മലപ്പുറത്തിന്റെ വിജയം കൂട്ടായ്മയുടെ കരുത്തിൽ
Mail This Article
∙ ചാംപ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിലേക്കു നോക്കിയാൽ കൗതുകം തോന്നുന്ന ഒരു കാര്യം കാണാം. മലപ്പുറം ജില്ലയുടെ വിജയത്തിലേക്കു 16 സ്കൂളുകളാണു പോയിന്റ് സംഭാവന ചെയ്തിരിക്കുന്നത്. 80 പോയിന്റ് നേടിയ സ്കൂൾ മുതൽ ഒരു പോയിന്റ് നേടിയ സ്കൂൾവരെ ഇക്കൂട്ടത്തിലുണ്ട്. ഈ കൂട്ടായ്മ തന്നെയാണു മലപ്പുറം ടീമിന്റെ വിജയരഹസ്യവും.
നേരത്തേ ഒന്നോ രണ്ടോ സ്കൂളുകൾ മാത്രം ജില്ലയ്ക്കായി ഓടിത്തളർന്നപ്പോൾ ഈ മീറ്റിൽ ഒപ്പത്തിനൊപ്പം ഓടി മലപ്പുറത്തിന്റെ വേഗം കൂട്ടാൻ ഒട്ടേറെ സ്കൂളുകളുണ്ടായി. പ്രാദേശികമായ, കായികപ്രേമികളുടെ കൂട്ടായ്മകളാണ് ഈ സ്കൂളുകളിൽ പലതിന്റെയും ഊർജവും ഉത്സാഹവുമെന്നതു മറ്റൊരുകാര്യം. മലപ്പുറത്തിന്റെ മണ്ണിൽ പ്രതിഭകൾക്കു പഞ്ഞമില്ലെന്നും വളർത്തിയെടുക്കാൻ ആളുണ്ടെങ്കിൽ അവർ വലിയ നേട്ടങ്ങൾ സ്വന്തമാക്കുമെന്നും ഈ ചാംപ്യൻഷിപ് കിരീടം കാണിച്ചുതരുന്നു.
കായിക കേരളത്തിന്റെ മലപ്പുറം ഹബ്
അത്‌ലറ്റിക്സ് ഉൾപ്പെടെയുള്ള കായികയിനങ്ങളിൽ കേരളത്തിന്റെ ഹബ് ആയി മാറിക്കൊണ്ടിരിക്കുകയാണു മലപ്പുറം. പല സംസ്ഥാന ചാംപ്യൻഷിപ്പുകളുടെയും സ്ഥിരം വേദിയായി കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയം മാറിക്കഴിഞ്ഞിട്ടു കാലമേറെയായി. ഇപ്പോൾ പരിശീലനത്തിനായി പല ജില്ലകളിലെ താരങ്ങളും മലപ്പുറത്തെ സ്കൂളുകളെയാണ് ആശ്രയിക്കുന്നത്. സംസ്ഥാന സ്കൂൾ മീറ്റിലെ ഈ മിന്നുംവിജയം കൂടിയാകുമ്പോൾ കായികതാരങ്ങളുടെ ഒഴുക്കുതന്നെ മലപ്പുറത്തേക്കു പ്രതീക്ഷിക്കാം.
പരിമിതികൾ മാറണം, വേണം വികസനം
സംസ്ഥാന മീറ്റിൽ മെഡൽ നേടിയ പല സ്കൂളുകൾക്കും 100 മീറ്റർ ട്രാക്കിനുള്ള മൈതാനം പോലും തികച്ചില്ല. റോഡിലൂടെയും, അസൗകര്യങ്ങളുള്ള മൈതാനത്തു കൂടിയും ഓടിയാണ് ഈ കുട്ടികൾ ജില്ലയ്ക്ക് ഈ സുവർണനേട്ടം സമ്മാനിച്ചത്. കായിക ഉപകരണങ്ങളുടെ കാര്യമെടുത്താൽ ഇതിലും കഷ്ടമാണു കാര്യം. ഇതിനു മാറ്റം വരുത്താനാണു ജനപ്രതിനിധികളും പ്രാദേശിക ഭരണകൂടങ്ങളും ശ്രമിക്കേണ്ടത്.
സ്കൂളുകളെക്കൊണ്ടോ വിദ്യാർഥികളെക്കൊണ്ടോ മാത്രം മാറ്റം കൊണ്ടുവരാൻ സാധിക്കണമെന്നില്ല. പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള പ്രാദേശികഭരണകൂടങ്ങളുടെ സാമ്പത്തിക സഹായം തീർച്ചയായും ഉണ്ടായേ പറ്റൂ. ജില്ലാ തലത്തിൽ സമഗ്ര കായിക പദ്ധതിയാവിഷ്കരിക്കാനും നടപ്പാക്കാനും ജില്ലാ പഞ്ചായത്തിനും ശ്രമിക്കാവുന്നതാണ്. ചരിത്രത്തിലാദ്യമായി ഇത്തവണ കിരീടം കിട്ടി. ഇനിയിതു കൈവിട്ടുപോകാതെ സൂക്ഷിക്കലാണു പ്രധാനം.