ദേശീയപാത വികസനം: 2 കിലോമീറ്ററിൽ ആറുവരിപ്പാത തുറന്നിട്ടും വാഹനങ്ങളുടെ നീണ്ട നിര
Mail This Article
തേഞ്ഞിപ്പലം ∙ ചേലേമ്പ്ര കാക്കഞ്ചേരി– ചെട്യാർമാട് 2 കിലോമീറ്ററിൽ എൻഎച്ച് ആറുവരിപ്പാത പൂർണമായും തുറന്നിട്ടും പലപ്പോഴും റോഡിൽ വാഹനങ്ങളുടെ നീണ്ട നിര. ഇന്നലെ യൂണിവേഴ്സിറ്റി, തൃശൂർ ദിശയിലേക്കുള്ള 3 ട്രാക്കുകളും വാഹനങ്ങളാൽ നിറഞ്ഞത് 2 മണിക്കൂറിലേറെ നേരം. ചെട്യാർമാട്ടിൽ നിന്ന് സർവീസ് റോഡിൽ പ്രവേശിച്ച വാഹനങ്ങൾ പലതും യൂണിവേഴ്സിറ്റി വരെ ഏറെ നേരം മുന്നാക്കം എടുക്കാനാകാതെ നിന്നു. ആയിരക്കണക്കിന് യാത്രക്കാരാണ് പെരുവഴിയിലായത്. എൻഎച്ച് സർവീസ് റോഡിൽ പണികൾ പുരോഗമിക്കുകയാണ്. ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശമുണ്ട്. തന്മൂലം ജോലികൾ പരമാവധി തടസമില്ലാതെ നടത്തുന്നതിനാൽ വാഹനങ്ങൾ പലപ്പോഴും റോഡിൽ അകപ്പെടുന്ന അവസ്ഥയാണ്.
ഓട നിർമിക്കാൻ കുഴിയെടുക്കുമ്പോഴും കുഴിയിൽ നിന്ന് മണ്ണെടുത്ത് ലോറിയിൽ കയറ്റുമ്പോഴും ഓടയ്ക്ക് കോൺക്രീറ്റിങ് തുടരുമ്പോഴും വാഹനങ്ങൾ റോഡിൽ അകപ്പെടുന്നു. ഒന്നിന് പിറകെ മറ്റൊന്നായി വാഹനങ്ങൾ തുടരെ നിറയുകയാണ്. തന്മൂലം ഓരോ ഘട്ടത്തിലും നൂറുക്കണക്കിന് വാഹനങ്ങളിലായി ആയിരക്കണക്കിന് ആളുകൾ നടു റോഡിൽ അകപ്പെടുന്ന അവസ്ഥ. കാൽ മണിക്കൂറിനകം വാഹനത്തിൽ എത്താവുന്ന സ്ഥലത്ത് പലപ്പോഴും പലരും എത്തുന്നത് 2 മണിക്കൂറിലേറെ കഴിഞ്ഞ്. എൻഎച്ച് നിർമാണം പൂർത്തിയാകും വരെ അതു വഴി പോയാൽ നടു റോഡിൽ അകപ്പെടാനുള്ള സാധ്യത ഏറെയെന്നത് ഇപ്പോൾ വാഹന യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നു.