രാജകീയ വരവിന് രാജകീയ വരവേൽപ്; സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സ് കിരീടം നേടിയ മലപ്പുറം ടീമിന് സ്വീകരണം
Mail This Article
തിരൂർ∙ റെയിൽവേ സ്റ്റേഷനിൽ ചരിത്രം ട്രെയിനിറങ്ങുമ്പോൾ സമയം ഇന്നലെ രാവിലെ എട്ട്. സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സ് കിരീടവുമായി എറണാകുളം – പുണെ സൂപ്പർ ഫാസ്റ്റിൽനിന്നു വിദ്യാർഥികളുടെ ആദ്യ സംഘമിറങ്ങി. ചാംപ്യൻ സ്കൂൾ പട്ടത്തിൽ ഹാട്രിക്കടിച്ച കടകശ്ശേരി ഐഡിയൽ സ്കൂളിലെയും മൂന്നാം സ്ഥാനം നേടിയ തിരുനാവായ നവാമുകുന്ദ സ്കൂളിലെയും താരങ്ങളായിരുന്നു ഈ ആദ്യസംഘത്തിൽ ഉണ്ടായിരുന്നത്. പൂച്ചെണ്ടുകളും ഹാരാർപ്പണവുമായി അവരെ വരവേൽക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഒട്ടേറെപ്പേർ കാത്തുനിൽപുണ്ടായിരുന്നു.
രാജകീയമായ ആ വരവിന് രാജകീയമായ വരവേൽപ് തന്നെ വേണം. ആരവങ്ങളോടെ അവർ പുറത്തേക്ക്. റെയിൽവേ സ്റ്റേഷന്റെ മുറ്റത്തു ശിങ്കാരിമേളവും ബാൻഡ് മേളവും മുഴങ്ങി. ലഡു വിതരണമാരംഭിച്ചു. അറുപത്തഞ്ചു വർഷത്തിന്റെ കാത്തിരിപ്പിനു ശേഷം ലഭിച്ച മോഹ ലഡു. അതിന്റെ മധുരം ഒന്നു വേറെതന്നെ. ചരിത്രത്തിലാദ്യമായാണു മലപ്പുറം ജില്ല സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സ് ചാംപ്യൻമാരാകുന്നത്. ഐഡിയൽ കടകശ്ശേരിയും തിരുനാവായ നവാമുകുന്ദയും ആലത്തിയൂർ കെഎച്ച്എം ഹയർസെക്കൻഡറി സ്കൂളും അടക്കം ജില്ലയിലെ ഒട്ടേറെ വിദ്യാലയങ്ങൾ ഒത്തുപിടിച്ചു നേടിയ വിജയം.
വരവേൽപിന്റെ ആവേശം നിറഞ്ഞു നിൽക്കെ രാവിലെ ഒൻപതോടെ അടുത്ത കായികതാരങ്ങളുടെ സംഘം ട്രെയിനിറങ്ങി. മലപ്പുറത്തിന്റെ പോയിന്റ് പട്ടികയ്ക്കു വേഗവും കുതിപ്പും നൽകിയ ആലത്തിയൂർ കെഎച്ച്എം എച്ച്എസ്എസിലെ താരങ്ങളും പരിശീലകരുമായിരുന്നു ഈ ട്രെയിനിൽ. ഇവർ കൂടിയെത്തിയതോടെ ടീം സെറ്റ്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി മലപ്പുറത്തിന്റെ കായികസംഘം തിരൂർ വാഗൺ ട്രാജഡി ഹാളിലേക്ക് തിരിച്ചു.
കുറുക്കോളി മൊയ്തീൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളും അധ്യാപക, വിദ്യാർഥി സംഘടനാ പ്രതിനിധികളും കായികതാരങ്ങളെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. വാഗൺ ട്രാജഡി ഹാളിലെ ചടങ്ങ് ഉദ്ഘാടനം ചെയ്തതു തിരൂർ സബ് കലക്ടർ ദിലീപ് കെ.കൈനിക്കരയാണ്.
ഐഡിയൽ കടകശ്ശേരിയുടെ കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത്, ചീഫ് കോച്ച് നദീഷ് ചാക്കോ, സീനിയർ കോച്ച് ടോമി ചെറിയാൻ, അസിസ്റ്റന്റ് കോച്ച് സുജിത്ത്, പോൾവോൾട്ട് പരിശീലകൻ കെ.പി.അഖിൽ, തിരുനാവായ നവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിലെ കായികപരിശീലകരായ കെ.ഗിരീഷ്, വി.മുഹമ്മദ് ഹർഷാദ്, ആലത്തിയൂർ കെഎച്ച്എം എച്ച്എസ്എസിലെ പരിശീലകരായ റിയാസ് ആലത്തിയൂർ, ഷാജിർ ആലത്തിയൂർ എന്നിവരെയും ഐഡിയൽ സ്ഥാപനങ്ങളുടെ മാനേജർ മജീദ് ഐഡിയൽ, നവാമുകുന്ദ സ്കൂൾ മാനേജ്മെന്റ് പ്രതിനിധി പി.ജയറാം, ആലത്തിയൂർ കെഎച്ച്എം എച്ച്എസ്എസ് മാനേജർ ഡോ.ഇബ്രാഹിം എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ കെ.പി.രമേഷ്കുമാർ, സമഗ്ര ശിക്ഷാകേരള ജില്ലാ കോഓർഡിനേറ്റർ മനോജ്കുമാർ, കൈറ്റ് ജില്ലാ കോഓർഡിനേറ്റർ ടി.കെ.അബ്ദുൽ റഷീദ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ.ബാബു വർഗീസ്, വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.കുഞ്ഞാവുഹാജി, ഹയർസെക്കൻഡറി ജില്ലാ ജോയിന്റ് കോഓർഡിനേറ്റർ ഇസ്ഹാഖ് കാലടി, യൂസഫ് തൈക്കാടൻ, ജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.