പാണായിയിൽ ഹാർഡ്‌വെയർ സ്ഥാപനത്തിൽ തീപിടിത്തം; ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുള്ളതായി പ്രാഥമിക വിവരം
Mail This Article
മഞ്ചേരി ∙ ആനക്കയം പാണായിയിൽ ഹാർഡ്‌വെയർ സ്ഥാപനത്തിൽ തീപിടിത്തം. സികെ സ്റ്റീൽസ് എന്ന കടയിലാണ് തീപിടിത്തം. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുള്ളതായാണ് പ്രാഥമിക വിവരം. അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തീയണച്ചു. ഇന്നലെ വൈകിട്ട് 5ന് ആണു സംഭവം. പെയ്ന്റ്, ടിന്നർ എന്നിവ സൂക്ഷിച്ച കടയുടെ മുകളിലെ നിലയിലായിരുന്നു തീ പടർന്നത്. താഴത്തെ നിലയിൽ സിമന്റ്, കമ്പി എന്നിവയാണ് സൂക്ഷിച്ചിരുന്നത്.
ടിന്നറിന് തീ പിടിച്ചതോടെ ആളിപടർന്നെന്നാണ് കരുതുന്നത്. ലോറിയിൽ എത്തിയ സാധനങ്ങൾ കടയിലേക്ക് ഇറക്കുന്നതിനിടെയാണ് മുകൾഭാഗത്ത് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത്. നമിഷങ്ങൾക്കകം തീയും കറുത്ത പുകയും ഉയർന്നു. സമീപ സ്ഥാപനങ്ങളിലേക്ക് തീ പടരുന്നതിനു മുൻപ് നാട്ടുകാരുടെ നേതൃത്വത്തിൽ തീയണയ്ക്കാൻ ശ്രമം തുടങ്ങി. സമീപത്തെ പള്ളിയിലെ ശീതീകരണിയുടെ യന്ത്രഭാഗം കത്തിനശിച്ചു. പാണായി സ്വദേശി മുഹമ്മദ് കുട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിടത്തിന്റെ സമീപത്തും റോഡിലും ആളുകൾ കൂടിയതോടെ ഏതാനും നേരം വാഹനങ്ങൾ തിരിച്ചുവിട്ടു. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അഗ്നിരക്ഷാ സേന മഞ്ചേരി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സുനിൽ കുമാറിന്റെയും മലപ്പുറം സ്റ്റേഷൻ ഓഫിസർ അബ്ദുൽ സലീമിന്റെയും നേതൃത്വത്തിൽ 5 യൂണിറ്റിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ വിപിൻ, എം.വി.അനൂപ്, കെ.രമേശ്, കെ.അബ്ദുസലീം, കെ.കെ.പ്രജിത്, രഞ്ജിത്ത്, മിഥുൻ, സുബ്രഹ്മണ്യൻ, ബിനീഷ്, സിവിൽ ഡിഫൻസ് വൊളന്റിയർമാർ, നാട്ടുകാർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.