ ക്രമീകരിക്കുന്നത്. പുഞ്ചക്കൊല്ലിയിലെ ബൂത്തിൽ പുഞ്ചക്കൊല്ലി, അളയ്ക്കൽ ഊരുകളിലെയും വാണിയമ്പുഴിലെ ബൂത്തിൽ വാണിയമ്പുഴ, ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി ഊരുകളിലെയും വോട്ടർമാർക്ക് വോട്ട് ചെയ്യാം.
നേരത്തേ കിലോമീറ്ററുകൾ കാട് താണ്ടിവന്ന് വേണമായിരുന്നു ഇവർക്ക് വോട്ട് ചെയ്യാൻ. ഇക്കാരണത്താൽ പലരും വോട്ട് ചെയ്തിരുന്നില്ല. വാണിയമ്പുഴ ബൂത്തിൽ 258 വോട്ടർമാരും പുഞ്ചക്കൊല്ലി ബൂത്തിൽ 231 വോട്ടർമാരുമാണുള്ളത്. എല്ലാവരെയും പോളിങ് ബൂത്തിലെത്തിക്കുന്നതിന് അധികൃതർ ഇടപെടൽ നടത്തുന്നുണ്ട്. കാട്ടിനുള്ളിലെ ആദിവാസി നഗറിലെ വോട്ടർമാർക്ക് വോട്ട് ചെയ്യാനെത്താനുള്ള സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ സീതാറാം മീണയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.
മുണ്ടേരി വനത്തിനുള്ളിലെ വാണിയമ്പുഴ ഉൾപ്പെടെയുള്ള വിവിധ ആദിവാസി ഊരുകളിലാണ് ഇദ്ദേഹം സന്ദർശിച്ചത്. വോട്ട് ചെയ്യാനുള്ള സ്ലിപ് ലഭിക്കാത്തവർക്ക് ഉടനെ എത്തിച്ചു നൽകാൻ നിർദേശം നൽകി. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ വനമേഖലയിലെ പോളിങ് ബൂത്തുകളിൽ കേന്ദ്ര സേനയുടെ സുരക്ഷയിലായിക്കും വോട്ടിങ് നടക്കുക.